പ്രവാസി ലീഗൽ സെല്ലും കൗൺസലിങ് സെന്ററും രൂപവത്കരിക്കണം -ജെ.കെ. മേനോൻ
text_fieldsദോഹ: പ്രവാസികള്‍ക്കായി മാനസികാരോഗ്യം സംരക്ഷിക്കുന്നതിനുള്ള കൗണ്‍സലിങ് സെന്ററും വിവിധ രാജ്യങ്ങളില്‍ തൊഴില്‍ സ്വീകരിക്കുമ്പോള്‍ നിയമോപദേശം നല്‍കാനുള്ള ലീഗല്‍ സെല്ലും രൂപവത്കരിക്കണമെന്ന് ജെ.കെ. മേനോന് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറും നോര്‍ക്കയും ചേര്‍ന്ന് പദ്ധതിക്ക് രൂപം നല്‍കണമെന്ന് ലോക കേരളസഭയുടെ അമേരിക്കന്‍ സമ്മേളനത്തില്‍ നോര്‍ക്ക ഡയറക്ടറും എ.ബി.എന്‍ കോര്പറേഷന് ചെയര്‍മാനുമായ ജെ.കെ. മേനോന് നിര്‍ദേശിച്ചു.
കേരളത്തില്‍ നിന്ന് തൊഴില്‍തേടി വിദേശങ്ങളിലെത്തിയ പ്രവാസികൾക്കുള്ള നിയമപരമായ പിന്തുണയുടെയും സംരക്ഷണത്തിന്റെയും പ്രശ്നം സര്‍ക്കാര്‍ അഭിസംബോധന ചെയ്യണം. വിവിധ രാജ്യങ്ങളില്‍ തൊഴില്‍ സ്വീകരിക്കുമ്പോള്‍ പ്രവാസികള്‍ക്ക് ലഭിക്കുന്ന കരാറുകള്‍ പരിശോധിച്ച് നിയമോപദേശം നല്‍കാനുള്ള ലീഗല്‍ സെല്ലും രൂപവത്കരിക്കണം.
തൊഴിൽ കരാറുകൾ, തൊഴിൽ സാഹചര്യങ്ങൾ, വിദേശ രാജ്യങ്ങളിലെ നിയമപരമായ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ പലരും അഭിമുഖീകരിക്കുന്നുണ്ട്. ഈ ആശങ്കകൾ ലഘൂകരിക്കുന്നതിന് പ്രവാസികൾക്കായി നിയമസഹായ സംവിധാനം സ്ഥാപിക്കാൻ കേരള സർക്കാറിന് നോര്‍ക്കയുമായി സഹകരിച്ച് പദ്ധതികള്‍ തയാറാക്കാവുന്നതാണ്. നമ്മുടെ പ്രവാസികൾക്ക് നിയമപരമായ പരിരക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലൂടെ അവരുടെ ക്ഷേമം സംരക്ഷിക്കാനും ചൂഷണം തടയാനും സാധിക്കും.
പ്രവാസികളെ കേള്‍ക്കാനും പ്രവാസികളുടെ സംരക്ഷണത്തിനും പിന്തുണ നല്കിയ സര്‍ക്കാറാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ളതെന്നും പ്രവാസികളുടെ പ്രശ്നങ്ങള്‍ പഠിക്കുകയും അതിനനുസൃതമായി ക്ഷേമപദ്ധതികള്‍ ആവിഷ്കരിക്കുന്നതിനായി രൂപവത്കരിച്ചതാണ് ലോക കേരള സഭയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.