പവിഴപ്പുറ്റ് പരിശോധിക്കാൻ പരിസ്ഥിതി മന്ത്രി കടലിൽ മുങ്ങി
text_fieldsദോഹ: പവിഴപ്പുറ്റുകൾ പരിശോധിക്കാൻ ഖത്തർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഇ കടലിൽ മുങ്ങി. ഖത്തറിന്റെ സമുദ്ര പരിസ്ഥിതി സംരക്ഷിക്കാനും മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താനും ബോധവത്കരണത്തിനുമായാണ് മന്ത്രി ദൗത്യത്തിന്റെ ഭാഗമായത്. പ്രത്യേക സേനയുടെ കമാൻഡർ മേജർ ജനറൽ ജാസിം ബിൻ അലി അൽ അതിയ, പ്രതിരോധ മന്ത്രാലയത്തിലെ പരിസ്ഥിതി ഡയറക്ടറേറ്റ് മുഹമ്മദ് യൂസഫ് അൽ ജൈദ എന്നിവരും മന്ത്രിയോടൊപ്പം ചേർന്നു.
പരിസ്ഥിതി മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരും സമുദ്ര ഗവേഷകരും ആക്ടിവിസ്റ്റുകളും അന്തർജല ഗവേഷണത്തിൽ പങ്കെടുക്കുകയും പവിഴപ്പുറ്റുകളുടെ അവസ്ഥ കൂട്ടായി വിലയിരുത്തുകയും ചെയ്തു. സമുദ്ര സംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ വന്യജീവി വികസന വകുപ്പിലെ വിദഗ്ധ സംഘമാണ് പര്യവേക്ഷണം നടത്തിയത്. അറേബ്യൻ ഗൾഫിലെ പവിഴപ്പുറ്റുകളുടെ ഏകദേശം 48 ശതമാനവും ഖത്തറിലാണ്. പവിഴപ്പുറ്റുകൾ സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിലും ജൈവവൈവിധ്യം നിലനിർത്തുന്നതിലും പ്രധാന ഘടകമാണ്.
ഡ്രെഡ്ജിങ്, മലിനീകരണം, അമിത മത്സ്യബന്ധനം തുടങ്ങിയവ സമുദ്ര ആവാസ വ്യവസ്ഥക്ക് ഭീഷണിയാണ്. വരുംതലമുറക്കായി പരിസ്ഥിതിയും ആവാസ വ്യവസ്ഥയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ഡോ. അബ്ദുല്ല അൽ സുബൈഇ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.