വ്യായാമം കൂടുതൽ നല്ലത്, ഗര്‍ഭിണികൾക്കും പുതിയ മാതാക്കൾക്കും
text_fieldsദോഹ: ഗര്‍ഭിണികളും അടുത്തിടെ പ്രസവിച്ചവരും പതിവായി വ്യായാമം ചെയ്യണമെന്ന് അധികൃതർ. വിമന്‍സ് വെല്‍നെസ് ആൻഡ് റിസര്‍ച് സെൻററിലെ പേഷ്യൻറ് ഫാമിലി എജുക്കേഷന്‍ യൂനിറ്റാണ് നിർദേശം നൽകിയത്. ഗര്ഭധാരണത്തിനുമുമ്പും ശേഷവും പതിവായി വ്യായാമം ചെയ്യുന്ന സ്ത്രീകള്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും ആരോഗ്യം നിലനിര്‍ത്താനുള്ള വഴിയാണത്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ വ്യായാമത്തിെൻറ ലക്ഷ്യം കുഞ്ഞിന് ഏറ്റവും നല്ല ആരോഗ്യം നിലനിര്‍ത്തുകയെന്നതാണ്. അമ്മയുടെ ശരീരത്തിലെ മാറ്റങ്ങളുമായി പൊരുത്തപ്പെടാനും ഇത് സഹായിക്കുമെന്ന് സെൻററിലെ നഴ്സിങ് കമ്യൂണിറ്റി മിഡ്വൈഫറി ആൻഡ് പേഷ്യൻറ് ഫാമിലി എജുക്കേഷന്‍ ആക്ടിങ് അസിസ്റ്റൻറ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാഹിമ യൂസുഫ് പറയുന്നു.
ഗര്‍ഭിണികളും പ്രസവാനന്തര സ്ത്രീകളും പതിവായി വ്യായാമം ചെയ്യുമ്പോള്‍ അവരുടെ മാനസികാവസ്ഥ മെച്ചപ്പെടും. ഗര്‍ഭവും അമ്മയായതുമൂലവുമുണ്ടാകുന്ന മാനസിക സമ്മര്‍ദത്തെ നേരിടാൻ അത് സഹായിക്കും.വിട്ടുമാറാത്ത രോഗങ്ങള്‍ വരാനുള്ള സാധ്യത കുറക്കും. പൊതുവായ ശാരീരികക്ഷമത മെച്ചപ്പെടുത്താനും ഹൃദയത്തെയും രക്തക്കുഴലുകളെയും ശക്തിപ്പെടുത്താനും പതിവായുള്ള വ്യായാമം സഹായിക്കുമെന്ന് അവര്‍ പറഞ്ഞു.
ഗര്‍ഭിണികള്‍ക്ക് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് മിതമായ വ്യായാമം നിര്‍വഹിക്കാനാകും. ഗര്‍ഭിണികള്‍ ദിവസം അരമണിക്കൂറോളം വ്യായാമം ചെയ്യുകയാണെങ്കില്‍ കൂടുതല്‍ ഗുണകരമാകും. സൈക്ലിങ്, യോഗ, നടത്തം, നീന്തല്‍, കുറഞ്ഞ രീതിയിലുള്ള എയറോബിക്സ് തുടങ്ങിയവ ചെയ്യാം.ലളിതവും ഫലപ്രദവുമായ വ്യായാമം നടത്തമാണ്. എവിടെയും ചെയ്യാനാവുന്ന വ്യായാമമാണത്. ഗര്‍ഭിണിയായ സ്ത്രീയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും കുഞ്ഞിെൻറ ആരോഗ്യത്തിനും ഗര്‍ഭാവസ്ഥയില്‍ നടത്തം പ്രധാനമാണ്.
ഗര്‍ഭാവസ്ഥയില്‍ നടക്കുന്നത് സുരക്ഷിതവുമാണ്. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ മുപ്പത് മിനിറ്റെങ്കിലും നടക്കുമ്പോള്‍ അവര്‍ക്ക് പിന്നിലെ പേശികളെ ശക്തിപ്പെടുത്താനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും തളര്‍ച്ച നേരിടാനും സാധിക്കും.ഓരോ ഗര്‍ഭിണിയും വ്യത്യസ്തരാണെന്നും അതുകൊണ്ടുതന്നെ ഏതുതരം വ്യായാമമാണ് അവരുടെ ശരീരത്തിന് ഏറ്റവും മികച്ചതെന്ന് അറിഞ്ഞിരിക്കണമെന്നും ഡോ. അല്‍ ഖെന്യാബ് ചൂണ്ടിക്കാട്ടി. ഗര്‍ഭിണിയാകുന്നതിനുമുമ്പ് അവര്‍ എത്രത്തോളം ശാരീരികക്ഷമതയില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഗര്‍ഭകാലത്തെ വ്യായാമവുമെന്നും അവർ പറഞ്ഞു.
വ്യായാമം ചെയ്യുന്നത് ശരീരത്തിന് നല്ലതാണ്. എന്നാൽ, ഗര്‍ഭിണികള്‍ സാവധാനം വ്യായാമം ആരംഭിക്കുകയും പ്രവര്‍ത്തനങ്ങള്‍ ക്രമേണ വര്‍ധിപ്പിക്കുകയുമാണ് ചെയ്യേണ്ടത്. ചൂടോ ഈര്‍പ്പമോ ഉള്ള കാലാവസ്ഥയില്‍ പുറത്ത് വ്യായാമം ചെയ്യുന്നത് ഒഴിവാക്കുകയും വ്യായാമ വേളയിലും ശേഷവും ധാരണം വെള്ളവും മറ്റു ദ്രാവകങ്ങളും കുടിക്കുകയും വേണം. ശ്വാസോച്ഛാസത്തിനിടയില് എളുപ്പത്തില്‍ സംസാരിക്കാന്‍ സാധിക്കുന്നില്ലെങ്കിലോ മറ്റു ബുദ്ധിമുട്ടുകൾ തോന്നുന്നുണ്ടെങ്കിലോ വ്യായാമം നിര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.