ഖത്തറിനും സൗദിക്കും യാത്ര ഇളവുമായി യൂറോപ്യൻ യൂനിയൻ
text_fieldsദോഹ: ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് യൂറോപ്പിലേക്കുള്ള യാത്ര നിയന്ത്രണങ്ങൾ ഒഴിവാകുന്നു. ഖത്തർ, സൗദി ഉൾപ്പെടെ 11 രാജ്യങ്ങളിലേക്കുള്ള വിമാന സർവിസ് പുനരാരംഭിക്കാൻ യൂറോപ്യൻ യൂനിയൻ നയതന്ത്രതല ചർച്ചയിൽ തീരുമാനമായി. 27 യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെ അംബാസഡർമാരുടെ യോഗത്തിലാണ് യാത്ര നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തത്ത്വത്തിൽ തീരുമാനമായത്. കോവിഡ് രണ്ടാം തരംഗത്തിൻെറ വ്യാപനത്തിനിടെയാണ് ഇ.യു രാജ്യങ്ങൾ വിവിധ വൻകരകളിലെ രാജ്യങ്ങൾക്ക് യാത്ര നിയന്ത്രണവും വിലക്കും ഏർപ്പെടുത്തിയത്.
കാനഡ, അർമീനിയ, അസർബീജാൻ, ബോസ്നിയ, ബ്രൂണെ, ജോർഡൻ, കൊസോവോ, മൊൾഡോവ, മോണ്ടിനെഗ്രോ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സാധാരണ സർവിസുകൾ ആരംഭിക്കാനാണ് അനുമതി. അതേസമയം, മുൻ യൂറോപ്യൻ യൂനിയൻ അംഗമായ ബ്രിട്ടനിലേക്കുള്ള നിയന്ത്രണം നീക്കാൻ തീരുമാനമായില്ല.
കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്ത ബ്രിട്ടനിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്ന് ഇ.യു അറിയിച്ചു.ആസ്ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ, അമേരിക്ക തുടങ്ങിയ 14 രാജ്യങ്ങളിലേക്കുള്ള യാത്രനിയന്ത്രണം ഭാഗികമായി ഒഴിവാക്കാനും തീരുമാനമുണ്ട്.
അതേസമയം, വിദേശ യാത്രക്കാർക്കുള്ള ക്വാറൻറീൻ, കോവിഡ് ടെസ്റ്റ് റിപ്പോർട്ട് തുടങ്ങിയവയിൽ അംഗരാജ്യങ്ങൾക്ക് സ്വന്തം നിലയിൽ തീരുമാനമെടുക്കാം.ഖത്തറിൽനിന്നുള്ളവർക്ക് കഴിഞ്ഞ ദിവസം ഓസ്ട്രിയ യാത്രാനുമതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.