ഖത്തർ ഭൂകമ്പത്തിൽ നിന്ന് അകലെയെന്ന് വിദഗ്ധൻ
text_fieldsദോഹ: തിങ്കളാഴ്ച തുർക്കിയയിലും സിറിയയിലുമായി സംഭവിച്ച ഭൂകമ്പത്തെ വിനാശകരമെന്ന് സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയിലെ ഭൂകമ്പ വിദഗ്ധൻ ഡോ. റെദ അബ്ദുൽ ഫത്താഹ്. ഏകദേശം 600 തുടർചലനങ്ങൾ നിരീക്ഷിച്ചതായും ഇതിൽ അഞ്ചെണ്ണവും ഭൂകമ്പം ഉണ്ടായ പ്രദേശത്താണ് അനുഭവപ്പെട്ടതെന്നും ഡോ. റെദ അബ്ദുൽ ഫത്താഹ് കൂട്ടിച്ചേർത്തു.
റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ വലിയ നാശനഷ്ടങ്ങളാണുണ്ടായതെന്നും ആയിരക്കണക്കിനാളുകൾക്ക് ജീവൻ നഷ്ടമായതായും നിരവധി പേർക്ക് പരിക്കേറ്റുവെന്നും ഖത്തർ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. നിരവധിയാളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. തെക്കൻ തുർക്കിയയിലും വടക്കൻ സിറിയയിലുമായി ഉണ്ടായ ഭൂകമ്പത്തിന്റെ തുടർചലനങ്ങൾ കുറഞ്ഞുവെന്നും ഡോ. അബ്ദുൽ ഫത്താഹ് ചൂണ്ടിക്കാട്ടി.
അതേസമയം, ഖത്തർ ഭൂകമ്പ ഭീഷണിയിൽനിന്ന് വളരെ അകലെയാണെന്ന് അദ്ദേഹം അറിയിച്ചു. ഖത്തർ ഭൂകമ്പ രേഖയിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂകമ്പങ്ങൾ നിരീക്ഷിക്കുന്നതിനായി 2014ൽ സ്ഥാപിതമായ ഖത്തർ സീസ്മിക് നെറ്റ്വർക്ക്, ജി.സി.സി രാജ്യങ്ങളിലെയും അന്താരാഷ്ട്ര തലത്തിലെയും ശൃംഖലകളുമായുള്ള അതിന്റെ സഹകരണം സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു.
ഒമ്പത് ഭൂകമ്പ നിരീക്ഷണ സ്റ്റേഷനുകൾ ഉൾപ്പെടെ ഏറ്റവും പുതിയ സാങ്കേതികളും സംവിധാനങ്ങളുമാണ് ഖത്തർ സീസ്മിക് നെറ്റ് വർക്കിൽ സജ്ജീകരിച്ചിരിക്കുന്നത്.
100 മീറ്ററിൽ താഴെ ആഴത്തിൽ മൂന്ന് സ്റ്റേഷനുകളും ആറ് ഉപരിതല സ്റ്റേഷനുകളും ഇതിലുൾപ്പെടും. ഭൂകമ്പ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിലും ആസന്നമായ ഭൂചലന മുന്നറിയിപ്പ് നൽകുന്നതിലും ഇവയുടെ പങ്ക് വലുതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.