എല്ലാവരും വാക്സിനെടുക്കുക: വകഭേദങ്ങൾ കൂടുതൽ അപകടകരം
text_fieldsവാക്സിനേഷൻ നിർണായകമെന്ന് ആരോഗ്യ വകുപ്പ്
ദോഹ: കോവിഡ് വാക്സിൻ എടുക്കാൻ ഇനിയും കാത്തിരിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഖത്തർ ആരോഗ്യ മന്ത്രാലയം. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ രോഗതീവ്രത കൂടിയ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യുേമ്പാൾ ഇനിയും വാക്സിൻ സ്വീകരിക്കാൻ കാത്തിരിക്കരുതെന്നാണ് മന്ത്രാലയത്തിെൻറ സന്ദേശം. മുഴുവൻ ആളുകളും ഉടൻ വാക്സിനെടുക്കാൻ ശ്രമിക്കണമെന്നും കൂടുതൽ പേർ വാക്സിനെടുക്കുന്നത് കോവിഡിനെതിരായ പോരാട്ടം വിജയത്തിലെത്തിക്കുന്നതിൽ നിർണായകമാകുമെന്നും ആരോഗ്യ വകുപ്പ്. കോവിഡിെൻറ പുതിയ വകഭേദങ്ങൾ കൂടുതൽ അപകടകാരികളും വേഗത്തിൽ പടരാൻ സാധ്യതയുള്ളതാണെന്നും മുന്നറിയിപ്പ് നൽകിയ അധികൃതർ, വാക്സിനെടുക്കാത്തവർ എത്രയും വേഗം വാക്സിൻ നടപടികൾ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു.
ഒന്നര വർഷത്തിലധികമായി കോവിഡ് നമ്മുടെയെല്ലാം ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന് ചിന്തിക്കണമെന്നും വാക്സിനെടുക്കുന്നതിലൂടെ കോവിഡിെൻറ വ്യാപനത്തെ തടയുന്നുവെന്ന് ഇവർ മനസ്സിലാക്കണമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ സാംക്രമികരോഗ വിഭാഗം മേധാവി ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ പറഞ്ഞു. ദേശീയ വാക്സിനേഷൻ പരിപാടിയോടുള്ള ജനങ്ങളുടെ പ്രതികരണത്തിൽ സംതൃപ്തിയുണ്ടെന്നും 17 വയസ്സിന് മുകളിലുള്ളവരിൽ 10ൽ ഏഴു പേരും പൂർണമായും വാക്സിൻ സ്വീകരിച്ചതായും 10ൽ എട്ടു പേർ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചതായും ഡോ. അൽ ഖാൽ വ്യക്തമാക്കി. വാക്സിനെടുക്കാൻ യോഗ്യതയുണ്ടായിട്ടും വാക്സിനെടുക്കാതെ മാറിനിൽക്കുന്നത് ദൗർഭാഗ്യകരമാണെന്നും കോവിഡ്-19 ദേശീയ ആരോഗ്യ തന്ത്രപ്രധാന ഗ്രൂപ് ചെയർമാൻ കൂടിയായ ഡോ. അൽഖാൽ പറഞ്ഞു.
അതേസമയം, കോവിഡിെൻറ പുതിയ വകഭേദങ്ങളിൽനിന്ന് ഖത്തർ ജനത സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിന് ഒരിക്കൽകൂടി നാം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. വാക്സിന് യോഗ്യരായ ഭൂരിഭാഗം ജനങ്ങളും വാക്സിൻ സ്വീകരിച്ചതായും എത്ര കൂടുതൽ പേർ വാക്സിനെടുക്കുന്നവോ അത്രയധികം വിജയസാധ്യതയാണ് കോവിഡിനെതിരായ പോരാട്ടത്തിനെന്നും വാക്സിനെടുക്കാത്തവർ തീർച്ചയായും അതിനായി മുന്നോട്ടുവരണമെന്നും ദേശീയ സാംക്രമികരോഗ മുന്നൊരുക്ക സമിതി സഹ അധ്യക്ഷൻ ഡോ. ഹമദ് അൽ റുമൈഹി പറഞ്ഞു.
ദേശീയ വാക്സിനേഷൻ പരിപാടി വളരെ വേഗത്തിൽ ലക്ഷ്യത്തിലേക്കടുക്കുകയാണെന്നും 12 വയസ്സിനു മുകളിലുള്ള 84 ശതമാനം ആളുകളും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചതായും പി.എച്ച്.സി.സി മാനേജിങ് ഡയറക്ടർ ഡോ. മറിയം അബ്ദുൽ മലിക് പറഞ്ഞു.
രണ്ടു ദശലക്ഷത്തിലധികം പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചതായും വ്യാപകമായ വാക്സിനേഷൻ പ്രവർത്തനങ്ങൾ രാജ്യത്തെ പുതിയ കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് വരുത്തുന്നതിന് സഹായിച്ചതായും ഖത്തറിൽ നൽകിവരുന്ന വാക്സിനുകൾ കോവിഡിനെതിരായി വളരെ ഫലപ്രദമാണെന്ന് ക്ലിനിക്കൽ പരിശോധനകൾ തെളിയിക്കുന്നതായും കമ്യൂണിക്കബിൾ ഡിസീസ് സെൻറർ മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്ലമാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.