‘പുൽമേടുകൾ ആസ്വദിച്ചോളൂ; നശിപ്പിക്കരുത്’
text_fieldsദോഹ: മഴക്കാലമെത്തിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സജീവമാകുന്ന പുൽമേടുകൾ സംരക്ഷിക്കാൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം.
മരുഭൂമിയിലും തീരമേഖലകളിലുമായി പച്ചപ്പ് സജീവമാകുകയും, ഒപ്പം വിനോദ സഞ്ചാരികളുടെയും സന്ദർശകരുടെയും പങ്കാളിത്തം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുൽമേടുകളുടെയും പരിസ്ഥിതിയുടെയും സംരക്ഷണം പൊതുജനങ്ങളെ ഓർമപ്പെടുത്തുന്നത്.
പുൽമേടുകൾ ആസ്വദിക്കാനുള്ളതാണെന്നും അവയെ നശിപ്പിക്കരുതെന്നും, പുൽമേടുകളിലേക്ക് വാഹനങ്ങൾ പ്രവേശിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യം മഴക്കാലത്തിലേക്ക് പ്രവേശിക്കുമ്പോൾ പുൽമേടുകൾ വീണ്ടും രൂപപ്പെടുകയും ചെടികളുടെ വളർച്ച വേഗത്തിലാകുകയും ചെയ്യും.
ഇത്തരം പുൽമേടുകളിലേക്ക് വാഹനങ്ങളിൽ അതിക്രമിച്ച് കടക്കുകയും അതിന് നാശം വരുത്തുകയും ചെയ്യുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടതായി അറിയിച്ചു.
രാജ്യത്തിന്റെ അമൂല്യമായ പാരിസ്ഥിതിക സ്വത്തുക്കളായി കണക്കാക്കപ്പെടുന്ന പുൽമേടുകൾക്ക് ദോഷം വരുത്തുന്ന പെരുമാറ്റങ്ങളും നടപടികളും ഓഴിവാക്കാനും സ്ഥലങ്ങൾ ഉത്തരവാദിത്തത്തോടെ ആസ്വദിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വ്യക്തികളുടെ നിരുത്തരവാദപരമായ പ്രവർത്തനങ്ങൾ പ്രാദേശിക പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും വന്യജീവികൾക്കും പക്ഷികൾക്കും ദോഷം വരുത്തുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
പരിസ്ഥിതിക്ക് ദോഷകരമാകുന്ന പ്രവർത്തനങ്ങൾ തടയുന്നതിനുള്ള 1995ലെ 32ാം നിയമത്തിലെ ഒമ്പതാം വകുപ്പ് പ്രകാരം നിയമലംഘകർക്ക് പരമാവധി മൂന്ന് മാസം വരെ തടവും 20,000 റിയാൽ വരെ പിഴയും ചുമത്തപ്പെടും. ലംഘനം ആവർത്തിച്ചാൽ ശിക്ഷാവിധി ഇരട്ടിയാക്കാനും നിയമം അനുവദിക്കുന്നു. സംരക്ഷിത പുൽമേടുകളിലേക്ക് അതിക്രമിച്ച് കയറുന്ന വാഹനങ്ങൾ കണ്ടുകെട്ടാനും, പരിസ്ഥിതി നാശത്തിന് നഷ്ടപരിഹാരം വിധിക്കാനും കോടതിക്ക് അധികാരമുണ്ട്.
പുൽമേടുകളിലേക്കും സംരക്ഷിത പ്രദേശങ്ങളിലേക്കുമുള്ള വാഹനങ്ങളുടെ കടന്നുകയറ്റം മണ്ണിനെ വിഘടിപ്പിക്കുകയും ചെടികളുടെ പുനരുൽപാദനത്തിന് ആവശ്യമായ ഘടകങ്ങളെ നശിപ്പിക്കുകയും ചെയ്യുമെന്നും ദീർഘകാല പാരിസ്ഥിതിക പ്രത്യാഘാതത്തിന് ഇത് കാരണമാകുമെന്നും മന്ത്രാലയം വിശദീകരിച്ചു.
മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തുടനീളം 1273 കാട്ടു പുൽമേടുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നൂറ് പുൽമേടുകൾ പുനരുദ്ധരിക്കാനുള്ള പദ്ധതിക്ക് കീഴിൽ ഇതുവരെ വിവിധ ഭാഗങ്ങളിലായി 38 പുൽമേടുകളാണ് മന്ത്രാലയം പുനരുദ്ധരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.