കോവിഡ് കുത്തിവെപ്പ് രണ്ടാം ഡോസും എടുത്തവർക്ക് സാക്ഷ്യപത്രം നൽകും
text_fieldsഖത്തർ യൂനിവേഴ്സിറ്റി മുൻ പ്രസിഡൻറ് ഡോ. അബ്ദുല്ല അൽ കുബൈസി കോവിഡ് വാക്സിൻ സ്വീകരിക്കുന്നു. രാജ്യത്ത് ആദ്യമായി കുത്തിവെപ്പ് എടുത്തത് ഇദ്ദേഹമാണ് (ഫയൽ ചിത്രം)
ദോഹ: രാജ്യത്ത് കോവിഡ് വാക്സിെൻറ രണ്ടാം ഡോസും എടുത്തവർക്ക് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകും. രണ്ടാമത് ഡോസ് എടുത്ത് ഏഴു ദിവസങ്ങൾക്കുശേഷമായിരിക്കും ഇത്. ഈ ദിവസത്തിനുശേഷം 'മൈ ഹെൽത്ത് പേഷ്യൻറ് പോർട്ടൽ' വഴി സർട്ടിഫിക്കറ്റുകൾ കൈപ്പറ്റാം. രണ്ടാമത് ഡോസ് സ്വീകരിച്ച് ഏഴു ദിവസങ്ങൾക്കുശേഷം ഈ പോർട്ടലിൽ തനിയെ അവരവരുടെ സർട്ടിഫിക്കറ്റ് ലഭ്യമാകുമെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തവർ https://myhealth.hamad.qa/home.aspx എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്ത് കോവിഡ്-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈപ്പറ്റണം. രജിസ്ട്രേഷനും ആക്ടിവേഷനുമായി 24 മണിക്കൂർ സമയം ആവശ്യമാണ്. ഖത്തറിൽ ഡിസംബർ 23ന് തുടങ്ങിയ കോവിഡ് വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ പുരോഗമിക്കുകയാണ്.
നിലവിൽ 27 ഹെൽത്ത് സെൻററുകളിലും കുത്തിവെപ്പിന് സൗകര്യമുണ്ട്. പൗരന്മാർക്കും പ്രവാസികൾക്കുമടക്കം സൗജന്യമായാണിത്. സന്ദർശകവിസയിലുള്ളവർക്ക് നൽകുന്നില്ല. ആദ്യഘട്ടത്തിൽ ആർക്കും വാക്സിൻ നിർബന്ധമാക്കിയിട്ടില്ല. എന്നാൽ, അടുത്തുതന്നെ എല്ലാവരും കോവിഡ് വാക്സിൻ സ്വീകരിക്കേണ്ടിവരുമെന്നാണ് ആരോഗ്യമന്ത്രാലയം അധികൃതർ നൽകുന്ന സൂചനകൾ. കുത്തിവെപ്പിനായി ഇനി മുതൽ രാജ്യത്തെ എല്ലാവർക്കും ഓൺലൈനിൽ രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യം ഏർപ്പെടുത്തിയത് ഇതിെൻറ ഭാഗമാണ്. ഇതിലൂടെ പൗരന്മാർക്കും താമസക്കാർക്കും കോവിഡ് വാക്സിൻ സ്വീകരിക്കാനുള്ള ആഗ്രഹം അറിയിക്കാം. മന്ത്രാലയത്തിെൻറ വെബ് സൈറ്റിലെ https://appcovid19.moph.gov.qa/en/instructions.html എന്ന ലിങ്കിലൂടെ രജിസ്ട്രേഷൻ നടത്താനാകും. ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണമെങ്കിൽ അവരവരുടെ നാഷനൽ ഓതൻറിഫിക്കേഷൻ സിസ്റ്റം (എൻ.എ.എസ്) തൗതീഖ് യൂസർനെയിമും പാസ്വേഡും നിർബന്ധമാണ്. എൻ.എ.എസ് അക്കൗണ്ട് നിലവിൽ ഇല്ലാത്തവർ https://www.nas.gov.qa എന്ന ലിങ്ക് വഴി അക്കൗണ്ട് ഉണ്ടാക്കിയാലും മതിയാകും.
പാസ്വേഡോ യൂസർനെയിമോ മറന്നുപോയവർക്ക് https://www.nas.gov.qa/selfservice/reset/personal?lang=en എന്ന ലിങ്ക് വഴി റീസെറ്റ് ചെയ്യാനുമാകും. ജനുവരി 17 മുതൽ ഈ സംവിധാനം നിലവിൽ വന്നിട്ടുണ്ട്. നിലവിൽ 60 വയസ്സും അതിന് മുകളിലും പ്രായമായവർ, ദീർഘകാലരോഗമുള്ളവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ് രാജ്യത്ത് കുത്തിവെപ്പ് നൽകുന്നത്. ഇവർ ആശുപത്രികളിൽനിന്ന് അറിയിപ്പ് കിട്ടിയതിനുശേഷം നേരിട്ടെത്തി കുത്തിവെപ്പ് എടുക്കുകയാണ് വേണ്ടത്. എന്നാൽ, ഈ ഗണത്തിൽപെടാത്തവർക്കും ലിങ്ക് ഉപയോഗിച്ച് ഓൺലൈനിൽ കോവിഡ് കുത്തിവെപ്പെടുക്കാൻ തങ്ങളുെട പേര് ചേർക്കാനുള്ള സൗകര്യമാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്.
രജിസ്റ്റർ ചെയ്യുന്നവരുടെ പേരുവിവരം ആരോഗ്യമന്ത്രാലയം സൂക്ഷിക്കും. ഇവർ യോഗ്യരായവരുടെ കൂട്ടത്തിൽ ഉൾെപ്പടുന്ന മുറക്ക് കുത്തിവെപ്പ് എടുക്കാനുള്ള അറിയിപ്പ് ആശുപത്രിയിൽ നിന്ന് വരുകയും ചെയ്യും. കോവിഡ് വാക്സിൻ സ്വീകരിക്കാൻ യോഗ്യരായവരുടെ അടുത്ത ഗ്രൂപ്പിൽ അധ്യാപകരെയും 50 വയസ്സിന് മുകളിലുള്ളവരെയും മന്ത്രാലയം ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഏതായാലും രാജ്യത്തെ 16 വയസ്സ് മുതലുള്ള എല്ലാവരും കുത്തിവെപ്പിന് തയാറെടുക്കണമെന്നാണ് മന്ത്രാലയം പറയുന്നത്. നിലവിൽ ഫൈസർ ബയോൻടെക് വാക്സിനാണ് നൽകുന്നത്. മൊഡേണ കമ്പനിയുടെ വാക്സിൻകൂടി അടുത്ത ദിവസം രാജ്യത്തെത്തും. മതിയായ അളവിൽ വാക്സിൻ എത്തുന്നതോടെ രാജ്യത്തെ എല്ലാവർക്കുമായി കുത്തിവെപ്പ് കാമ്പയിൻ വികസിപ്പിക്കാനാണ് പദ്ധതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.