എക്വസ്ട്രിയൻ ഷോ ജംപിങ്; സൗദി, യു.എ.ഇ ടീമുകൾക്ക് ഒളിമ്പിക് യോഗ്യത
text_fieldsദോഹ: ഖത്തർ വേദിയായ ദോഹ ഇൻറർനാഷനൽ ഷോ ജംപിൽ ചാമ്പ്യൻഷിപ്പിലൂടെ സൗദി അറേബ്യ, യു.എ.ഇ എക്വസ്ട്രിയൻ ടീമുകൾക്ക് ഒളിമ്പിക് യോഗ്യത. അൽ ഷഖാബ് ലോജിനസ് അറീന വേദിയായ നാഷൻസ് കപ്പ് ഒളിമ്പിക് യോഗ്യത ചാമ്പ്യൻഷിപ്പിൽ രണ്ട് ഒളിമ്പ് ടിക്കറ്റുകൾക്കായി ആതിഥേയരായ ഖത്തർ ഉൾപ്പെടെ 10 ടീമുകളാണ് മത്സര രംഗത്തുണ്ടായിരുന്നത്. എന്നാൽ, യൂറോപ്യൻ കരുത്തർ ഉൾപ്പെടെ എല്ലാവരെയും പിന്തള്ളി യു.എ.ഇ, സൗദി ടീമുകൾ 2024 പാരിസ് ഒളിമ്പിക്സിലെ എക്വസ്ട്രിയൻ ഷോ ജംപിങ് ഇനത്തിലേക്ക് യോഗ്യത നേടി. ഫ്രാൻസ്, സ്വീഡൻ, നെതർലൻഡ്സ്, ബ്രിട്ടൻ, അയർലൻഡ്, ജർമനി, ബെൽജിയം എന്നിവരായിരുന്നു മറ്റു ടീമുകൾ. സൗദി അറേബ്യ ആദ്യ റൗണ്ടിൽ 235.31ഉം രണ്ടാം റൗണ്ടിൽ 237ഉം പോയൻറുകൾ നേടി. 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡൽ ജേതാക്കളായിരുന്നു സൗദി. ഏഷ്യൻ ഗെയിംസ് ചാമ്പ്യൻ അബ്ദുല്ല അൽഷർബാത്ലി ഉൾപ്പെടുന്ന സംഘമായിരുന്നു സൗദിക്കായി കുതിരകളെ നയിച്ചത്.
ഒന്നാം റൗണ്ടിൽ 241ഉം രണ്ടാം റൗണ്ടിൽ 236ഉം പോയൻറ് നേടിയ യു.എ.ഇ റണ്ണേഴ്സ് അപ്പായി. ആതിഥേയ ആരാധകരുടെ പിന്തുണയിൽ മത്സരിച്ച ഖത്തറിന് ആദ്യറൗണ്ടിൽ 242 പോയൻറ് നേടാൻ കഴിഞ്ഞെങ്കിലും രണ്ടാം റൗണ്ടിൽ പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.