എക്സ്പോ 2023: വൈവിധ്യമാർന്ന പരിപാടികളുമായി അമേരിക്കൻ എംബസി
text_fieldsദോഹ: ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന അന്താരാഷ്ട്ര ഹോർട്ടി കൾചറൽ എക്സിബിഷൻ എക്സ്പോ 2023ൽ പങ്കാളിത്തം പ്രഖ്യാപിച്ച് ഖത്തറിലെ അമേരിക്കൻ എംബസി. എംബസിയുടേതായി പ്രത്യേക പവിലിയൻ ഉണ്ടാകില്ലെങ്കിലും ശാസ്ത്ര വിദ്യാഭ്യാസവും സുസ്ഥിരതയും ഉൾപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന നിരവധി പൊതു പരിപാടികൾ എംബസിക്കു കീഴിൽ സംഘടിപ്പിക്കുമെന്ന് അമേരിക്കൻ എംബസി വക്താവ് പറഞ്ഞു.ശാസ്ത്ര വിദ്യാഭ്യാസം, സുസ്ഥിരത, മൂല്യങ്ങൾ എന്നിവ ഉയർത്തിക്കാട്ടുന്ന നിരവധി പൊതുപരിപാടികളാണ് അമേരിക്കൻ എംബസി ആവിഷ്കരിച്ച് നടപ്പാക്കുകയെന്നും അതിലൂടെ എംബസി എക്സ്പോയുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു പവിലിയൻ ഇല്ലെങ്കിലും അമേരിക്കൻ സംസ്കാരത്തെയും നവീകരണം, സഹകരണം എന്നിവയെയും ആഗോളതലത്തിൽ ഈ സംരംഭങ്ങൾ പ്രദർശിപ്പിക്കുമെന്നും വക്താവ് വ്യക്തമാക്കി. ലോകമെങ്ങുമുള്ള പങ്കാളികളുമായി ബന്ധം വളർത്തിയെടുക്കുമെന്നും എംബസി വക്താവ് സൂചിപ്പിച്ചു. കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും സുസ്ഥിരതയുടെ പ്രാധാന്യത്തെ സംബന്ധിച്ചും അവബോധം വളർത്തുന്നതിനായി എക്സ്പോ ദോഹ 2023ൽ പങ്കെടുക്കുന്നവരുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിലും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുമായി ഖത്തറിലെ അമേരിക്കൻ എംബസി സർക്കാർ ഏജൻസികളുമായും മറ്റു പങ്കാളികളുമായും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.2024 മാർച്ച് 28 വരെ 179 ദിവസം നീണ്ടുനിൽക്കുന്ന എക്സ്പോ നിർണായകമായ പാരിസ്ഥിതിക വെല്ലുവിളികളെക്കുറിച്ചുള്ള സംഭാഷണങ്ങളും സംവാദങ്ങളും ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാന വേദിയായി മാറും. ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി എന്ന പ്രമേയത്തിൽ മരുഭൂവത്കരണം ലഘൂകരിക്കുന്നതിനും കുറക്കുന്നതിനുമുള്ള ക്രിയാത്മക രീതികളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ പ്രചോദനം നൽകാനും പ്രചരിപ്പിക്കാനും എക്സ്പോ വേദിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.