വാക്സിനാണ് സുരക്ഷയെന്ന് വിദഗ്ധർ
text_fieldsദോഹ: കോവിഡ് വകഭേദങ്ങളായ ഡെൽറ്റയും, ഇപ്പോൾ ഒമിക്രോണും കടന്നുപോവുന്നതിനിടെ ഇനിയും വാക്സിൻ സ്വീകരിക്കാത്തവർക്ക് മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. വാക്സിൻ സ്വീകരിച്ചവർ കൊറോണ വൈറസുകളുടെ പുതു വകഭേദങ്ങൾക്കെതിരെ പൂർണവിജയം നേടുമ്പോൾ വാക്സിൻ സ്വീകരിക്കാത്തവർക്ക് അപകടസാധ്യത ഏറെയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇത്തരക്കാർ അണുബാധമൂലം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടാൻ എട്ടുമടങ്ങ് സാധ്യത ഏറെയാണെന്ന് കഴിഞ്ഞ കാല പരിചയത്തിന്‍റെ അടിസ്ഥാനത്തിൽ ആരോഗ്യ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു.
2021 ഡിസംബര്‍ 15 മുതല്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളെ വിശകലനം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം.
വാക്സിനേഷൻ സാർവത്രികമാക്കിയതും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാ പ്രായ വിഭാഗങ്ങൾക്കും കുത്തിവെപ്പ് നൽകിയതും വഴി രോഗ വ്യാപനവും ഐ.സി.യു പ്രവേശനവും ഗണ്യമായി കുറക്കാൻ കഴിഞ്ഞെന്ന് എച്ച്.എം.സി ഐ.സി.യു ആക്ടിങ് ചെയർമാൻ ഡോ. അഹമ്മദ് അൽ മുഹമ്മദ് വ്യക്തമാക്കി. ഒന്നാം തരംഗത്തിൽ 300പേർ ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും മൂന്നാം തരംഗത്തിൽ ഇത് നൂറിലേക്ക് കുറഞ്ഞു.
ആദ്യ തരംഗത്തിൽ 3000ത്തോളം പേരാണ് ആശുപത്രികളിൽ ചികിത്സ തേടിയതെങ്കിൽ നിലവിൽ അത് 650 ലേക്ക് ചുരുങ്ങി. കോവിഡിനെതിരെ പൊതുജനങ്ങളെല്ലാം വാക്സിൻ സ്വീകരിച്ച് രോഗ പ്രതിരോധ ശേഷി ആർജിച്ചതുകൊണ്ടാണിതെന്ന് ഡോ. അഹമ്മദ് അൽ മുഹമ്മദ് വിശദീകരിച്ചു.
ഒരു ഡോസോ, രണ്ട് ഡോസോ എടുത്തവർക്കും ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്കും കോവിഡ് അണുബാധയില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നുണ്ട്. ഒരു ഡോസ് മാത്രം സ്വീകരിക്കുകയോ അല്ലെങ്കിൽ രണ്ടാം ഡോസ് എടുത്ത് ആറുമാസം കഴിഞ്ഞിട്ടും ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്കും ഒരു പരിധിവരെ അണുബാധക്കെതിരെ പ്രതിരോധം നിലനിർത്താൻ കഴിയുന്നുണ്ട്. എന്നാൽ, പൂർണമായി വാക്സിൻ എടുത്തവരെക്കാൾ പ്രതിരോധശേഷി കുറവാണ്. അതേസമയം, തീരെ വാക്സിൻ എടുക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ഭാഗികമായി പ്രതിരോധകുത്തിവെപ്പ് എടുത്തവർ ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിക്കപ്പെടുന്നത് മൂന്ന് മടങ്ങ് കുറവായതായാണ് വ്യക്തമാവുന്നതെന്ന് ഡോ. അഹമ്മദ് അൽ മുഹമ്മദ് പറഞ്ഞു.
കോവിഡിനെതിരായ ചികിത്സയിൽ നൂതന മരുന്നുകളും വാക്സിനുകളും കണ്ടെത്തുന്നതായും, അധികം വൈകാതെ തന്നെ ഇത്തരം മരുന്നുകൾ ഖത്തറിലും എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും, ഏത് ഘട്ടത്തെയും നേരിടാനാവുന്ന വിധത്തിൽ രാജ്യത്തെ ആരോഗ്യരംഗം ശക്തമാണ്. ഐ.സി.യു വിഭാഗവും ഏറ്റവും സുരക്ഷിതമായ ചികിത്സ നിലവാരവുമായി സജ്ജമാണ്. എങ്കിലും, രോഗം വന്ന് ചികിത്സ തേടുന്നതിനേക്കാൾ നല്ലത്, പ്രതിരോധം തീർത്ത് രോഗം വരാതെ നോക്കലാണ്. അതിനുള്ള മാർഗം വാക്സിനേഷനാണ്.
'മൂന്നാം തരംഗത്തിൽ കൂടുതൽ കുട്ടികൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ അവരിൽ ഐ.സി.യു ചികിത്സ ആവശ്യമായവർ വളരെ കുറവായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെട്ടവർ ഏറെയും പ്രായം ചെന്നവരും, ഗുരുതര രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവരുമായിരുന്നു. അവരിൽ ഏറെയും വാക്സിൻ പൂർണമായും സ്വീകരിക്കാത്തവരായിരുന്നു' -അദ്ദേഹം വിശദീകരിച്ചു.
കോവിഡിനെതിരായ പോരാട്ടത്തിൽ ഖത്തറിലെ ആരോഗ്യ പ്രവർത്തകർ അക്ഷീണം പ്രയത്നിക്കുന്നവരാണ്. പലപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിൽ പ്രവേശിക്കപ്പെട്ടവർ ജീവൻ നിലനിർത്താൻ പൊരുതുന്നത് ഞങ്ങളുടെ ടീം അംഗങ്ങൾക്ക് കാണ്ടേണ്ടിവരുന്നുണ്ട്. വാക്സിൻ സ്വീകരിക്കുക എന്ന ലളിതമായ നടപടികൊണ്ട് ഇത് മറികടക്കാം' -ഡോ. അഹമ്മദ് അൽ മുഹമ്മദ് പറയുന്നു.
നിലവിൽ 58 ലക്ഷം ഡോസ് വാക്സിനുകളാണ് ഖത്തറിൽ ഇതുവരെ നൽകിയത്. അതിൽ എട്ടു ലക്ഷത്തിലേറെ ബൂസ്റ്റർ ഡോസും ഇതിനകം വിതരണം ചെയ്തു. അഞ്ചിന് മുകളിൽ പ്രായമുള്ള കുട്ടികളുടെ വാക്സിനേഷനും ഞായറാഴ്ച മുതൽ സജീവമായിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.