പരിസ്ഥിതി, ആരോഗ്യ പദ്ധതികൾക്ക് ആണവോർജ ഏജൻസി അംഗീകാരം
text_fieldsദോഹ: കുട്ടികളിലെ അർബുദ നിർണയത്തിനും മൃഗങ്ങൾക്കിടയിലെ രോഗപ്പകർച്ച തടയുന്നതിനും എണ്ണ, വാതകം വേർതിരിച്ചെടുക്കുന്നതിൽനിന്ന് പ്രകൃതിദത്തമായ റേഡിയോ ആക്ടിവ് വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനുമുള്ള മൂന്ന് ദേശീയ പദ്ധതികൾക്ക് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ (ഐ.എ.ഇ.എ) അംഗീകാരം.
ആണവോർജത്തിന്റെ സമാധാനപരമായ ഉപയോഗത്തിൽ ദേശീയ പരിപാടികളുടെ സ്വാശ്രയത്വവും സുസ്ഥിരതയും കൈവരിക്കുന്നതിന് അംഗരാജ്യങ്ങളെ പിന്തുണച്ച്, സാമൂഹിക സാമ്പത്തിക വികസനത്തിന് സംഭാവന നൽകുന്ന ഏജൻസിയുടെ സാങ്കേതിക സഹകരണ പരിപാടിക്ക് കീഴിലാണ് പുതിയ പദ്ധതികൾക്ക് അംഗീകാരം നൽകിയിരിക്കുന്നത്.
ജനുവരിയിൽ ആരംഭിച്ച് മൂന്നു വർഷക്കാലം നീളുന്ന പദ്ധതികൾ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. റേഡിയേഷൻ പ്രൊട്ടക്ഷൻ വിഭാഗം 2013ൽ പുറത്തിറക്കിയ എണ്ണ വ്യവസായത്തിന്റെ ഫലമായുണ്ടാകുന്ന റേഡിയോ ആക്ടിവ് വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള നിയമങ്ങൾ നിലവിൽ പുതുക്കിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയത്തിലെ പരിസ്ഥിതികാര്യ വിഭാഗം അസി. അണ്ടർ സെക്രട്ടറി അബ്ദുൽ ഹാദി നാസർ അൽ മർറി പറഞ്ഞു.
കമ്പനികളിൽ നിന്നുള്ള തൊഴിലാളികൾ വികിരണത്തിന് വിധേയരാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആണവോർജ ഏജൻസിയിലെ സാങ്കേതിക സഹകരണ പ്രോഗ്രാം നാഷനൽ ലെയ്സൺ ഓഫിസർ കൂടിയായ അൽ മർറി വ്യക്തമാക്കി. അന്താരാഷ്ട്ര സുരക്ഷ മാനദണ്ഡങ്ങൾക്ക് അനുസൃതമായി റേഡിയോ ആക്ടിവ് മാലിന്യങ്ങളാൽ പരിസ്ഥിതി മലിനമാകുന്നില്ലെന്ന് ഉറപ്പാക്കാനും ഇതിലൂടെ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.