പ്രവാസികൾക്കും സ്വയം പഠിക്കാൻ ‘സ്വയം’ പദ്ധതി
text_fieldsജീവിതത്തിലെ വിവിധ സാഹചര്യങ്ങളാൽ തൊഴിൽ തേടി വിവിധ നാടുകളിൽ എത്തപ്പെടുന്നവരാണ് പ്രവാസികൾ. പഠനം പൂർത്തിയാക്കി തൊഴിൽ തേടിയെത്തുന്നവരും, അല്ലാതെ ജീവിത പ്രാരബ്ധങ്ങളിൽ പഠനം പാതിവഴിയിൽ നിർത്തി വരുന്നവരുമെല്ലാമുണ്ട്.
അതേസമയം, തൊഴിലിടങ്ങളിൽ ആവശ്യമായ കോഴ്സുകളും സർട്ടിഫിക്കറ്റുമുണ്ടെങ്കിൽ ജോലിക്കയറ്റം മോഹിക്കുന്നവർക്കും, മാറുന്ന കാലത്തിനൊത്ത് പുതിയ കാര്യങ്ങൾ വേഗത്തിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കുമെല്ലാം സൗകര്യപ്പെടുന്ന സംവിധാനമാണ് കേന്ദ്ര സർക്കാറിന്റെ ‘സ്വയം’ പാഠ്യ പദ്ധതി. ലോകത്തിന്റെ ഏത് കോണിലിരുന്നും ഓൺലൈനായി പഠിക്കുന്നതിനും ചുരുങ്ങിയ ചെലവിൽ പരീക്ഷയെഴുതി ഔദ്യോഗിക സർട്ടിഫിക്കറ്റ് നൽകുന്നതിനും ‘സ്വയം’ പദ്ധതി പ്രവാസികൾക്ക് ഏറെ സൗകര്യകരമായ വിദ്യാഭ്യാസ സംവിധാനമാണ്.
ഒമ്പത് ദേശീയ കോഓർഡിനേറ്റർമാർ
കോഴ്സുകളുടെ ഉന്നത നിലവാരം ഉറപ്പുവരുത്തുന്നതിനും കൃത്യമായ നിർവഹണത്തിനുമായി ഇന്ത്യയിലെ ഏറെ പ്രശസ്തമായ യു.ജി.സി, എൻ.സി.ഇ.ആർ.ടി, ഇഗ്നോ , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് മാനേജ്മെൻറ് ബാംഗ്ലൂർ, സി.ഇ.സി, എൻ.ഐ.ടി, ടി.ടി.ആർ, എൻ.ഐ.ഒ.എസ് , എൻ.പി.ടി.ഇ.എൽ, എ.ഐ.സി.ടി. ഇ എന്നീ ഒമ്പത് സ്ഥാപനങ്ങളെയാണ് ഏൽപിച്ചിരിക്കുന്നത്.
കോഴ്സുകൾ
മാനേജ്മെൻറ് ആൻഡ് കോമേഴ്സ്, ഹെൽത്ത് സയൻസ്, എൻജിനീയറിങ് ആൻഡ് ടെക്നോളജി, ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, ഹ്യൂമാനിറ്റീസ് ആൻഡ് ആർട്സ്, ഡിസൈൻ, നിയമം, മാത്‌സ് ആൻഡ് സയൻസ്, ടീച്ചർ എജുക്കേഷൻ തുടങ്ങിയ വിവിധ മേഖലകളിൽ മുന്നൂറിലധികം കോഴ്സുകളിൽ പഠനം നടത്താം. കാലാവധി നാല് ആഴ്ച മുതൽ 24 ആഴ്ച വരെയാണ്.
സർട്ടിഫിക്കറ്റ് ലഭിക്കാൻ
കേരളമടക്കമുള്ള വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലും ധാരാളം പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. സർട്ടിഫിക്കറ്റിനായി മിക്ക കോഴ്സുകൾക്കും ചെലവ് ആയിരം രൂപ മാത്രം.
ഗൾഫ് നാടുകളിലും പരീക്ഷാ കേന്ദ്രങ്ങൾ
പല കോഴ്സുകൾക്കും ഗൾഫിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. നിലവിൽ യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ ഉള്ളത്. കൂടുതൽ പഠിതാക്കൾ മറ്റു ഗൾഫ് രാജ്യങ്ങളിൽ ഉണ്ടാവുന്ന മുറക്ക് പരീക്ഷാ കേന്ദ്രങ്ങൾ എല്ലാ ഗൾഫ് നാടുകളിലും ആവശ്യപ്പെടാവുന്നതാണ്. അറബിക് അടക്കമുള്ള ഭാഷാ പഠനവും ലഭ്യമാണെന്നത് ഗൾഫിലുള്ളവർക്ക് പ്രയോജനപ്പെടുത്താം.
ചതുർമുഖ പഠന സംവിധാനം
പഠനം ശാസ്ത്രീയമാക്കുന്നതിന്റെ ഭാഗമായി നാല് തരത്തിലുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്
വീഡിയോ ലെക്ചറുകൾ .
പ്രത്യേകം തയാറാക്കിയ നോട്ടുകൾ.
ഇവ പ്രിൻറ് ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ആവാം.
സ്വയം വിലയിരുത്താനുള്ള ടെസ്റ്റുകളും ക്വിസുകളും.
ഓൺലൈൻ ചർച്ചാ സംവിധാനവും സംശയ നിവാരണവും.
നിലവിലെ സ്ഥിതി
മൂന്ന് കോടിയിലധികം പേരാണ് ഇതുവരെ കോഴ്സുകളിൽ ചേർന്നിട്ടുള്ളത്. 26 ലക്ഷത്തിലധികം പേർ പരീക്ഷകൾ എഴുതിയിട്ടുണ്ട്. നിലവിൽ 8.8 ലക്ഷം പേർ പരീക്ഷക്ക് പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എത്തിക്കൽ ഹാക്കിങ്, പ്രോഗാമിങ് അടക്കമുള്ള പല ഐ.ടി കോഴ്സുകൾക്കും ധാരാളം പേർ ജോയിൻ ചെയ്യുന്നതായി റിപ്പോർട്ട് ചെയ്യുന്നു.
വിശദ വിവരങ്ങൾക്ക്. https://swayam.gov.in/
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.