നാട്ടുകാർക്ക് മുന്നിൽ മികച്ച പ്രകടനം പുറത്തെടുക്കും -ഖത്തർ കോച്ച് സാഞ്ചസ്
text_fieldsദോഹ: സ്വന്തംമണ്ണിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ആരാധകർക്ക് ഖത്തർ പരിശീലകൻ ഫെലിക്സ് സാഞ്ചസിന്റെ ഉറപ്പ്. പൂർണ തയാറെടുപ്പോടെയായിരിക്കും ടീം പ്രഥമ ലോകകപ്പിന് പന്തു തട്ടാനിറങ്ങുക. നാട്ടുകാർക്ക് മുന്നിൽ മികച്ച പ്രകടനം തന്നെ പുറത്തെടുക്കും. ഏത് ഗ്രൂപ്പിൽ ഉൾപ്പെട്ടാലും എല്ലാടീമും ഏറ്റവും കടുപ്പമേറിയതാണ് -ലോകകപ്പ് ഗ്രൂപ് റൗണ്ട് മത്സരങ്ങളുടെ നറുക്കെടുപ്പിന് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി സാഞ്ചസ് പറഞ്ഞു. ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗാൾ, യൂറോപ്പിലെ വമ്പന്മാരായ നെതർലാൻഡ്സ്, ലാറ്റിനമേരിക്കയിൽ നിന്നുള്ള എക്വഡോർ എന്നിവർക്കൊപ്പം ഗ്രൂപ് എ യിലാണ് ഖത്തറിന്റെ സ്ഥാനം. ലോകകപ്പിന് കിക്കോഫ് കുറിക്കുന്ന നവംബർ 21ന് അൽഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിൽ എക്വഡോറുമായാണ് ഖത്തറിന്റെ ആദ്യമത്സരം.
'ലോകകപ്പിന് യോഗ്യത നേടിയ ടീമുകളുടെ റാങ്കിങ്ങുകളും അവരുടെ ചരിത്രവും നിങ്ങൾക്ക് നന്നായറിയാം. ഓരോ ടീമും എതിരാളികൾക്ക് കനത്ത വെല്ലുവിളിയാണുയർത്തുക. ഈ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചത് ഏറെ അഭിമാനകരമാണ്. ഖത്തറുൾപ്പെടുന്ന ഗ്രൂപ് ചിത്രം വ്യക്തമായി. ഇപ്പോൾ മുതൽ ഞങ്ങൾ തയാറെടുപ്പിലാണ്. ഗ്രൂപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാനായി കഠിനപ്രയത്നം നടത്തും' -സാഞ്ചസ് വിശദീകരിച്ചു.
എക്വഡോറുമായുള്ള മത്സരം ഖത്തറിനെ സംബന്ധിച്ച് ഏറെ പ്രാധാന്യം നിറഞ്ഞതാണ്. ലോകകപ്പിന്റെ ആദ്യ മത്സരങ്ങളെല്ലാം ഏറ്റവും പ്രധാനപ്പെട്ടതാണ്. എക്വഡോറിനെ നേരിടുക പ്രയാസകരമാണ്. ഏറ്റവും മികച്ച പ്രകടനം തന്നെ ഖത്തർ ടീം പുറത്തെടുക്കും.
അതേസമയം, ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിലെ ടീമെന്ന നിലയിൽ ഏറെ സന്തോഷമുണ്ടെന്നും ഖത്തർ കടുത്ത എതിരാളികളാണെന്നും എല്ലാം കൊണ്ടും അവർക്കനുകൂലമാണ് കാര്യങ്ങളെന്നും എക്വഡോർ പരിശീലകൻ ഗുസ്താവോ അൽഫാരോ പറഞ്ഞു. ബ്രസീൽ, ബെൽജിയം, നെതർലാൻഡ്സ്, ഫ്രാൻസ് എന്നിവരാണ് കിരീട സാധ്യതയിൽ മുന്നിലെന്നും അൽഫാരോ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.