കഹ്റമക്കൊപ്പം 44 വർഷം; ധന്യം കരീമിന്റെ പ്രവാസം
text_fieldsപ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ.വി അബ്ദുൽ കരീമിന്
യാത്രയയപ്പ് ചടങ്ങിൽ ഉപഹാരം സമ്മാനിക്കുന്നു
ദോഹ: ഖത്തറിന്റെ വളർച്ചയുടെ ബാല്യവും വികസനക്കുതിപ്പും അനുഭവിച്ച 47 വർഷം നീണ്ട പ്രവാസത്തിന് വിരാമമിട്ട് കോഴിക്കോട് കുറ്റ്യാടി സ്വദേശി അബ്ദുൽ കരീം കെ.വി നാട്ടിലേക്ക് മടങ്ങി.
1978ൽ ഖത്തറിലെത്തിയ കരീം പ്രവാസ ജീവിതത്തിന്റെ 98 ശതമാനവും ഖത്തറിന്റെ വൈദ്യുതി, ജല വിതരണ സ്ഥാപനമായ കഹ്റമക്കൊപ്പമായിരുന്നു. 1980ൽ ജോലിയിൽ പ്രവേശിക്കുമ്പോൾ സർക്കാറിന്റെ മന്ത്രാലയത്തിനു കീഴിലെ ഡിപാർട്മെന്റുകളിലൊന്നായിരുന്നു ഇത്. വൈദ്യുതി, ജലവിതരണം സംബന്ധിച്ച് ഉപഭോക്താക്കൾക്കുള്ള ബില്ലുകളിലെ പിഴവുകൾ തിരുത്തുന്ന ജോലിയിലായിരുന്നു തുടക്കം.
കമ്പ്യൂട്ടർ ഉൾപ്പെടെ പുതുസാങ്കേതിക വിദ്യകൾ വരുംമുമ്പേ പെന്നും പേപ്പറുമായി കരീം ബില്ലുകളിലെ പിഴവുകൾ തിരുത്തി തന്റെ ജോലിയിൽ ഇരിപ്പുറപ്പിച്ചു. ശേഷം, എല്ലാം ആധുനികീകരിച്ചപ്പോൾ അതിനൊപ്പവും കരീം സഞ്ചരിച്ചു. തെറ്റായ റീഡിങ്ങുകളിലൂടെ വരുന്ന ബില്ലുകൾ കണ്ട് ഞെട്ടുന്ന പ്രവാസികൾക്കും സ്വദേശികൾക്കുമെല്ലാം കഹ്റമയുടെ ഓഫിസിലെ കരീമായിരുന്നു ആശ്രയം.
ബില്ലിലെ അക്കങ്ങൾ കണ്ട് ടെൻഷനടിച്ച് മുശൈരിബിലെയും ഹിലാലിലെയും ഓഫീസുകളിലേക്ക് ഓടിയെത്തുന്ന ഖത്തരികൾക്ക് കസേരയിൽ കരീമിനെ കണ്ടാൽ ആശ്വാസമാവും. ആദ്യകാലങ്ങളിലെ കഹ്റാബ പിന്നീട് 2000ൽ കഹ്റാമ ആയപ്പോഴും കരീം അവിടെയുണ്ടായിരുന്നു.
ഏറ്റവും ഒടുവിൽ 2024ൽ ജോലിയിൽനിന്ന് വിരമിക്കുന്നതിനിടെ സ്ഥാനപ്പേരുകൾക്ക് പല മാറ്റങ്ങളുമുണ്ടായെങ്കിലും ബില്ലുകളിലെ പിഴവുകൾ കണ്ടെത്തി കരീം തിരുത്തിക്കൊണ്ടിരുന്നു. നീണ്ട സേവനത്തിനിടെ എല്ലാവരുടെയും ഇഷ്ടം വാങ്ങിയാണ് വിരമിച്ച് നാട്ടിലേക്ക് മടങ്ങിയത്. സാമൂഹിക, ജീവകാരുണ്യ, സേവന രംഗങ്ങളിലും സജീവ സാന്നിധ്യമായി.
കോഴിക്കോട്, വയനാട് ജില്ലകൾ കേന്ദ്രീകരിച്ച് വിപുലമായ ജീവകാരുണ്യ-പുനരധിവാസ പദ്ധതികൾ നടപ്പാക്കിവരുന്ന കുറ്റ്യാടി മുസ്ലിം വെൽഫെയർ സൊസൈറ്റി ഖത്തർ കൂട്ടായ്മ രൂപവത്കരിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു. 1982 മുതൽ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റിയുടെ പ്രവർത്തകനാണ്. സി.ഐ.സിയുടെ വിവിധ യൂനിറ്റുകളിൽ ഭാരവാഹിത്വവും വഹിച്ചു. റാബിയയാണ് ഭാര്യ. അഫ്റ, അഫ്സാർ, അനുഷ, അഫ്താബ്, ഷഹീൻ അലി എന്നിവർ മക്കളാണ്.
വിവിധ കൂട്ടായ്മകൾ അബ്ദുൽ കരീമിന് യാത്രയയപ്പ് നൽകി. സി.ഐ.സി ദഫ്ന യൂനിറ്റ് സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ പ്രസിഡന്റ് ഷറഫുദ്ദീൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഷാനവാസ് മജീദ്, ഹാറൂൻ റശീദ്, ശുഐബ് തുടങ്ങിയവർ ആശംസ നേർന്നു. സി.ഐ.സി മദീന ഖലീഫ സോൺ ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽ സെക്രട്ടറി സുഹൈൽ തലക്കൽ മെമന്റോ കൈമാറി. മുജീബ് റഹ്മാൻ പി. പി, മുഹമ്മദ് ജമാൽ, മുഫീദ് ഹനീഫ, അബ്ദുസ്സമദ് തുടങ്ങിയവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.