എക്സ്പോ വളൻറിയർ; ആവേശം വാനോളം
text_fieldsദോഹ: രജിസ്േട്രഷൻ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ വൻ സ്വീകാര്യത നേടി ദോഹ എക്സ്പോ വളൻറിയറിങ്. നാലു ദിനം കൊണ്ട് 50,000ത്തിൽ ഏറെ പേർ വളൻറിയർമാരാവാൻ സന്നദ്ധത അറിയിച്ചതിനുപിന്നാലെ രജിസ്ട്രേഷൻ നടപടികൾ അവസാനിപ്പിച്ചു അധികൃതർ.
കഴിഞ്ഞ വ്യാഴാഴ്ചയാണ് എക്സ്പോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വളൻറിയർ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചത്. അതിവേഗത്തിൽ രജിസ്ട്രേഷൻ പുരോഗമിച്ചതിനുപിന്നാലെ, തിങ്കാളാഴ്ച വൈകുന്നേരത്തോടെ രജിസ്ട്രേഷൻ വിൻഡോ നിർത്തിവെച്ചു.
ഒക്ടോബർ രണ്ടിന് ആരംഭിച്ച് 2024 മാർച്ച് 28 വരെ ആറു മാസത്തോളം നീണ്ടു നിൽക്കുന്ന എക്സ്പോക്കായി 2200 വളൻറിയർമാരുടെ സേവനമാണ് സംഘാടകർ ആവശ്യപ്പെടുന്നത്. എന്നാൽ, ആവശ്യമായതിന്റെ പതിന്മടങ്ങ് രജിസ്ട്രേഷൻ ഉയർന്നത് സംഘാടകരെയും ഞെട്ടിച്ചു. സ്വയം സേവനത്തിന് സന്നദ്ധരായ എല്ലാവരെയും അഭിനന്ദിച്ചുകൊണ്ടാണ് സംഘാടകർ രജിസ്ട്രേഷൻ നടപടി അവസാനിപ്പിച്ചത്.
ലോകകപ്പ് ഫുട്ബാളിന് വിജയകരമായ ആതിഥ്യം ഒരുക്കിയ ശേഷം ഖത്തറിൽ അരങ്ങേറുന്ന ഏറ്റവും വലിയ മേള കൂടിയാണ് അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോ. വളൻറിയർ രജിസ്ട്രേഷന് ആവശ്യമായ നടപടി ക്രമങ്ങൾ നേരത്തെ തന്നെ സംഘാടകർ പുറത്തുവിട്ടിരുന്നു.
സെപ്റ്റംബർ ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്ന ആർക്കും വളൻറിയറാവാൻ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷനു ശേഷം അപേക്ഷകൾ പരിശോധിച്ചശേഷം തെരഞ്ഞെടുക്കപ്പെട്ടവരുടെ അഭിമുഖം ആരംഭിക്കും. അതിൽനിന്നാണ് വളൻറിയറെ നിയമിക്കുക.
തുടർന്ന് ഇവരുടെ റോളും ഡ്യൂട്ടിയും വ്യക്തമാക്കുന്ന അറിയിപ്പ് നൽകുകയും പരിശീലനം ആരംഭിക്കുകയും ചെയ്യും. വളൻറിയർ അക്രഡിറ്റേഷനും യൂനിഫോമും നൽകുന്നതോടെ തങ്ങളുടെ ചുമതലയിൽ പ്രവേശിക്കുകയായി.
അധികൃതർ അറിയിച്ചതുപ്രകാരം ഓരോ വളൻറിയറും ആറു മാസത്തിനുള്ളിൽ 45 ഷിഫ്റ്റുകൾ പൂർത്തിയാക്കണമെന്നാണ് നിർദേശം. ആഴ്ചയിൽ രണ്ട് ഷിഫ്റ്റ് എന്ന നിലയിൽ ഡ്യൂട്ടി ചെയ്യണം. ആറ് മുതൽ എട്ടു മണിക്കൂർ വരെയാവും ഒരു ഷിഫ്റ്റിന്റെ ദൈർഘ്യം. ഒരു മാസത്തിൽ ഏഴ്, എട്ട് ദിവസങ്ങളിൽ ഡ്യൂട്ടി എടുക്കണം.
ലോകകപ്പ് ഫുട്ബാളും ഫിഫ അറബ് കപ്പും ഉൾപ്പെടെ ഖത്തർ വേദിയായ അന്താരാഷ്ട്ര കായിക ചാമ്പ്യൻഷിപ്പുകളുടെ സംഘാടനത്തിൽ നിർണായക പങ്കാളിത്തം നൽകിയ പ്രവാസി സമൂഹം ആവേശത്തോടെയാണ് എക്സ്പോ വളൻറിയറിങ്ങിൽ പങ്കാളികളാകുന്നത്. ലോകകപ്പ് ഫുട്ബാളിനായി 20,000ത്തോളം പേരാണ് ഖത്തറിൽ നിന്നും വളൻറിയർ ഡ്യുട്ടി നിർവഹിച്ചത്.
ചരിത്ര ദൗത്യത്തിൽ പങ്കാളികളാകുക എന്നതിനൊപ്പം മറ്റുള്ളവരെ സഹായിക്കാനും മികച്ചൊരു അനുഭവം നേടാനും ലക്ഷ്യമിട്ടാണ് വിവിധ കമ്യൂണിറ്റികളിൽനിന്നുള്ളവർ വളൻറിയറാവാൻ ഒരുങ്ങുന്നത്.
ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന എക്സ്പോക്ക് അൽ ബിദ പാർക്കിലെ 1.70 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള മേഖലയാണ് വേദിയാകുന്നത്. ‘ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി’ എന്ന പ്രമേയത്തിൽ മിഡിൽഈസ്റ്റ് ആദ്യമായി വേദിയാകുന്ന എക്സ്പോ പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് പുതിയ കാഴ്ചപ്പാടിന് കരുത്തേകുന്നതാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.