മലിനജലം പാഴല്ല; ഇനി സിമന്റായി മാറും
text_fieldsദോഹ: മലിനജലവും ചളിയുമെല്ലാം ഉപയോഗിച്ച് നിർമാണാവശ്യങ്ങൾക്കുള്ള സിമന്റ് നിർമിക്കാമോ...? നല്ല ഈടും ഉറപ്പും ഒപ്പം, പരിസ്ഥിതിക്ക് ഒട്ടും കോട്ടവുമില്ലാത്ത ‘ഗ്രീൻ സിമന്റ്’ നിർമിക്കാമെന്ന് പ്രഖ്യാപിക്കുകയാണ് ഖത്തർ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം. ഇതു സംബന്ധിച്ച ശാസ്ത്ര ഗവേഷണങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി മന്ത്രാലയം സംഘടിപ്പിച്ച സിമ്പോസിയം ശ്രദ്ധേയമായി.
പരിസ്ഥിതിയെയും ചുറ്റുപാടിനെയും സംരക്ഷിക്കുന്ന നൂതന വികസന മാതൃകകൾ തേടുകയെന്ന ഖത്തർ ദേശീയ വിഷൻ 2030ന്റെ പ്രഥമ ലക്ഷ്യത്തിന്റെ ഭാഗമാണ് മലിനജലത്തെ അസംസ്കൃത വസ്തുവാക്കി ഹരിത സിമന്റ് (ഗ്രീൻ സിമന്റ്) എന്ന ആശയം പിറക്കുന്നത്.
മന്ത്രാലയം സംഘടിപ്പിച്ച സിമ്പോസിയത്തിൽ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ അൽ സുബൈഈ, വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽ ജബർ അൽ നുഐമി, മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ തുടങ്ങിയവർ പങ്കെടുത്തു. മലിനജലം സംസ്കരിച്ച് പരിസ്ഥിതി സൗഹൃദ ഗ്രീൻ സിമന്റാക്കി മാറ്റുന്നതിൽ ശാസ്ത്ര ഗവേഷണ സംഘം നടത്തുന്ന ശ്രമങ്ങളെ സിമ്പോസിയത്തിൽ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രി അഭിനന്ദിച്ചു. മികച്ച നേതൃത്വത്തിന് കീഴിൽ ശാസ്ത്ര ഗവേഷണത്തിനും നൂതനാശയങ്ങൾക്കും പിന്തുണയും പ്രോത്സാഹനവും നൽകാൻ മന്ത്രാലയം തയാറാണെന്നും അബ്ദുല്ല അൽ സുബൈഈ കൂട്ടിച്ചേർത്തു.
പ്രായോഗിക ശാസ്ത്ര ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും പരിസ്ഥിതി മന്ത്രാലയം വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് മന്ത്രാലയത്തിലെ പരിസ്ഥിതി വിദഗ്ധനും എൻജിനീയറിങ് കൺസൽട്ടന്റുമായ ഡോ. എൻജി. മുഹമ്മദ് സൈഫ് അൽ കുവാരി പറഞ്ഞു. മലിനജലത്തിൽനിന്ന് ഗ്രീൻ സിമന്റ് നിർമിക്കുന്നതിൽ ശാസ്ത്രജ്ഞന്മാരുടെ ഗവേഷണം വിജയിച്ചതായും അൽ കുവാരി കൂട്ടിച്ചേർത്തു.
ഇതുവഴി പ്രകൃതിയിൽ മലിനജലം കുമിഞ്ഞുകൂടുമ്പോൾ പരിസ്ഥിതി നേരിടുന്ന പ്രധാന വെല്ലുവിളിയും ഒഴിവാക്കാം. നിർമാണ പദ്ധതികളിലും എൻജിനീയറിങ് മെറ്റീരിയൽസ് വ്യവസായത്തിലും സ്വകാര്യ, പൊതു മേഖലകളുടെ പങ്കാളിത്തത്തെയും ഗവേഷണം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മലിനജലത്തിൽനിന്നുള്ള ചളി സംസ്കരിച്ചാണ് ലോ കാർബൺ സിമന്റ് എന്ന പേരിലറിയപ്പെടുന്ന ഗ്രീൻ സിമന്റ് ഉൽപാദിപ്പിക്കുന്നത്.
ഇത് ബിൽഡിങ് ബ്ലോക്കുകളുടെയും ഫോം കോൺക്രീറ്റിന്റെയും നിർമാണത്തിൽ ഉപയോഗിക്കാം. അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് കുറക്കുന്നതിനും വായു, മണ്ണ്, ഭൂഗർഭജലം എന്നിവയുടെ ഗുണനിലവാരം ഉയർത്തുന്നതിലും ചളിയുടെ പാരിസ്ഥിതിക ആഘാതങ്ങൾ കുറക്കുന്നതിലും ഗ്രീൻ സിമന്റ് എന്ന നൂതനാശയം ഏറെ സഹായിക്കും. ഖത്തറിലെയും ക്വീൻസ് സർവകലാശാല ബെൽഫാസ്റ്റിലെയും ഗവേഷകരുമായി സഹകരിച്ച് മന്ത്രാലയത്തിന് കീഴിലെ ശാസ്ത്ര ഗവേഷക സംഘമാണ് പുതിയ ആശയം മുന്നോട്ടുവെച്ചത്.
ഓരോ വർഷവും ഖത്തറിൽ 40,000 ടൺ മലിനജലം മാലിന്യം സൃഷ്ടിക്കുന്നുവെന്നാണ് കണക്ക്. ഇതിൽനിന്ന് 40 ദശലക്ഷം ബിൽഡിങ് ബ്ലോക്കുകളോ 1,50,000 ഘന മീറ്റർ ഫോം കോൺക്രീറ്റോ ഉൽപാദിപ്പിക്കാൻ കഴിയും. അങ്ങനെ ഉൽപാദനച്ചെലവ് കുറക്കുന്നതിലും ഗ്രീൻ സിമന്റ് വലിയ കുതിച്ചുചാട്ടം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.