ചെങ്കടൽ പ്രതിസന്ധി പരിഹരിക്കാൻ യുദ്ധം അവസാനിപ്പിക്കൽ അനിവാര്യം -പ്രധാനമന്ത്രി
text_fieldsദോഹ: ഗസ്സയിലെ യുദ്ധവ്യാപനത്തെക്കുറിച്ച് ദോഹ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ചെങ്കടൽ സംഘർഷം പരിഹരിക്കാൻ ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഖത്തർ പ്രധാനമന്ത്രി. മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ അടിസ്ഥാന കാരണമായ ഗസ്സ പ്രശ്നത്തെ അഭിമുഖീകരിക്കണമെന്ന് ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കവേ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ആവശ്യപ്പെട്ടു. രോഗലക്ഷണങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും യഥാർഥ രോഗത്തെ ചികിത്സിക്കാതിരിക്കുകയും ചെയ്താൽ ഫലം താൽക്കാലികം മാത്രമായിരിക്കും. ഗസ്സക്കെതിരായ ആക്രമണങ്ങൾക്ക് മറുപടിയായി ഇസ്രായേലി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള ഗാലക്സി കപ്പൽ നവംബർ 19ന് യമനിലെ ഹൂതി വിമതർ പിടിച്ചെടുത്തതോടെയാണ് ചെങ്കടലിലെ സംഘർഷത്തിന് തുടക്കം കുറിച്ചത്. ഇസ്രായേലിന്റെ ചെങ്കടൽ തീരത്തുള്ള തുറമുഖമായ എയ്ലാറ്റിൽനിന്ന് ചെങ്കടലിലൂടെയുള്ള എല്ലാ കപ്പലുകളും തടയുമെന്നും ഹൂതികൾ പ്രഖ്യാപിച്ചു.
‘സംഘർഷം കൂടുതൽ വ്യാപിക്കുകയാണ്. അപകടകരമാണ് ഈ നീക്കങ്ങൾ. ഇത് മേഖലയെ മാത്രമല്ല, ആഗോള വ്യാപാരത്തെയും ബാധിക്കും. അന്താരാഷ്ട്ര ഷിപ്പിങ് നീക്കത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്’ -ശൈഖ് മുഹമ്മദ് പറഞ്ഞു. എൽ.എൻ.ജി വാതക വാഹകരായ കപ്പലുകൾ ഗുഡ്ഹോപ് മുനമ്പിലൂടെ നീങ്ങുകയോ യാത്ര നിർത്തുകയോ ചെയ്യേണ്ടിവരുകയാണ്. ജനുവരി 12ന് അമേരിക്കയും ബ്രിട്ടനും യമനിൽ പ്രത്യാക്രമണം നടത്തിയ ദിവസം അഞ്ച് ഖത്തർ എൽ.എൻ.ജി കപ്പലുകൾ താൽക്കാലികമായി നിർത്തിവെച്ചെന്ന് ബ്ലൂംബെർഗ് പുറത്തുവിട്ടിരുന്നു.
ചെങ്കടലിലെ സൈനിക നടപടികൾ മേഖലയെ കൂടുതൽ അപകടത്തിലേക്ക് തള്ളിവിടുകയും പ്രതിസന്ധി വ്യാപിക്കാനും ഇടയാക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രശ്നപരിഹാരത്തിന് നയതന്ത്ര ചർച്ചകൾക്ക് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.