വൻമത്സരങ്ങളുടെ പരിചയസമ്പത്ത് കരുത്തായി -അക്രം അഫിഫ്
text_fieldsദോഹ: ബുധനാഴ്ച രാത്രിയിൽ ഇറാനെ മൂന്ന് ഗോളിൽ വീഴ്ത്തി ആതിഥേയരായ ഖത്തർ കിരീടത്തിലേക്ക് ഒരു ചുവട് കൂടി അടുത്തപ്പോൾ ആരാധകരുടെയും കളിയെഴുത്തുകാരുടെയും മനസ്സിൽ ഒരു പേര് മാത്രമെ ഇപ്പോഴുള്ളൂ. കാലിൽ കൊരുത്തെടുക്കുന്ന പന്തുമായി മിന്നൽ വേഗത്തിൽ എതിർ ബോക്സിലേക്ക് കുതിച്ചു പായുന്ന അഞ്ചടി ഒമ്പതിഞ്ചുകാരനായ ചുരുളൻ മുടിക്കാരൻ അക്രം അഫിഫ് എന്ന 27കാരൻ. ടൂർണമെന്റിൽ ഇതുവരെ അഞ്ച് ഗോൾ നേടുകയും മൂന്ന് അസിസ്റ്റുകളുമായി തിളങ്ങിയ അക്രം അഫിഫിന്റെ മികവു തന്നെയായിരുന്നു ഏഷ്യൻ കപ്പ് സെമിയിൽ കരുത്തരായ ഇറാനെതിരെ ഖത്തറിന്റെ വിജയത്തിന് അടിത്തറ പാകിയതും.
എതിരാളിയുടെ വലുപ്പം ഭയക്കാതെ ഖത്തർ കളം നിറഞ്ഞു കളിച്ച് ജയിച്ചതിന്റെ രഹസ്യമെന്തന്ന ചോദ്യത്തിന് വലിയ മത്സരങ്ങളുടെ പരിചയ സമ്പത്ത് എന്നായിരുന്നു അക്രം അഫിഫിന്റെ ഉത്തരം.
13 മാസം മുമ്പ് സ്വന്തം മണ്ണിൽ നടന്ന ലോകകപ്പ് ഫുട്ബാളിൽ ഒരു ജയം പോലുമില്ലാതെ ടീം വീണെങ്കിലും, വലിയ മത്സരങ്ങളുടെ അനുഭവ സമ്പത്ത് ടീമിലെ ഓരോ താരങ്ങളിലേക്കും പകർന്നതായി അക്രം സാക്ഷ്യപ്പെടുത്തുന്നു. ‘ഓരോ ടൂർണമെന്റിൽ പങ്കെടുക്കുന്നതിലൂടെയും ഒരുപാട് കാര്യങ്ങളാണ് പഠിക്കുന്നത്. ലോകകപ്പ് ഫുട്ബാളിൽ ആദ്യമായാണ് ഞങ്ങൾ കളിച്ചത്. ആതിഥേയരായ ലോകകപ്പിനെ കുറിച്ച് വിശദീകരിച്ചാൽ ഏറെ കടുപ്പമായിരുന്നു. ഇപ്പോൾ ഏഷ്യൻ കപ്പിനും വേദിയാകുമ്പോൾ അനുഭവസമ്പത്താണ് ഞങ്ങളുടെ കരുത്ത്. ഓരോ ടൂർണമെന്റിലും മെച്ചപ്പെടാൻ കഴിയുമെന്ന് വ്യക്തമാക്കുന്നു’ -അക്രം അഫിഫ് പറഞ്ഞു. ആരാധകർക്കും ഒപ്പംനിന്ന എല്ലാവർക്കും നന്ദിയും അഭിനന്ദനവും അദ്ദേഹം അറിയിച്ചു. ‘ഇറാനെതിരായ മത്സരത്തിൽ വിജയം എളുപ്പമായിരുന്നില്ല. ഏറ്റവും മികച്ച പ്രകടനം തന്നെയായിരുന്നു പുറത്തെടുത്ത്. പക്ഷേ ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ’ -ഫൈനലിനെ സൂചിപ്പിച്ചുകൊണ്ട് അക്രം പറഞ്ഞു.
ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി ഒരുപിടി അന്താരാഷ്ട്ര ടൂർണമെന്റുകളിലാണ് ഖത്തർ പങ്കാളികളായത്. കോപ അമേരിക്ക, കോൺകകാഫ്, യുവേഫ നാഷൻസ് ലീഗ് തുടങ്ങിയ ടൂർണമെന്റിൽ കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ഖത്തർ ബൂട്ടുകെട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.