പ്രവാസി ക്ഷേമ പദ്ധതികൾ; സംഘടനാ നേതാക്കളുമായി സംവദിച്ച് കെ.വി. അബ്ദുൽ ഖാദർ
text_fieldsദോഹ: ഖത്തർ സന്ദർശിക്കുന്ന കേരള പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.വി. അബ്ദുൽ ഖാദർ വിവിധ പ്രവാസി സംഘടനാ നേതാക്കളുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. കേരള സർക്കാറിന്റെ കേരള പ്രവാസി ക്ഷേമ പദ്ധതികൾ വിപുലപ്പെടുത്തുന്നത് സംബന്ധിച്ചാണ് ഖത്തർ സംസ്കൃതിയു ആഭിമുഖ്യത്തിൽ വിവിധ പ്രവാസി കൂട്ടായ്മകളുടെ ഭാരവാഹികളുമായി സംവദിച്ചത്. കാലിക്കറ്റ് നോട്ട്ബുക്ക് റസ്റ്റാറൻറിൽ നടന്ന പരിപാടിയിൽ 21ഓളം സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.
പ്രവാസ സമൂഹത്തെ സംബന്ധിക്കുന്ന യാത്രാപ്രശ്നങ്ങൾ, കേസുകൾ, പുനരധിവാസ നടപടികൾ തുടങ്ങി വിവിധതരം വിഷയങ്ങൾ സംഘടന പ്രതിനിധികൾ ചെയർമാൻ മുമ്പാകെ ബോധിപ്പിച്ചു. ഖത്തറിൽ നിന്നുള്ള പ്രതിനിധിയായി ഇ.എം. സുധീറിനെ ക്ഷേമനിധിയിലേക്ക് തിരഞ്ഞെടുത്തതിൽ സംഘടനാ നേതാക്കൾ സന്തോഷം പ്രകടിപ്പിച്ചു.
എട്ടര ലക്ഷത്തോളം പ്രവാസികളുടെ പങ്കാളിത്തമുള്ള ക്ഷേമനിധി പദ്ധതിയിൽ 40,000ത്തോളം പേർക്ക് പെൻഷൻ നൽകിവരുന്നതായും 60 വയസ്സിനു താഴെയുള്ള മുഴുവൻ പ്രവാസികളെക്കൂടി പെൻഷൻ പദ്ധതിയിൽ ഉപ്പെടുത്തുക എന്നുള്ള പ്രചാരണ പരിപാടിയാണ് ബോർഡിന്റെ പ്രധാന ലക്ഷ്യമെന്നും ചെയർമാൻ വ്യക്തമാക്കി.
ക്ഷേമനിധി ബോർഡിന്റെ പരിധിക്കുള്ളിൽ നിന്ന് വിലപ്പെട്ട നിർദേശങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും ക്ഷേമനിധി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിപുലമായ പ്രവർത്തനങ്ങളിൽ എല്ലാ സംഘടനകളുടെയും സഹകരണം ഉണ്ടാകണമെന്നും ചടങ്ങിൽ അദ്ദേഹം അഭ്യർഥിച്ചു.
ഖത്തർ ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, കെ.എം.സി.സി സെക്രട്ടറി സലിം നാലകത്ത്, കെ.ബി.എഫ് പ്രസിഡന്റ് അജി കുര്യാക്കോസ്, ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രതിനിധി അബ്ദുൽ നാസർ, ഐ.എം.സി.സി ഖത്തർ പ്രതിനിധി ജാബിർ ബേപ്പൂർ, ഫോക്കസ് ഖത്തർ പ്രതിനിധി നാസർ പി.ടി, നാറ്റിവ് ചാവക്കാട് പ്രതിനിധി
രഞ്ജിത് കുമാർ, കുവാഖ് പ്രതിനിധി റീജിൻ പള്ളിയത്ത്, തൃശൂർ ജില്ല സൗഹൃദവേദി പ്രതിനിധി രാജേഷ് ടി.ആർ, വേൾഡ് മലയാളി ഫെഡറേഷൻ പ്രതിനിധി സുനിൽ മുല്ലശ്ശേരി, യുവകലാസമിതി പ്രതിനിധി ഷാനവാസ്, ചാവക്കാട് പ്രവാസി അസോസിയേഷൻ സെക്രട്ടറി സഞ്ജയൻ.
ജനധാര പ്രതിനിധി റാഫി ചാലിൽ, ഒ.ഐ.സി.സി ഇൻകാസ് ശ്രീജിത്ത് നായർ, ഐ.സി.എഫ് പ്രതിനിധി ഡോ. ബഷീർ, കൾചറൽ ഫോറം പ്രതിനിധി മജീദ് അലി, കെ.പി.എ.ക്യു പ്രതിനിധി ഗഫൂർ കോഴിക്കോട്, ലോക കേരള സഭ അംഗങ്ങളായ വർക്കി ബോബൻ, അഹമ്മദ് കുട്ടി അറാളയിൽ, ഇ.എം. സുധീർ, എ.സുനിൽ കുമാർ ചടങ്ങിൽ പങ്കെടുത്തു. സംസ്കൃതി ജനറൽ സെക്രട്ടറി കെ. ജലീൽ സ്വാഗതവും ലോക കേരളസഭ മെംബർ ഷൈനി കബീർ നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.