പരിസ്ഥിതിദിനം: വനവത്കരണവുമായി ഖുർആനിക് ഗാർഡൻ
text_fieldsദോഹ: ഖത്തർ ദേശീയ പരിസ്ഥിതി ദിനത്തിൽ അൽ നസ്റാനിയയിലെ റൗദത് അൽ ഫറാസ് മേഖലയിൽ 300 മരം നട്ടുപിടിപ്പിക്കുമെന്ന് ഖത്തർ ഫൗണ്ടേഷന് കീഴിലുള്ള ഖുർആനിക് ബൊട്ടാണിക് ഗാർഡൻ (ക്യു.ബി.ജി). പുറന്തള്ളപ്പെടുന്ന കാർബണിന്റെ അളവ് കുറക്കുന്നതിനും മരുഭൂവത്കരണം പരിമിതപ്പെടുത്തുന്നതിനും പരിസ്ഥിതി സന്തുലനം പുനഃസൃഷ്ടിക്കുന്നതിനും ഇത് സഹായിക്കും. എല്ലാ വർഷവും ഫെബ്രുവരി 24നാണ് ദേശീയ പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.
ക്യു.ബി.ജിക്കും ഖത്തർ സമൂഹത്തിനും ഖത്തർ പരിസ്ഥിതി ദിനം പ്രധാനപ്പെട്ട ദിനമാണെന്നും തലമുറക്കായി പച്ചപ്പുള്ള നാളെയെ സൃഷ്ടിക്കുന്നതിനുള്ള ഓർമപ്പെടുത്തലാണ് ഈ ദിനമെന്നും ഖുർആനിക് ബൊട്ടാണിക് ഗാർഡൻ ഡയറക്ടർ ഫാത്തിമ അൽ ഖുലൈഫി പറഞ്ഞു. ക്യു.ബി.ജി പ്ലാൻറ് റിസോഴ്സ് കൺസർവേഷൻ സെൻററിൽ വളർത്തിയ 1000 വനവൃക്ഷ തൈകൾ ഈ വർഷം പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന് കൈമാറുമെന്നും ഖത്തറിലെ ജീവിവർഗങ്ങളുടെ പുനരധിവാസത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഖത്തറിന്റെ സുസ്ഥിര വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഖുർആനിക് ബൊട്ടാണിക് ഗാർഡന്റെ പിന്തുണ ഉണ്ടാകുമെന്നും ഖത്തർ റെഡ്ക്രസൻറുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയിലൂടെ 2.5 ദശലക്ഷം മരം നൽകുമെന്ന് പ്രതിജ്ഞയെടുത്തെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.