ലോകകപ്പിന് ശേഷവുമെത്തും, വമ്പൻ മേളകൾ -ഹസൻ അൽ തവാദി
text_fieldsദോഹ: ലോകകപ്പിനുശേഷവും വലിയ കായിക ചാമ്പ്യൻഷിപ്പുകൾക്ക് ഖത്തർ വേദിയൊരുക്കുമെന്ന് ലോകകപ്പ് സംഘാടനത്തിന് ചുക്കാൻ പിടിക്കുന്ന സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി പറഞ്ഞു. ഏഷ്യൻ ഗെയിംസുൾപ്പെടെ വലിയ കായിക ചാമ്പ്യൻഷിപ്പുകൾക്ക് ആതിഥ്യം വഹിക്കുന്നത് ഖത്തർ തുടരും. ഒളിമ്പിക്സിനായി വീണ്ടും ബിഡ് സമർപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തർ ആതിഥ്യം വഹിക്കുന്ന ഏറ്റവും വലിയ ചാമ്പ്യൻഷിപ്പായിരിക്കും ലോകകപ്പ് ഫുട്ബാൾ. എന്നാൽ, ഇത് അവസാനത്തേതല്ല. 2022നുശേഷവും പ്രധാന കായിക ചാമ്പ്യൻഷിപ്പുകൾക്കും ടൂർണമെൻറുകൾക്കും ഖത്തർ ആതിഥ്യം വഹിക്കും. 2030ലെ ഏഷ്യൻ ഗെയിംസിന് ഖത്തർ ആതിഥ്യം വഹിക്കുന്നതോടൊപ്പം 2023ലെ ഏഷ്യൻ കപ്പ് ഫുട്ബാൾ സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
അതോടൊപ്പം ഒളിമ്പിക്സിനായി വീണ്ടും ഖത്തർ ബിഡ് സമർപ്പിക്കാൻ പദ്ധതിയിടുന്നുണ്ട് -ന്യൂയോർക്കിൽ സമാപിച്ച കോൺകോർഡിയ ഉച്ചകോടിയിൽ പങ്കെടുത്ത് ഹസൻ അൽ തവാദി പറഞ്ഞു. പുതിയ സംസ്കാരവും വൈവിധ്യങ്ങളും അടുത്തറിയുന്നതിനും അനുഭവിക്കുന്നതിനുമുള്ള സുവർണാവസരമാണ് ലോകകപ്പ് ഫുട്ബാളെന്നും എല്ലാവരെയും ഖത്തറിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറൽ വ്യക്തമാക്കി. പൊതു മാനവികതയെ ആഘോഷിക്കാനുള്ള അവസരം കൂടിയാണ് നമുക്ക് മുന്നിലെത്തിയിരിക്കുന്നതെന്നും അൽ തവാദി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.