സ്പാനിഷ് താരം സാൻറി കസോർള ഇനി അൽ സദ്ദിനായി ബൂട്ടണിയും
text_fieldsദോഹ: സ്പെയിൻ ഫുട്ബോൾ താരമായ സാൻറി കസോർള ഇനി സാവിക്ക് കീഴിൽ അൽ സദ്ദിനായി ബൂട്ടണിയും. ഇന്നലെ അൽ സദ്ദ് ക്ലബ് തന്നെയാണ് വിയ്യാ റിയൽ താരമായിരുന്ന കസോർളയുമായുള്ള കരാർ വിവരങ്ങൾ പുറത്തുവിട്ടത്.
തെൻറ അടുത്ത തട്ടകം ഖത്തറിലെ അൽ സദ്ദ് ക്ലബ് ആയിരിക്കുമെന്നും സുഹൃത്ത് കൂടിയായ സാവിക്ക് കീഴിൽ മികച്ച പ്രകടനം നടത്തുകയാണ് ലക്ഷ്യമെന്നും കസോർളയും ട്വീറ്റ് ചെയ്തു. ലാലിഗയിൽ ഐബറിനെതിരായിരുന്നു വിയ്യാ റിയൽ ജഴ്സിയിൽ കസോർളയുടെ അവസാന മത്സരം. മത്സരശേഷം ടീം മികച്ച യാത്രയയപ്പാണ് താരത്തിന് നൽകിയത്.
35കാരനായ കസോർള നീണ്ട കാലത്തെ പരിക്കിൽ നിന്നും മുക്തനായി കഴിഞ്ഞ സീസണിലാണ് വിയ്യാ റിയലിനൊപ്പം ഫുട്ബോൾ ലോകത്തേക്ക് തിരികെയെത്തിയത്. ടീമിനായി മൂന്ന് കാലയളവുകളിലായി ഒമ്പത് സീസണുകളിൽ 333 മൽസരങ്ങളിൽ അദ്ദേഹം കളത്തിലിറങ്ങി. 2003–2006, 2007–2011, 2018–2020 കാലയളവുകളിലാണ് കസോർള വിയ്യാ റിയലിന് കളിച്ചത്. ലാ ലിഗയിൽ വിയ്യാ റിയലിനായി 11 ഗോളുകളും 10 അസിസ്റ്റുകളുമായി കളം നിറഞ്ഞ് കളിച്ച കസോർള, ടീമിന് യൂറോപ്പ ലീഗിലേക്ക് യോഗ്യത നേടിക്കൊടുക്കുകയും ചെയ്തു.
നേരത്തെ 2012 മുതൽ 2018 വരെ ആഴ്സൽ താരമായിരുന്നു. 129 മത്സരങ്ങളിൽ നിന്നായി 25 തവണ ലക്ഷ്യം കണ്ടിരുന്നു. മലാഗ, റിക്രിയേറ്റിവോ ഹ്യുൽവേ ക്ലബുകൾക്ക് വേണ്ടിയും അദ്ദേഹം കളിച്ചിരുന്നു. സാവിക്കൊപ്പം സ്പെയിൻ ദേശീയ ടീമിൽ കളിച്ച കസോർള അർമാഡകൾക്ക് വേണ്ടി 81 തവണ കളത്തിലിറങ്ങിയിട്ടുണ്ട്. നിലവിൽ ദേശീയ ടീം അംഗമാണ് കസോർള. ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കി കസോർള ഉടൻ ക്ലബിനൊപ്പം ചേരുമെന്ന് അൽ സദ്ദ് ക്ലബ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.