ഖത്തർ എനർജിയുടെ രണ്ടാമത്തെ പങ്കാളിയായി 'എനി'
text_fieldsദോഹ: ഖത്തർ എനർജിയുടെ നോർത്ത് ഫീൽഡ് ഈസ്റ്റ് വിപുലീകരണ പദ്ധതിയിൽ രണ്ടാമത്തെ പങ്കാളിയായി ഇറ്റലി ആസ്ഥാനമായ എണ്ണ-വാതക കമ്പനിയായ എനി. എൻ.എഫ്.ഇയുടെ 3000 കോടി ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന വിപുലീകരണ പദ്ധതിയിൽ ടോട്ടൽ എനർജിക്കുശേഷം രണ്ടാമത്തെ പങ്കാളിയായാണ് എനിയുമായി കരാറിൽ ഒപ്പുവെച്ചത്.
ദ്രവീകൃത പ്രകൃതിവാതക ഉല്‍പാദന മേഖലയില്‍ ലോകത്തെ ഏറ്റവും വലിയ പദ്ധതിയായാണ് ഖത്തർ എനർജിക്കുകീഴിലെ നോർത്ത് ഫീൽഡ് ഈസ്റ്റ് പദ്ധതിയെ വിശേഷിപ്പിക്കുന്നത്. പദ്ധതിയുടെ ഏറ്റവും വിപുലമായ ആദ്യഘട്ടം രാജ്യാന്തര കമ്പനികളുടെകൂടി സഹകരണത്തോടെയാണ് ആരംഭിക്കുന്നത്. ഇതുവഴി ഖത്തറിന്‍റെ പ്രകൃതിവാതക ഉൽപാദനശേഷി പ്രതിവർഷം 7.7 കോടി ടണ്ണിൽനിന്ന് 11 കോടി ടണ്ണാക്കി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വിപുലീകരണ പദ്ധതി പൂർത്തിയാവുന്നതോടെ ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതി രാജ്യമായി ഖത്തർ മാറും.
ഖത്തർ എനർജി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഊർജമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സാദ് ഷെരിദ അൽകാബി എനിയുമായി പങ്കളിത്ത കരാറിൽ ഒപ്പുവെച്ചു. എനി സി.ഇ.ഒ ക്ലോഡിയോ ഡിസ്കലാസി പങ്കെടുത്തു. ഇരുകമ്പനികളും ചേർന്ന് രൂപവത്കരിക്കുന്ന സംയുക്ത സംരംഭം വഴിയാവും എനിയുടെ പങ്കാളിത്തം. ഈ കമ്പനിയിൽ ഖത്തർ എനർജിക്ക് 75 ശതമാനവും 'എനി'ക്ക് 25 ശതമാനവുമാവും നിക്ഷേപം.
ഖത്തർ എനർജി കുടുംബത്തിലേക്കുള്ള പുതിയ പങ്കാളിയായി എനിയെ ഊർജമന്ത്രി സ്വാഗതംചെയ്തു. കരാറിലൂടെ പതിറ്റാണ്ടുകളുടെ പരസ്പരപങ്കാളിത്തമാണ് രൂപവത്കരിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒമാൻ, മെക്സികോ, മൊറോക്കോ, മൊസാമ്പിക്, കെനിയ എന്നിവിടങ്ങളിലെ ഖത്തർ എനർജിയുടെ എണ്ണ-വാതക പദ്ധതികളിലും എനി പങ്കാളികളാണ്. എൻ.എഫ്.ഇ പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു പങ്കാളികളെ വൈകാതെ പ്രഖ്യാപിക്കും. ദ്രവീകൃത പ്രകൃതിവാതക വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നായ നോർത്ത് ഫീൽഡ് ഈസ്റ്റ് വിപുലീകരണത്തിൽ ഖത്തർ എനർജിക്കൊപ്പം പങ്കാളികളാവാൻ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വൻകിട ഇന്ധന കമ്പനികളാണ് താൽപര്യം പ്രകടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.