വിരമിച്ച സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ നിയമനം; നടപടികൾക്കായി ‘ഇസ്തമർ’ പ്ലാറ്റ്ഫോമിന് തുടക്കം
text_fieldsദോഹ: ജോലിയിൽനിന്ന് വിരമിച്ചതിനുശേഷവും സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്ന സ്വദേശികളെ നിയമിക്കുന്നതിനായുള്ള പുതിയ പ്ലാറ്റ്ഫോമുമായി തൊഴിൽ മന്ത്രാലയം. സ്വകാര്യമേഖലയിൽ യോഗ്യരായ സ്വദേശികളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിനും അവരുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്നതിനുമുള്ള തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് പുതിയ പ്ലാറ്റ്ഫോമായ ‘ഇസ്തമർ’ ആരംഭിച്ചത്.
സ്വകാര്യമേഖലയിൽ തൊഴിൽ പ്രാദേശികവത്കരണത്തിനായുള്ള ദേശീയ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രധാന ഘടകമായാണ് ഇസ്തമർ ഡിജിറ്റൽ പ്ലാറ്റ്ഫോം ലോഞ്ച് ചെയ്തത്. വിരമിച്ചതിനുശേഷവും തൊഴിൽ രംഗത്ത് സജീവമാകാനും വീണ്ടും പ്രവേശിക്കാനും താൽപര്യമുള്ള വ്യക്തികളെ അവരുടെ യോഗ്യതക്കും വൈദഗ്ധ്യത്തിനും അനുസൃതമായി സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി കണ്ടെത്തുന്നതിന് സഹായിക്കുകയെന്നതാണ് ഇസ്തമറിന്റെ പ്രധാന ലക്ഷ്യം.
തൊഴിൽ മന്ത്രി ഡോ. അലി ബിൻ സിമൈഖ് അൽ മർറി, ഐ.ടി-വാർത്താ വിനിമയ മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നാഈ, സാമൂഹിക വികസന-കുടുംബ മന്ത്രി മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ്, പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പ്രസിഡന്റ് ഡോ. സാലിബ് ബിൻ മുഹമ്മദ് അൽ നാബിത്, സിവിൽ സർവിസസ് ആൻഡ് ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോ പ്രസിഡന്റ് അബ്ദുൽ അസീസ് ബിൻ നാസർ ബിൻ മുബാറക് അൽ ഖലീഫ, ദേശീയ മനുഷ്യാവകാശ സമിതി സെക്രട്ടറി ജനറൽ സുൽതാൻ ബിൻ ഹസൻ അൽ ജമാലി തുടങ്ങിയവർ ലോഞ്ചിങ് ചടങ്ങിൽ പങ്കെടുത്തു.
ഇസ്തമർ വഴി വിരമിച്ചവർക്ക് തങ്ങളുടെ പ്രൊഫൈലുകൾ തയാറാക്കാൻ സാധിക്കും. തൊഴിലിടങ്ങളിലെത്താൻ താൽപര്യമുള്ള വിരമിച്ചവരുടെ എണ്ണം കണക്കാക്കാനും അവരുടെ യോഗ്യതയും വൈദഗ്ധ്യവും വിലയിരുത്താനും ഇത് അധികൃതരെ പ്രാപ്തരാക്കുകയും തൊഴിൽ സാധ്യതയുള്ള സ്ഥാപനങ്ങളുമായും കമ്പനികളുമായും അവരെ ബന്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.
അപേക്ഷ സമർപ്പണം മുതൽ അഭിമുഖം, അവസാന ഘട്ട ജോലി വാഗ്ദാനം വരെയുള്ള മുഴുവൻ റിക്രൂട്ട്മെന്റ് നടപടികളും ഇസ്തമർ പ്ലാറ്റ്ഫോം വഴിയാണ് നടക്കുക. തൊഴിൽ അപേക്ഷകർക്ക് സ്വകാര്യമേഖലയിലെ ലഭ്യമായ ജോലികൾ സംബന്ധിച്ച് ഇത് സുതാര്യത ഉറപ്പുനൽകുകയും ചെയ്യും.
നിർമിതബുദ്ധിയുടെ പിന്തുണയോടെയുള്ള ഖത്തറിലെ ആദ്യ ഡിജിറ്റൽ പ്ലാറ്റ്ഫോം കൂടിയാണ് ഇസ്തമർ എന്ന് തൊഴിൽ മന്ത്രാലയത്തിലെ ക്വാളിഫൈയിങ്, സ്കിൽ ഡെവലപ്മെന്റ് മേധാവി അബ്ദുറഹ്മാൻ തെൽഫത് പരിപാടിയെ അഭിസംബോധന ചെയ്ത് പറഞ്ഞു.
സ്വകാര്യമേഖലയിലെ തൊഴിൽ പ്രാദേശികവത്കരണ പരിപാടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള മന്ത്രാലയത്തിന്റെ പദ്ധതിക്കനുസൃതമായാണ് പുതിയ പ്ലാറ്റ്ഫോം രൂപകൽപന ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 24 ഞായറാഴ്ച മുതൽ തൊഴിൽ രംഗത്തേക്ക് വീണ്ടും മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന, വിരമിച്ച വ്യക്തികളിൽനിന്ന് ഇസ്തമർ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയെന്നും തെൽഫത് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.