എക്സ്പോ: ഖത്തർ ടൂറിസവുമായി സഹകരിച്ച് വളന്റിയർ പരിശീലനം
text_fieldsദോഹ: ദോഹ എക്സ്പോയുടെ സുഖകരമായ നടത്തിപ്പിന്റെ ഭാഗമായി ജീവനക്കാർക്കും വളന്റിയർമാർക്കും പരിശീലനം നൽകി ഖത്തർ ടൂറിസം. സർവിസ് എക്സലൻസ് അക്കാദമിയുടെ രണ്ടു വ്യത്യസ്ത പരിശീലന പരിപാടികളാണ് ജീവനക്കാർക്കായി തയാറാക്കിയിരിക്കുന്നത്.
സേവനാധിഷ്ഠിത സമീപനം, ആശയവിനിമയ കഴിവുകൾ, പ്രശ്നപരിഹാരം എന്നിവ ഉൾപ്പെടെയാണ് പരിശീലനം. എക്സ്പോ സന്ദർശകർക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിന് പങ്കെടുക്കുന്നവരുടെ കഴിവുകളും മാനസികാവസ്ഥയും ഉയർത്തുകയാണ് കോഴ്സിലൂടെ ചെയ്യുന്നത്.
എക്സ്പോ ജീവനക്കാരും സന്നദ്ധ പ്രവർത്തകരുമായ 600ലധികം പേർ ഇതിനകം ഖത്തർ ടൂറിസത്തിന്റെ ഓൺലൈൻ പരിശീലന പരിപാടിയായ ഖത്തർ ഹോസ്റ്റ് പൂർത്തിയാക്കി. മുൻനിര പ്രഫഷനലുകളെ ശാക്തീകരിക്കുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന പ്രഥമ ഓൺലൈൻ വിദ്യാഭ്യാസ കോഴ്സ് കൂടിയാണിത്.
എക്സ്പോ സന്ദർശകർക്ക് യാത്രയിലുടനീളം എല്ലാ ടച്ച് പോയന്റുകളിലും മികച്ചതും അവിസ്മരണീയവുമായ അനുഭവം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഖത്തർ ടൂറിസം മാർക്കറ്റിങ് ആൻഡ് പ്രമോഷൻ ഉദ്യോഗസ്ഥയായ മൗസ അൽ മഅ്ദാദി പറഞ്ഞു.
ജീവനക്കാർക്കും സന്നദ്ധ പ്രവർത്തകർക്കും ആവശ്യമായ കഴിവുകൾ നൽകുന്നതിൽ എക്സലൻസ് അക്കാദമിയുമായുള്ള സഹകരണം സുപ്രധാനമാണെന്ന് എക്സ്പോ പബ്ലിക് റിലേഷൻസ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം മാനേജർ ഹൈഫ അൽ ഒതൈബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.