എച്ച്.എം.സിക്ക് യൂറോപ്യൻ ലബോറട്ടറി മെഡിസിൻ അംഗീകാരം
text_fieldsദോഹ: ഹമദ് മെഡിക്കൽ കോർപറേഷന്റെ ലബോറട്ടറി മെഡിസിൻ ആൻഡ് പാത്തോളജി വിഭാഗത്തിന് യൂറോപ്യൻ ഗ്രീൻഡ് ആൻഡ് സസ്റ്റൈനബിൾ മെഡിക്കൽ ലബോറട്ടറീസ് അംഗീകാരം.
മിഡിലീസ്റ്റിലും യൂറോപ്പിന് പുറത്തുമായി അഭിമാനകരമായ നേട്ടം കരസ്ഥമാക്കുന്ന ആദ്യ ലബോറട്ടറിയെന്ന ഖ്യാതിയും ഹമദ് മെഡിക്കൽ കോർപറേഷൻ കരസ്ഥമാക്കി. യൂറോപ്യൻ ഫെഡറേഷൻ ഓഫ് ക്ലിനിക്ക് കെമിസ്ട്രി ആൻഡ് ലബോറട്ടറി മെഡിസിനു കീഴിലാണ് പുരസ്കാരം സമ്മാനിച്ചത്.
കോളജ് ഓഫ് അമേരിക്കൻ പാത്തോളജിസ്റ്റ്സ്, അമേരിക്കൻ അസോസിയേഷൻ ഓഫ് ബ്ലഡ് ബാങ്ക്സ്, സൊസൈറ്റി ഫോർ ഹിസ് റ്റോകോംപാറ്റബിലിറ്റി ആൻഡ് ഇമ്യൂണോജെനെറ്റിക്സ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ എച്ച്.എം.സിയുടെ ലബോറട്ടറി മെഡിസിൻ ആൻഡ് പാത്തോളജി വിഭാഗം നേരത്തേ കരസ്ഥമാക്കിയിട്ടുണ്ട്.
ക്ലിനിക്കൽ കെമിസ്ട്രി ലബോറട്ടറി, മൈക്രോ ബയോളജി ലബോറട്ടറി, ഹെമറ്റോളജി ലബോറട്ടറി, അനാട്ടോമിക്സ് ലബോറട്ടറി, ഇമ്യൂണോളജി ലബോറട്ടറി, സെല്ലുലാർ തെറപ്പി ലബോറട്ടറി, ഡയഗ്നോസ്റ്റിക് ജീനോമിക്സ് ലബോറട്ടറി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ സേവനങ്ങൾ എന്നിവയുൾപ്പെടെ എച്ച്.എം.സിയുടെ എല്ലാ പ്രധാന സ്പെഷ്യാലിറ്റികൾക്കും ഗ്രീൻ ലാബ്സ് അംഗീകാരം ലഭിച്ചതായി എച്ച്.എം.സി ലബോറട്ടറി മെഡിസിൻ ആൻഡ് പാത്തോളജി വിഭാഗം അധ്യക്ഷ ഡോ. ഈനാസ് അൽ കുവാരി പറഞ്ഞു.
ആരോഗ്യകരവും സുസ്ഥിരവുമായ അന്തരീക്ഷം ലക്ഷ്യമിട്ട് സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ നയങ്ങൾ നടപ്പാക്കുന്നതിൽ ഖത്തർ നടത്തുന്ന ശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഗ്രീൻ ലാബ്സ് സർട്ടിഫിക്കേഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.