അനുഭവങ്ങൾ പങ്കുവെക്കാം; പൊതുജനാഭിപ്രായം തേടി എച്ച്.എം.സി
text_fieldsദോഹ: ചികിത്സയുടെ മികവ് വർധിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുജനാഭിപ്രായം തേടി ഹമദ് മെഡിക്കൽ കോർപറേഷൻ. രോഗികളുടെ സംതൃപ്തിക്ക് മുൻഗണന നൽകുന്നതിനും ആരോഗ്യ സംരക്ഷണനിലവാരം ഉയർത്തുന്നതിനുമായാണ് ഹമദ് മെഡിക്കൽ കോർപറേഷൻ പൊതുജനങ്ങളിൽനിന്ന് അഭിപ്രായം ആരായുന്നത്.
നിലവിലെ രോഗികളും നേരത്തെ ചികിത്സതേടിയവരും അവരുടെ കുടുംബങ്ങളും ഉൾപ്പെടുന്ന സമൂഹത്തിലെ അംഗങ്ങൾക്ക് അവരുടെ ആരോഗ്യപരിചരണ അനുഭവങ്ങളെക്കുറിച്ച് ഫീഡ് ബാക്ക് നൽകുന്നതിനാണ് എച്ച്.എം.സി അവസരം ഒരുക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ഹമദ് മെഡിക്കൽ കോർപറേഷൻ അവരുടെ പേഷ്യന്റ് ആൻഡ് ഫാമിലി അഡ്വൈസറി കൗൺസിൽ (പി.എഫ്.എ.സി) ഗ്രൂപ്പുകളുടെ ഭാഗമായി സ്വീകരിക്കുന്നതായിരിക്കും.
രോഗിയുടെയും കുടുംബാംഗങ്ങളുടെയും ആശങ്കകൾ ചർച്ച ചെയ്യുക, രോഗികളുടെ അനുഭവപരിചയം മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭങ്ങൾക്ക് മുൻഗണന നൽകുക, ഇത്തരം സംരംഭങ്ങൾ രൂപകൽപന ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി ആശുപത്രി ടീമുകളുമായി പ്രവർത്തിക്കുക, വ്യക്തി കേന്ദ്രീകൃത പരിചരണം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിൽ എച്ച്.എം.സിയെ നയിക്കുക തുടങ്ങിയവയാണ് പേഷ്യന്റ് ആൻഡ് ഫാമിലി അഡ്വൈസറി കൗൺസിൽ ഗ്രൂപ്പുകളുടെ പ്രധാന ചുമതലകൾ.
പി.എഫ്.എ.സി സ്ഥാപിച്ചതിലൂടെ എച്ച്.എം.സി സൗകര്യങ്ങളിലുടനീളം ഫീഡ്ബാക്ക് പ്രക്രിയകൾ ഗണ്യമായി മെച്ചപ്പെടുത്തിയെന്ന് ഹമദ് ഹെൽത്ത് കെയർ ക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ടിലെ സെന്റർ ഫോർ പേഷ്യന്റ് എക്സ്പീരിയൻസ് ആൻഡ് സ്റ്റാഫ് എൻഗേജ്മെന്റ് ഡയറക്ടർ നാസർ അൽ നഈമി പറഞ്ഞു.
രോഗികളെയും അവരുടെ കുടുംബങ്ങളെയും സമൂഹത്തെയും കേൾക്കുന്നതും അവരുമായി ഇടപഴകുന്നതും പരിചരണത്തിന് ഒരു വ്യക്തി കേന്ദ്രീകൃത സമീപനം സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ പ്രധാന ഭാഗമാണെന്നും വിഡിയോ സന്ദേശത്തിൽ അൽ നഈമി കൂട്ടിച്ചേർത്തു.
രോഗീകേന്ദ്രീകൃത പരിചരണത്തിലേക്കുള്ള എച്ച്.എം.സിയുടെ യാത്രയുടെ ഭാഗമായി നിങ്ങളുടെ ശബ്ദം കേൾക്കുകയും കുടുംബത്തിന്റെയും രോഗിയുടെയും ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്ന ഫലപ്രദമായ ഫീഡ്ബാക്ക് പ്രക്രിയ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പി.എഫ്.എ.സിക്ക് രൂപം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
രോഗികളുടെയും കുടുംബങ്ങളുടെയും അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിന് ക്ലിനിക്കൽ, സപ്പോർട്ട് സ്റ്റാഫുകളുമായി സഹകരിക്കുന്ന രോഗികളുടെയും കുടുംബങ്ങളുടെയും പരിചരണം നൽകുന്നവരുടെയും ആവശ്യങ്ങൾ നിറവേറ്റുകയെന്നതാണ് ഇതിന്റെ വസ്തുതയെന്നും അൽ നഈമി ചൂണ്ടിക്കാട്ടി.
എച്ച്.എം.സിയുടെ ക്ലിനിക്കൽ, അഡ്മിനിസ്ട്രേറ്റിവ്, സപ്പോർട്ട് സ്റ്റാഫുമായി സഹകരിക്കുന്ന രോഗികൾ, കുടുംബങ്ങൾ, പരിചരണം നൽകുന്നവർ എന്നിവരടങ്ങുന്നതാണ് പി.എഫ്.എ.സി ഗ്രൂപ്പുകൾ. നിലവിൽ നിരവധി രോഗികളും കുടുംബങ്ങളും എച്ച്.എം.സിയുടെ പി.എഫ്.എ.സിയുടെ ഭാഗമായിട്ടുണ്ട്.
പ്രതിമാസം യോഗംചേരുകയും എച്ച്.എം.സിയിലുടനീളമുള്ള വിവിധ ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ കൗൺസിൽ ചർച്ച ചെയ്യുന്നുണ്ട്. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിലയിരുത്തുന്നതിനും ആവശ്യമായ വിവരങ്ങൾ PersonCenteredCare@hamad.qa എന്ന ഇ-മെയിൽ വിലാസത്തിലോ അല്ലെങ്കിൽ, 44395589 നമ്പറിലോ രാവിലെ ഏഴ് മുതൽ വൈകിട്ട് മൂന്നുവരെ നേരിട്ടോ അറിയിക്കാമെന്ന് അൽ നഈമി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.