വിട പറഞ്ഞത് പ്രവാസികളുടെ തണൽ
text_fieldsദോഹ: തൊഴിൽപ്രശ്നങ്ങൾ, ശമ്പളം മുടങ്ങുമ്പോൾ, നാട്ടിലെ നിയമക്കുരുക്കിൽപെടുമ്പോൾ, തൊഴിൽ തട്ടിപ്പിനിരയാവുമ്പോൾ, ചികിത്സാപ്രശ്നങ്ങൾ, നാട്ടിൽ ബന്ധുക്കൾക്ക് വിഷമങ്ങൾ നേരിടുമ്പോൾ... അങ്ങനെ എന്തിനും ഏതിനും പ്രവാസികൾക്ക് ധൈര്യസമേതം വിളിക്കാനും കയറിച്ചെല്ലാനുമുള്ള ഇടമായിരുന്നു ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും എം.എൽ.എയും ആയിരിക്കുമ്പോഴെല്ലാം കുഞ്ഞൂഞ്ഞിനടുത്ത് പ്രവാസികളുടെ എന്ത് ആവലാതിക്കും ഇടപെടലുണ്ടാവും. വിളിക്കാവുന്നിടത്ത് വിളിച്ചും പാർട്ടി പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് ഇടപെടൽ നടത്തിയും അദ്ദേഹം പരിഹാരം കാണും.
മുഖ്യമന്ത്രിയായിരിക്കുമ്പോഴും പ്രതിപക്ഷനേതൃത്വത്തിലിരിക്കുമ്പോഴും ഖത്തറിലെ പ്രവാസികൾ ഉൾപ്പെടെ എല്ലാവരുമായും ഹൃദയബന്ധം സൂക്ഷിച്ച നേതാവിനെ നഷ്ടമായതിന്റെ വേദനയിലാണ് മലയാളിസമൂഹം.
ചൊവ്വാഴ്ച ഖത്തറിലെ പ്രഭാതം പുലർന്നത് ‘ഉമ്മൻ ചാണ്ടി അന്തരിച്ചു’ എന്ന വാർത്ത കേട്ടായിരുന്നു. പിന്നാലെ, സമൂഹമാധ്യമ അക്കൗണ്ടുകളിലും വാട്സ്ആപ്പിലുമായി അനുശോചനപ്രവാഹമായി. മുഖ്യമന്ത്രിയായിരിക്കുമ്പോഴും അല്ലാതെയും ഖത്തർ സന്ദർശിച്ച ഉമ്മൻ ചാണ്ടിയുടെ ഓർമകളാണ് പ്രവാസി മലയാളികൾക്ക് ഏറെയും പങ്കുവെക്കാനുണ്ടായിരുന്നത്.
ആദ്യമായി മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിനു പിന്നാലെ 2005ൽ അദ്ദേഹം ന്യൂഡൽഹിയിൽവെച്ച് ഖത്തർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നു ദിവസത്തെ സന്ദർശനത്തിനായി അമീർ ഇന്ത്യയിലെത്തിയപ്പോൾ വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ. അഹമ്മദിന്റെ സാന്നിധ്യത്തിലായിരുന്നു കേരള മുഖ്യമന്ത്രിയുടെ ആ കൂടിക്കാഴ്ച.
പിന്നീട് അദ്ദേഹം വിവിധ പ്രവാസി സംഘടനകളുടെ അതിഥികളായും അല്ലാതെയും പലതവണ ഖത്തർ സന്ദർശിച്ചു. 2002ലായിരുന്നു ആദ്യ സന്ദർശനം. മുഖ്യമന്ത്രിയായപ്പോൾ രണ്ടുവട്ടം എത്തി. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻറർ 2005ൽ സംഘടിപ്പിച്ച നാലാമത് ഖത്തർ മലയാളി സമ്മേളനത്തിൽ മുഖ്യാതിഥിയായി ഉമ്മൻ ചാണ്ടി പങ്കെടുത്തിരുന്നു. ഏറ്റവും ഒടുവിൽ 2017 മേയിലായിരുന്നു ഖത്തറിലെത്തിയത്. ഒ.ഐ.സി.സി ഇൻകാസ് േഗ്ലാബൽ സമ്മേളനത്തിൽ പങ്കെടുക്കാനും എത്തി. ഒരു സന്ദർശനത്തിനിടെ ഹമദ് മെഡിക്കൽ കോർപറേഷൻ ഡയാലിസിസ് സെൻററും കാൻസർ സെൻററും സന്ദർശിക്കാൻ താൽപര്യം പ്രകടിപ്പിക്കുകയും ഇൻകാസ് നേതാക്കളായ ജോപ്പച്ചൻ തെക്കേകൂറ്റ്, കെ.കെ. ഉസ്മാൻ എന്നിവർക്കൊപ്പം അവിടെയെത്തി രോഗികളുമായി സംസാരിക്കുകയും അവരെ കേൾക്കുകയും ചെയ്തു.
അതേ സന്ദർശനത്തിൽ ഖത്തർ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയുമായും ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച നടത്തി.
ഖത്തറിലെ മലയാളി പ്രവാസികളെക്കുറിച്ചും ഇന്ത്യയുടെയും കേരളത്തിന്റെയും ഖത്തറിന്റെയും വിവിധ മേഖലകളിലെ വളർച്ചയുമെല്ലാം ചർച്ചചെയ്തു. കൂടിക്കാഴ്ചക്കിടയിൽ കുടിക്കാൻ എന്തുവേണം എന്ന ചോദ്യത്തിന് മലയാളത്തിൽ പറയാം എന്നായിരുന്നു ഉമ്മൻ ചാണ്ടി പ്രധാനമന്ത്രിക്കു നൽകിയ മറുപടിയെന്ന് അന്ന് ഒപ്പമുണ്ടായിരുന്ന ജോപ്പച്ചൻ ഓർക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിലും ചായയും വെള്ളവും നൽകാൻ ഒരു മലയാളി ഉണ്ടാവുമെന്ന അദ്ദേഹത്തിന്റെ നിരീക്ഷണവും ശരിയായിരുന്നു.
ഒരിക്കൽ ദോഹ സന്ദർശനത്തിനിടയിൽ ഷെറാട്ടൺ ഹോട്ടലിലായിരുന്നു താമസം ഒരുക്കിയത്. വിമാനയാത്രയും കഴിഞ്ഞ് ഹോട്ടലിലെത്തിയപ്പോൾ ഫൈവ് സ്റ്റാർ ഹോട്ടലിന്റെ ആഡംബരത്തോടെ എത്തിയ ചായ കണ്ടപ്പോൾ വലിയ ആധിയായി. അതിന്റെ വില അന്വേഷിച്ചു. റിയാലിലെ വില രൂപയിലാക്കിയത് കേട്ടപ്പോൾ തനിക്ക് ഒരു ക്ലാസ് ചൂടുവെള്ളം മാത്രം വാങ്ങിത്തന്നാൽ മതിയെന്ന് പറഞ്ഞത് ഒപ്പമുണ്ടായിരുന്നവർ ഓർക്കുന്നു.
എളിമയും ലാളിത്യവും ഉമ്മൻ ചാണ്ടിയോളം ജീവിതത്തിൽ പാലിച്ച മറ്റൊരു ഭരണാധികാരിയുണ്ടാവില്ലെന്ന് എല്ലാവരും ഒരുപോലെ പറയുന്നു.
ഏതു പ്രവാസിവിഷയം പരിഹരിക്കാനും ഇടപെടാനും കഴിയുന്ന ഭരണാധികാരിയെയാണ് നഷ്ടമായതെന്ന് ഖത്തറിലെ മുതിർന്ന ഇൻകാസ് നേതാവും സാമൂഹിക പ്രവർത്തകനുമായ ജോപ്പച്ചൻ തെക്കേകൂറ്റ് ഓർക്കുന്നു.
1984 മുതൽ ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ജോപ്പച്ചന് പല പ്രവാസി വിഷയങ്ങളിലും അടുത്തിടപഴകിയതിന്റെ ഒരുപാട് ഓർമകളുണ്ട്. നഴ്സുമാരുടെ വിഷയങ്ങൾ, പ്രവാസികളുടെ തൊഴിൽപ്രശ്നങ്ങൾ, നാട്ടിൽ അവർ നേരിടുന്ന പ്രശ്നങ്ങൾ അങ്ങനെ പല കേസുകളിലും ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ നടത്തിയ കാര്യങ്ങൾ ജോപ്പച്ചന് ഓർക്കാനുണ്ട്.
നാട്ടിലെന്നപോലെ ഖത്തറിലെത്തിയാലും ആൾക്കൂട്ടത്തിനു നടുവിലാവും അദ്ദേഹം. തൊഴിലാളി ക്യാമ്പുകൾ സന്ദർശിക്കുക, ആശുപത്രിയിലെത്തി രോഗികളെ കാണുക, താഴ്ന്ന വരുമാനക്കാരായ പ്രവാസികളുടെ വിശേഷങ്ങൾ ചോദിച്ചറിയുക... ഇങ്ങനെയൊക്കെയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് പ്രവാസികൾ ഓർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.