ത്രിവർണപ്പൊലിമയോടെ റിപ്പബ്ലിക്ദിനാഘോഷം
text_fieldsദോഹ: ഇന്ത്യയുടെ 75ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഖത്തറിലെ പ്രവാസി ഇന്ത്യൻ സമൂഹം. വാരാന്ത്യ അവധിയും റിപ്പബ്ലിക് ദിനവും ഒന്നിച്ചെത്തിയപ്പോൾ ഇന്ത്യൻ എംബസി ആഘോഷവേദിയായ ഐ.സി.സി പരിസരത്ത് വിവിധ സംസ്ഥാനക്കാരുടെ സാന്നിധ്യത്താൽ മിനി ഇന്ത്യയെത്തി. രാവിലെ ഏഴിന് അംബാസഡർ വിപുൽ പതാക ഉയർത്തിയതോടെ രാജ്യത്തിന്റെ 75ാമത് റിപ്പബ്ലിക് ആഘോഷങ്ങൾക്ക് തുടക്കമായി.
എംബസി ഉദ്യോഗസ്ഥർ, ഐ.സി.സി പ്രസിഡൻറ് എ.പി. മണികണ്ഠൻ, ഐ.സി.സി.ബി.എഫ് പ്രസിഡൻറ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡൻറ് ഇ.പി. അബ്ദുൽറഹ്മാൻ, വിവിധ കമ്യൂണിറ്റി സംഘടന ഭാരവാഹികൾ, വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രവാസികൾ എന്നിവരുൾപ്പെടെ നൂറുകണക്കിനുപേർ ആഘോഷങ്ങൾക്ക് സാക്ഷിയായി. അംബാസഡർ പതാക ഉയർത്തിയതിനു പിറകെ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് ഐ.സി.സി അശോകഹാളിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കലാകാരന്മാരും ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും ദേശഭക്തിഗാനങ്ങളും നൃത്തങ്ങളുമായി കലാവിരുന്നൊരുക്കി.
എ.പി. മണികണ്ഠൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ അംബാസഡർ രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. ചടങ്ങിൽ ഐ.സി.സിയുടെ ഡിജിറ്റൽ ന്യൂസ് ലെറ്റർ അംബാസഡർ പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.