ഒരായുസ്സിന്റെ പ്രവാസം; ഹാജിക്ക ഹാപ്പിയായി മടങ്ങുന്നു
text_fieldsദോഹ: കണ്ണൂർ ചക്കരക്കല്ല് മാമ്പ സ്വദേശി ടി.വി അബ്ദുൽഖാദർ ഹാജി ചൊവ്വാഴ്ച രാത്രിയോടെ ഖത്തറിനോട് വിടപറഞ്ഞ് നാട്ടിലേക്ക് മടങ്ങുകയാണ്. തൊഴിൽ തേടിയെത്തിയ മണ്ണിൽ നിന്നും പ്രവാസികളുടെ മടക്കയാത്രകൾ വലിയ വിശേഷമൊന്നുമല്ലെങ്കിലും ടി.വി അബ്ദുൽ ഖാദർ ഹാജിയുടെ നാട്ടിലേക്കുള്ള ഈ യാത്രക്ക് പറഞ്ഞുതീരാത്തത്രയും വിശേഷങ്ങളുണ്ട്. മലയാളിയുടെ ഗൾഫ് കുടിയേറ്റത്തിലെ ആദ്യ തലമുറയിൽ അവശേഷിക്കുന്ന ഏതാനും പേരിൽ ഒരാളായ ഇദ്ദേഹം 56 വർഷം നീണ്ട പ്രവാസത്തോടാണ് യാത്ര പറയുന്നത്.
അഞ്ചര പതിറ്റാണ്ട് പിന്നിട്ട പ്രവാസം മതിയാക്കുമ്പോൾ 75കാരനായ അബ്ദുൽ ഖാദർ എന്ന ഹാജിക്കയുടെ ഓർമകൾ ലോഞ്ചിലേറി ദോഹ തീരമണിഞ്ഞ പഴയ കൗമാരക്കാരനിലേക്ക് തിരികെയെത്തും. 1968 ആഗസ്റ്റിൽ തന്റെ 18ാം വയസ്സിൽ ബോംബെയിലെ ഹോട്ടൽ ജോലിക്കിടയിലായിരുന്നു ഈ ചക്കരക്കല്ലുകാരൻ ഖത്തറിലേക്ക് കപ്പൽ കയറുന്നത്. കുടുംബ സുഹൃത്ത് കൂടിയായ ഖത്തറിലെ ‘കമാലിയ’ ഹോട്ടൽ ഉടമ മുഹമ്മദ് ഹാജി നൽകിയ വിസയിലായിരുന്നു പ്രവാസത്തിലേക്കുള്ള യാത്ര.
15ാം വയസ്സിൽ ബോംബെയിലെത്തി ഹോട്ടൽ തൊഴിലാളിയായി ജീവിതം തുടങ്ങിയ കൗമാരക്കാരന്റെ സ്വപ്നങ്ങളിലേക്ക് മൂന്നു വർഷത്തിനു ശേഷമായിരുന്നു കടലിനക്കരെ നിന്നും ഒരു വിസയെത്തുന്നത്. എല്ലാവരോടും യാത്രപറഞ്ഞ് ബോംബെ തീരത്തു നിന്നും കപ്പൽ കയറി. കടലിനോടും കാറ്റിനോടും പടവെട്ടി ഏഴു ദിവസംകൊണ്ട് ദോഹയുടെ പുറംകടലിൽ നങ്കൂരമിട്ട കപ്പലിൽ നിന്നും ചാടിയിറങ്ങി ലോഞ്ചിൽ തീരമണഞ്ഞു. ഇന്നത്തെ അമീരി ദിവാനരികിലുള്ള പൊലീസ് സ്റ്റേഷനിലായിരുന്നു ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയത്.
പ്രവാസിയായി രണ്ടാം ദിനം തന്നെ സൂഖ് വാഖിഫിന് അരികിലെ കമാലിയ ഹോട്ടലിൽ ജോലിതുടങ്ങി. വെയിറ്ററായാണ് തുടങ്ങുന്നത്. എന്നാൽ, സ്വപ്നങ്ങൾ ഏറെ ഉയരത്തിലായിരുന്നു പറന്നത്.
ഏതാനും വർഷങ്ങൾ കമാലിയയിലും, ശേഷം ഗൾഫ് ഹോട്ടലിലും ജോലി ചെയ്ത ശേഷം സ്വന്തമായി വല്ലതും ആരംഭിക്കാനുള്ള ഒരുക്കത്തിലായി. തനിക്കു പിന്നാലെ സഹോദരന്മാരെയും നാട്ടുകാരിൽ ചിലരെയും വിസ നൽകി ഒപ്പം കൂട്ടിയ ഇദ്ദേഹം ഹോട്ടലും പിന്നാലെ സൂപ്പർമാർക്കറ്റുകളുമായി സംരംഭകനെന്ന നിലയിൽ പിച്ചവെച്ചു. പഴയ ഷാ റ കഹറാബയിലെ ഹറമൈൻ ഹോട്ടൽ മുതൽ ദോഹയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത സംരംഭങ്ങളുമായി സജീവമായി.
തന്റെ പ്രവാസത്തിന്റെ ആദ്യ നാളുകളെ കുറിച്ചു ഓർമകൾ ഏറെ തമാശയോടെയാണ് അബ്ദുൽഖാദർ ഹാജി ഓർത്തെടുക്കുന്നത്. ‘ദോഹയിലെ ഒരു കെട്ടിടത്തിൽ എ.സി സ്ഥാപിച്ചുവെന്ന് കേട്ടറിഞ്ഞ് അത് കാണാൻ കിലോമീറ്ററുകളോളം പോയതും, ഖത്തറും ഇന്ത്യയും തമ്മിൽ ഒന്നര മണിക്കൂർ മാത്രമുള്ള സമയ ദൈർഘ്യവും, ദുബൈ-ഖത്തർ ദിർഹം കറൻസി പ്രാബല്യത്തിലുള്ള കാലവുമെല്ലാം പുതിയ തലമുറക്ക് കൗതുകം നൽകുന്ന ഓർമകളായിരിക്കുമെന്ന് അദ്ദേഹം പങ്കുവെക്കുന്നു.
ഖത്തറിലെ പഴയകാല പ്രവാസികൾക്കൊപ്പം സജീവമായ അബ്ദുൽ ഖാദർ ഹാജി ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുൻനിരയിലുണ്ടായിരുന്നു. ഖത്തർ കെ.എം.സി.സി സ്ഥാപക നേതാക്കളിൽ ഒരാളായ ഇദ്ദേഹം ധർമടം മണ്ഡലം മുസ്‍ലിംലീഗ് ട്രഷറർ, ചക്കരക്കല്ല് സി.എച്ച് സെന്റർ ചെയർമാൻ, ചക്കരക്കല്ല് ടൗൺ മസ്ജിദ് പ്രസിഡന്റ്, മാമ്പ മഹല്ല് വൈസ് പ്രസിഡന്റ്, സ്‌കൂൾ മാനേജർ തുടങ്ങിയ പദവികളും വഹിച്ചു.
വിജയകരമായ സംരംഭങ്ങൾ മക്കൾ ഉൾപ്പെടെ പുതുതലമുറയിലേക്ക് കൈമാറി. അവർ മികച്ച രീതിയിൽ മുന്നോട്ട്പോകുന്നതിന്റെ ആത്മസംതൃപ്തിയിലാണ് ഹാജിക്കയുടെ മടക്കം. നാല് ആൺമക്കളിൽ മൂന്നുപേർ ഖത്തറിലുണ്ട്. ഒരാൾ ഒമാനിലും. മൂന്ന് പെൺമക്കൾ നാട്ടിലും. എല്ലാത്തിനും തണലായ ഭാര്യ ഖൈറുന്നീസ പ്രവാസത്തിൽ നിന്നുള്ള വിടവാങ്ങൽ യാത്രയിൽ ഒപ്പമുണ്ട്.
അരനൂറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അബ്ദുൽഖാദർ ഹാജിക്ക് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി യാത്രയയപ്പ് നൽകി. സംസ്ഥാന ഉപദേശക സമിതി വൈസ് ചെയർമാൻ സി.വി ഖാലിദ് ഉദ്ഘാടനം ചെയ്തു. ഉപദേശ സമിതി ആക്ടിങ് ചെയർമാൻ എസ്.എ.എം ബഷീർ, മുസ്തഫ എലത്തൂർ, എ.വി.എം ബക്കർ, കോയ കൊണ്ടോട്ടി, അബൂതയ്യിബ്, ഹമീദ് വൈക്കലശ്ശേരി എന്നിവർ സംസാരിച്ചു.
യാത്രയയപ്പിന് നന്ദി പറഞ്ഞും പ്രവാസാനുഭവനങ്ങൾ പങ്കുവെച്ചും ഹാജിക്ക മറുപടി പ്രസംഗം നടത്തി. സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം ഭാരവാഹികൾ ചേർന്ന് കൈമാറി. ജലീൽ വളരാനി ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി സലിം നാലകത്ത് സ്വാഗതവും ട്രഷറർ പി.എസ്.എം ഹുസ്സൈൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.