എക്വഡോർ കാർഷിക വിശേഷങ്ങളുമായി എക്സ്പോ പവിലിയൻ
text_fieldsദോഹ: പരിസ്ഥിതിസ്നേഹികളെയും സന്ദർശകരെയും ആകർഷിച്ച് ഒരു മാസം പിന്നിടുന്ന ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോ വേദിയിൽ എക്വഡോർ പവിലിയൻ സന്ദർശകർക്കായി തുറന്നുകൊടുത്തു. വിവിധ രാജ്യങ്ങളുടെ അംബാസഡർമാരുടെയും നയതന്ത്ര, സർക്കാർ പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് മിഡിലീസ്റ്റിലെ സഞ്ചാരികൾക്ക് പുതു അനുഭവങ്ങളുമായി എക്സ്പോ വേദിയിൽ എക്വഡോർ സാന്നിധ്യമറിയിക്കുന്നത്. ഖത്തറിലെ എക്വഡോർ എംബസിയാണ് പവിലിയൻ സജ്ജമാക്കിയത്.
എക്വഡോറിന്റെ ഏറ്റവും സവിശേഷ സാംസ്കാരിക, ടൂറിസം, ചരിത്ര മേഖലകൾ പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതിനുള്ള വേദികൂടിയാക്കി മാറ്റിയാണ് പവിലിയൻ ഒരുക്കിയത്. രാജ്യത്തിന്റെ കരകൗശലവസ്തുക്കളും അവിടത്തെ ഏറ്റവും പ്രധാനപ്പെട്ട പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവയും പവിലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
എക്വഡോറിൽ മാത്രം കണ്ടുവരുന്ന പ്രാദേശിക സസ്യങ്ങളും സന്ദർശകർക്കായി എത്തിച്ചിട്ടുണ്ട്. എക്വഡോറിൽ കാർഷികമേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്ന ഒരു വിഭാഗമാണ് ശ്രദ്ധേയം. ഭക്ഷ്യസുരക്ഷ, ഉൽപാദന വർധന, ജലസംരക്ഷണം എന്നിവ കൈവരിക്കുന്നതിലും എക്വഡോറിലെ കാർഷിക മേഖലയെ ഉയർത്തിക്കൊണ്ടുവരുന്നതിലും അതിന്റെ സംഭാവനകളും ഇവിടെ സന്ദർശകർക്കായി പരിചയപ്പെടുത്തുന്നു.
തെക്കനമേരിക്കൻ രാജ്യമായ എക്വഡോറിന്റെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങൾ, അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ, നദികൾ, കടലുകൾ, പർവതങ്ങൾ, വനമേഖലകൾ, ആകർഷകമായ ദ്വീപുകൾ, അഗ്നിപർവതങ്ങൾ എന്നിവയും ഏറെ പ്രസിദ്ധമായ ഉഷ്ണമേഖല, പർവത പുഷ്പങ്ങളുടെ വിവിധ തരങ്ങളും പവിലിയനിലെത്തുന്ന സന്ദർശകർക്ക് പരിചയപ്പെടാൻ സംഘാടകർ അവസരമൊരുക്കിയിട്ടുണ്ട്.
വാഴപ്പഴം, കൊക്കോ, കാപ്പി എന്നിവയുടെ ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി രാജ്യങ്ങളിലൊന്നായതിനാൽ രാജ്യത്തെ വാഴപ്പഴ, കാപ്പി, കൊക്കോ ഫാമുകളുടെ വിവരണവും പവിലിയൻ നൽകുന്നുണ്ട്.എക്സ്പോയിൽ പങ്കെടുക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും മരുഭൂമിയിൽ ആദ്യമായി നടക്കുന്ന ഇത്തരത്തിലുള്ള സുപ്രധാന പരിപാടിയായതിനാലും ഖത്തറിന്റെ ആതിഥേയത്വത്താലും വ്യതിരിക്തവും മികവുറ്റതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഖത്തറിലെ എക്വഡോർ സ്ഥാനപതി പാസ്കൽ ഡെൽസിയോപ്പോ അരഗുൻഡി പവിലിയൻ ഉദ്ഘാടനശേഷം പറഞ്ഞു.
കൃഷി, സുസ്ഥിരത, ഹോർട്ടികൾചർ, ജലം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ എക്വഡോർ അംബാസഡർ, അന്തർദേശീയ ഹോർട്ടികൾചറൽ എക്സിബിഷനിൽ ഓരോ രാജ്യത്തെയും ഏറ്റവും മികച്ചവ പ്രദർശിപ്പിക്കാനുള്ള അവസരമാണ് എക്സ്പോയെന്നും കൂട്ടിച്ചേർത്തു.കൃഷിയുമായും കരകൗശലവുമായും ബന്ധപ്പെട്ട നിരവധി വിദ്യാഭ്യാസ, ബോധവത്കരണ പരിപാടികൾ പവിലിയനിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.