ദോഹ എക്സ്പോയിലേക്ക് പ്രവേശനം സൗജന്യം
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിനു പിന്നാലെ ഖത്തർ ആതിഥ്യംവഹിക്കുന്ന ഏറ്റവും വലിയ മേളയായ ദോഹ എക്സ്പോ 2023ലേക്ക് പ്രവേശനം സൗജന്യം. ഖത്തർ ടൂറിസം (ക്യു.ടി) ആപ്ലിക്കേഷനായ വിസിറ്റ് ഖത്തറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒക്ടോബർ രണ്ടു മുതൽ 2024 മാർച്ച് 28 വരെ നടക്കുന്ന ദോഹ എക്സ്പോയുടെ സന്ദർശകർക്കായി ഹയാ കാർഡ് ഒാപ്ഷൻ നിലവിൽ വരുമെന്ന് കഴിഞ്ഞ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
എക്സ്പോയുമായി ബന്ധപ്പെട്ട ഹയാ കാർഡ് ഉപയോഗിച്ചുള്ള പ്രവേശന നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവിടുമെന്ന് എക്സ്പോ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഖൂരി വ്യക്തമാക്കിയിരുന്നു. ആറു മാസം നീണ്ടുനിൽക്കുന്ന എക്സ്പോയിൽ സന്ദർശകർക്കായി ഖത്തർ ടൂറിസവുമായി സഹകരിച്ചാണ് ഹയാ കാർഡ് എൻട്രി സംവിധാനം നടപ്പാക്കുന്നത്.
വിനോദസഞ്ചാരകേന്ദ്രങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, പൈതൃകസ്ഥലങ്ങൾ, മ്യൂസിയം, ഷോപ്പിങ് സ്പോട്ടുകൾ, ബീച്ചുകൾ, തെരുവുകലകൾ, ഭക്ഷണ കേന്ദ്രങ്ങൾ, പാചകവൈവിധ്യങ്ങൾ, സാഹസികത തേടുന്നവർക്കായുള്ള കേന്ദ്രങ്ങൾ, സാൻഡ് ഡ്യൂൺസ്, സഫാരി, വെൽനസ് കേന്ദ്രങ്ങൾ തുടങ്ങിയ ഉൾക്കൊള്ളുന്ന ഒരു ദിവസം മുതൽ ആറു ദിവസം വരെ നീണ്ടുനിൽക്കുന്ന യാത്രാപദ്ധതികളും വിസിറ്റ് ഖത്തർ പുറത്തുവിട്ടിട്ടുണ്ട്.
ആറു മാസം നീണ്ടുനിൽക്കുന്ന എക്സ്പോയിൽ 80 രാജ്യങ്ങളുടെ പങ്കാളിത്തത്തോടൊപ്പം, 30 ലക്ഷത്തോളം സന്ദർശകരെയും സംഘാടകർ പ്രതീക്ഷിക്കുന്നു. 2022 ഖത്തർ ലോകകപ്പിനാണ് ആദ്യമായി ഖത്തർ ഹയാ കാർഡ് പുറത്തിറക്കിയത്. അറബ് കപ്പിൽ പരീക്ഷണാർഥം നടപ്പാക്കിയെങ്കിലും ലോകകപ്പിനാണ് ഇത് ഔദ്യോഗികമായി അംഗീകരിച്ചത്.
ലോകകപ്പ് ടിക്കറ്റ് ഉടമകൾക്ക് ഖത്തറിലേക്കും സ്റ്റേഡിയങ്ങളിലേക്കും പ്രവേശനം അനുവദിക്കുന്നതോടൊപ്പം പൊതുഗതാഗതമാർഗങ്ങളായ ദോഹ മെട്രോ, ബസ് സേവനങ്ങളിലേക്ക് സൗജന്യ പ്രവേശനവും അനുവദിച്ചിരുന്നു. ലോകകപ്പ് അവസാനിച്ചെങ്കിലും രാജ്യത്തിന് പുറത്തുനിന്നുള്ള ഹയാ കാർഡ് ഉടമകൾക്ക് 2024 ജനുവരി 24 വരെ ഖത്തറിൽ പ്രവേശിക്കാൻ അനുവദിച്ചുകൊണ്ട് ഖത്തർ ആഭ്യന്തര മന്ത്രാലയം ഹയാ കാർഡിന്റെ വാലിഡിറ്റി ദീർഘിപ്പിച്ചിരുന്നു.
വിസിറ്റ് ഖത്തറിലെ മുൻകൂട്ടി തയാറാക്കിയ യാത്രകളിലൂടെ യുനെസ്കോ ലോക പൈതൃക പട്ടികയിലുൾപ്പെടുന്ന അൽ സുബാറ ആർക്കിയോളജിക്കൽ സൈറ്റ്, കതാറ കൾചറൽ വില്ലേജ്, പേൾ ഖത്തർ, അൽ ഷീഹാനിയ ഒട്ടകയോട്ട ട്രാക്ക്, ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനി മ്യൂസിയം എന്നിവ സന്ദർശിക്കാനുള്ള അവസരമൊരുക്കുന്നുണ്ട്.
സൂഖ് വാഖിഫ്, മുശൈരിബ് മ്യൂസിയം, ഇസ്ലാമിക് ആർട്ട് മ്യൂസിയം, ഖത്തർ നാഷനൽ മ്യൂസിയം, മ്യൂസിയം ഓഫ് ഇല്യൂഷൻസ്, കോർണിഷ്, ഖത്തറിലെ പ്രമുഖ മാളുകൾ എന്നിവയും യാത്രാ പാക്കേജുകളിലുൾപ്പെടും. താമസപാക്കേജുകളിൽ രാജ്യത്തുടനീളമുള്ള ഹോട്ടലുകളും റിസോർട്ടുകളും ഉണ്ട്.
ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി എന്ന പ്രമേയത്തിലാണ് ദോഹ എക്സ്പോ, ഖത്തർ, മിഡിലീസ്റ്റ്, ഉത്തരാഫ്രിക്ക എന്നിവിടങ്ങളിലെ പ്രഥമ എ-വൺ ഇന്റർനാഷനൽ ഹോർട്ടി കൾചറൽ എക്സിബിഷൻ എന്ന നിലയിൽ പുതിയ ചരിത്രം തീർക്കും. ഖത്തർ നാഷനൽ വിഷൻ 2030ന് അനുസൃതമായി വികസിപ്പിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.