കലയും വിജ്ഞാനവുമായി എക്സ്പോയിൽ സൗദി ദിനാഘോഷം
text_fieldsദോഹ: സൗദിയുടെ കലാ, സാംസ്കാരിക പ്രദർശനങ്ങളോടെ ദോഹ എക്സ്പോ വേദിയിൽ സൗദി ദിനാഘോഷം. മുനിസിപ്പാലിറ്റി മന്ത്രിയും എക്സ്പോ ദോഹ ദേശീയസമിതി അധ്യക്ഷനുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഇയുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷം. ഖത്തറിലെ നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാരും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
സൗദി ദിനത്തോടനുബന്ധിച്ച് കലാ-പൈതൃക പ്രദർശനങ്ങളും നടന്നു. ശേഷം മന്ത്രിയടക്കമുള്ള ഉന്നത വ്യക്തികൾ സൗദി പവിലിയൻ സന്ദർശിച്ചു. സുസ്ഥിരത കൈവരിക്കുന്നതിനും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിനും ജലസുരക്ഷ കൈവരിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനുമുള്ള സൗദിയുടെ ശ്രമങ്ങളും നേട്ടങ്ങളും സൗദി പരിസ്ഥിതി, ജല, കൃഷി വകുപ്പ് സഹമന്ത്രി മൻസൂർ ബിൻ ഹിലാൽ അൽ മുഷൈത്തി പവിലിയനിലെത്തിയവർക്ക് വിശദീകരിച്ചു നൽകി.
ശുദ്ധ ഊർജത്തെ ആശ്രയിക്കുന്നതിനും, കാർബൺ ബഹിർഗമനം കുറക്കുക, ഹരിത ഇടങ്ങൾ വർധിപ്പിക്കുക, സുസ്ഥിര മാലിന്യ സംസ്കരണം എന്നിവക്കുമായി രാജ്യം സ്വീകരിച്ചിരിക്കുന്ന സംരംഭങ്ങളും പദ്ധതികളും വിശദീകരിച്ചു.ദോഹ എക്സ്പോയുടെ സംഘാടനത്തെയും ആതിഥ്യമര്യാദയെയും സൗദി പവിലിയൻ സൂപ്പർവൈസർ സാലിഹ് ബിൻ അബ്ദുൽ മുഹ്സിൻ ബിൻ ദഖീൽ അഭിനന്ദിച്ചു.
ജനങ്ങൾക്കിടയിൽ സാംസ്കാരികവും നാഗരികവുമായ കൈമാറ്റം പ്രോത്സാഹിപ്പിക്കാനും ആഗോള ഉത്സവം സംഘടിപ്പിക്കാനനുകൂല അന്തരീക്ഷം തിരഞ്ഞെടുത്തതിനും സംഘാടകരെ അദ്ദേഹം പ്രശംസിച്ചു.
മരുഭൂവത്കരണത്തെ ചെറുക്കുന്നതിനുള്ള നൂതന പരിഹാര മാർഗങ്ങളാണ് പവിലിയനിൽ എടുത്തുകാണിക്കുന്നതതെന്ന് സാലിഹ് ദഖീൽ വ്യക്തമാക്കി. സമഗ്ര വികസനത്തിലും പരിസ്ഥിതി, കൃഷി, ജലം എന്നിവക്കിടയിൽ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും രാജ്യത്തിന്റെ ലക്ഷ്യത്തെ അടിവരയിടുന്നതാണ് എക്സ്പോയിലെ സൗദിയുടെ പങ്കാളിത്തമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, സൗദി പവിലിയൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുകയാണ്. എക്സ്പോ അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുമെന്ന് വിശ്വസിക്കുന്നതായും ദഖീൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.