സ്വദേശിവത്കരണത്തിന് ഊന്നൽനൽകി തൊഴിൽനയം
text_fieldsദോഹ: സ്വകാര്യമേഖല ഉൾപ്പെടെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം ശക്തിപ്പെടുത്താനും, വിദഗ്ധ തൊഴിൽ മേഖലകളിലേക്ക് യോഗ്യരായവരെ ആകർഷിക്കാനും ലക്ഷ്യമിട്ട് ഖത്തറിന്റെ പുതിയ തൊഴിൽ നയം പ്രഖ്യാപിച്ചു. ഖത്തർ ദേശീയ വിഷൻ 2030, ഖത്തർ ദേശീയ വികസനപദ്ധതി എന്നിവയുടെ അനുബന്ധമായാണ് 2024-2030 ദേശീയ തൊഴിൽനയം മന്ത്രാലയം പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ തൊഴിൽ മന്ത്രി ഡോ. അലി ബിൻ സ്മൈക് അൽ മർറിയാണ് ഫലപ്രദവും ഉയർന്ന ഉൽപാദനക്ഷമതയുമുള്ള തൊഴിൽമേഖല സൃഷ്ടിച്ചെടുക്കുന്നതിനുള്ള ദേശീയനയം അവതരിപ്പിച്ചത്. വിവിധ മന്ത്രിമാർ, തൊഴിൽ മേഖലകളിലെ പ്രമുഖരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഉൽപാദന ക്ഷമത വർധിപ്പിക്കുകയും, വിവിധ മേഖലകളിലെ തൊഴിൽ സാധ്യത വിപുലീകരിക്കുകയാണ് ഇതുവഴി ലക്ഷ്യം കാണുന്നത്. തൊഴിൽ വിപണിയിൽ സ്വകാര്യമേഖലയുടെ സംഭാവന വർധിപ്പിക്കേണ്ടതിന്റെയും, എണ്ണയിതര മേഖലകളിലെ സാമ്പത്തിക വൈവിധ്യവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടിയാണ് മന്ത്രി പുതിയ നയം അവതരിപ്പിച്ചത്.
മൂന്നായി തരംതിരിച്ചുള്ള ഘട്ടങ്ങളിലൂടെയാണ് 2024-2030 തൊഴിൽ നയം നടപ്പാക്കുന്നത്. തൊഴിൽ മേഖലക്കാവശ്യമായ വിദ്യാഭ്യാസ, പരിശീലന പരിപാടികൾ മെച്ചപ്പെടുത്തുന്ന അടിത്തറ ശക്തിപ്പെടുത്തലാണ് 2024-2025ലെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുന്നത്. ശേഷി കെട്ടിപ്പടുക്കകയാണ് 2026-27ലെ രണ്ടാം ഘട്ടം. സർക്കാർ തൊഴിൽ നയങ്ങളുടെയും, സ്വകാര്യ തൊഴിൽ വളർച്ചയും സംബന്ധിച്ച അവലോകനമാണ് ഈ ഘട്ടത്തിൽ.
മാറ്റങ്ങൾ ലക്ഷ്യത്തിലെത്തുന്ന 2028-2030 മൂന്നാം ഘട്ടത്തിൽ സ്വകാര്യമേഖലയിൽ സ്വദേശി പൗരന്മാരുടെ നിയമനത്തിന് പ്രോത്സാഹനം നൽകുകയും നൈപുണ്യ വികസനങ്ങൾ ശക്തമാക്കുകയും ചെയ്യും.
പ്രതിവർഷ തൊഴിൽ ഉൽപാദന ക്ഷമത രണ്ടുവർഷമായി ഉയർത്തും, സ്വദേശികളുടെ തൊഴിൽ പങ്കാളിത്തം 54 ശതമാനത്തിൽനിന്നും 58ആയി ഉയർത്തും. സ്വകാര്യ, മിക്സഡ് മേഖലകളിലെ ഖത്തരി പൗരന്മാരുടെ തൊഴിൽ അനുപാതം 17 ശതമാനത്തിൽനിന്നും 20 ശതമാനമായി ഉയർത്തിക്കൊണ്ട് 16,000 പേർക്ക് തൊഴിലവസരം സൃഷ്ടിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 6000 സ്വദേശികളാണ് സ്വകാര്യമേഖലകളിൽ തൊഴിലെടുക്കുന്നത്.
വിദഗ്ധ തൊഴിലിൽ പ്രവാസി പങ്കാളിത്തം വർധിപ്പിക്കും
ദോഹ: ഉയർന്ന വൈദഗ്ധ്യം ആവശ്യമായ തൊഴിൽ മേഖലകളിലേക്ക് പ്രവാസികളെ ആകർഷിക്കാനായി പദ്ധതികൾ പ്രഖ്യാപിച്ച് ഖത്തറിന്റെ പുതിയ ദേശീയ തൊഴിൽ നയം.
ഈ മേഖലകളിലെ പ്രവാസികളുടെ തൊഴിൽ പങ്കാളിത്തം 20ൽ നിന്നും 24 ശതമാനമായി ഉയർത്തുമെന്ന് തൊഴിൽ മന്ത്രി ഡോ. അലി ബിൻ സ്മൈക് അൽ മർറി അറിയിച്ചു. തൊഴിലധിഷ്ഠിത വിസ സംവിധാനങ്ങളും റിക്രൂട്ട്മെന്റ് നയങ്ങൾ പരിഷ്കരിക്കാനും പുതിയനയം ആഹ്വാനം ചെയ്തു.
രാജ്യത്തെ സ്വകാര്യ തൊഴിൽ രംഗത്തേക്ക് ഉന്നത വൈദഗ്ധ്യമുള്ള പ്രഫഷനലുകളെയും സംരംഭകരെയും ആകർഷിക്കുന്നതിനായി ‘മുസ്തഖിൽ’ പ്രോജക്ട് വഴി പുതിയ വിസ കാറ്റഗറി അവതരിപ്പിക്കും. തൊഴിൽ കരാർ ലളിതമാക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.