തിമിംഗല സ്രാവുകളിലേക്ക് ഒരു വിനോദസഞ്ചാരം; കടൽ വിനോദസഞ്ചാര പദ്ധതിയുമായി ഖത്തർ ടൂറിസം
text_fieldsദോഹ: കഴിഞ്ഞ ദിവസമായിരുന്നു ഖത്തറിലെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ സമുദ്രതീരത്ത് നീരാടാനെത്തിയ കൂറ്റൻ തിമിംഗലത്തിന്റെ വിഡിയോ സജീവമായി പ്രചരിച്ചത്. ഹലുൽ ദ്വീപിന് അരികിലായി വെള്ളത്തിന് മുകളിലേക്ക് തലയുയർത്തി നീന്തിത്തുടിക്കുന്ന തിമിംഗലങ്ങളുടെ വിഡിയോ തീരത്തേക്ക് കൂറ്റൻ തിമിംഗല സ്രാവുകളുടെ വരവ് അറിയിക്കുന്നതായിരുന്നു.
ഇപ്പോഴിതാ സമുദ്രത്തിലെ അത്ഭുതങ്ങളിലൊന്നായ ഇവയുടെ അരികിലേക്ക് യാത്രക്കുള്ള അവസരം ഒരുങ്ങുന്നു. ഖത്തർ ടൂറിസം നേതൃത്വത്തിലാണ് ഈ വർഷവും ‘വെയ്ൽ ഷാർക്സ് ഓഫ് ഖത്തർ’ യാത്ര പുറപ്പെടുന്നത്. അൽപം കടൽ സാഹസികതയും പ്രകൃതിസ്നേഹവുമെല്ലാം ഇഷ്ടപ്പെടുന്നവർക്കുള്ള മികച്ച യാത്രാ അവസരം.
ഖത്തറിന്റെ വടക്കു-കിഴക്കൻ തീരത്തേക്കാണ് ഹൈസ്പീഡ് ബോട്ടിലേറി അരദിവസത്തോളം നീളുന്ന യാത്ര ഒരുങ്ങുന്നത്.
വേനൽക്കാലത്ത് ഖത്തറിന്റെ കടൽപ്രദേശത്ത് അതിഥികളായെത്തുന്നവരാണ് തിമിംഗല സ്രാവുകൾ. ഇതിനകം വരവ് തുടങ്ങിക്കഴിഞ്ഞ ഇവ, അടുത്തയാഴ്ചകളിൽതന്നെ 300ൽ ഏറെയായി ഉയരുമെന്നാണ് പരിസ്ഥിതി വിദഗ്ധരുടെ കണക്കുകൂട്ടൽ. ഖത്തർ ടൂറിസം നേതൃത്വത്തിൽ ഡിസ്കവർ ഖത്തർ വഴിയാണ് തിമിംഗല സ്രാവുകളിലേക്കുള്ള സഞ്ചാരം ആരംഭിക്കുന്നത്.
വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് യാത്ര. ഓരോ ദിവസവും എട്ടുമണിക്കൂർനേരം കടലിലെ അത്ഭുതക്കാഴ്ചകളിലൂടെ സഞ്ചരിച്ച് തിമിംഗലങ്ങളെ അരികെനിന്ന് കാണാൻ അവസരമൊരുങ്ങും.
അൽ റുവൈസ് തുറമുഖത്തിനരികിൽനിന്നാണ് കടൽയാത്ര ആരംഭിക്കുന്നത്. രാവിലെ ആറിന് തുടങ്ങുന്ന യാത്ര ഉച്ചകഴിഞ്ഞ് 2.30ഓടെ അവസാനിക്കും. 1001 റിയാലാണ് ഒരാളുടെ നിരക്ക്. 12 ന് താഴെ പ്രായമുള്ളവർക്ക് 50 ശതമാനം ഇളവ് നൽകും.
2022ലായിരുന്നു ഖത്തറിന്റെ തീരങ്ങളിലെത്തുന്ന തിമിംഗല സ്രാവുകളിലേക്ക് സഞ്ചാരികൾക്കും അവസരം നൽകുന്ന യാത്രക്ക് ഖത്തർ ടൂറിസം നേതൃത്വം നൽകാൻ ആരംഭിച്ചത്. ആദ്യവർഷംതന്നെ ശ്രദ്ധേയമായി മാറിയ ‘വെയ്ൽ ഷാർക്ക് ടൂറിൽ’ 500ൽ ഏറെപേർ പങ്കെടുത്തു.
ജീവിവർഗങ്ങളിൽ ഏറ്റവും വലുതും വംശനാശ ഭീഷണി നേരിടുന്നതുമായ ഇവയെ അടുത്തറിയാനും പരിസ്ഥിതി-ജൈവ സംരക്ഷണത്തിന്റെ പ്രാധാന്യം പകർന്നുനൽകുന്നതിനും വേണ്ടിയാണ് ഖത്തർ ടൂറിസം നേതൃത്വത്തിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.
മേയ് മുതൽ ഒക്ടോബർ വരെയാണ് ഷഹീൻ എണ്ണപ്പാടം ഉൾപ്പെടെ ഖത്തറിന്റെ വടക്കൻ സമുദ്രമേഖലയിൽ തിമിംഗല സ്രാവുകളെ കൂട്ടത്തോടെ കാണപ്പെടുന്നത്. ജീവിതത്തിലെ അപൂർവമായ അനുഭവം സ്വന്തമാക്കാനും ഖത്തറിന്റെ ജൈവവൈവിധ്യങ്ങളെക്കുറിച്ച് അറിയാനും ആഗ്രഹിക്കുന്നവർക്കുള്ള വിനോദസഞ്ചാരമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കിയായിരുന്നു ഖത്തർ ടൂറിസം ചെയർമാൻ അക്ബർ അൽ ബാകിർ കഴിഞ്ഞ വർഷം പദ്ധതി പ്രഖ്യാപിച്ചത്. 121 അടി നീളമുള്ള ആഡംബര ബോട്ടിലായിരിക്കും കടലിലേക്കുള്ള യാത്ര. ഗൈഡ്, ഫോട്ടോഗ്രാഫർ ഉൾപ്പെടെയുള്ളവ സേവനവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.