റെക്കോഡ് സന്ദർശകരുമായി എക്സ്പോ
text_fieldsദോഹ: ഒക്ടോബർ രണ്ടിന് ഉദ്ഘാടനം നിർവഹിച്ച് 40 ദിവസം പിന്നിടുമ്പോൾ സന്ദർശകപ്രവാഹത്തിൽ റെക്കോഡ് കുറിച്ച് ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോ. ഇതിനകം 6.50 ലക്ഷം പേർ എക്സ്പോ വേദിയിൽ സന്ദർശകരായി എത്തിയെന്ന് സെക്രട്ടറി ജനറൽ എൻജിനീയർ മുഹമ്മദ് അലി അൽ ഖൗറി പറഞ്ഞു.
അൽ ബിദ പാർക്കിലെ എക്സ്പോയുടെ ഭാഗമായി ഗൾഫ് എൻജിനീയറിങ് യൂനിയൻ പവിലിയൻ ഉദ്ഘാടനം ചെയ്താണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മധ്യപൂർവേഷ്യയിൽ ആദ്യമായി വിരുന്നെത്തിയ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോയെ സ്വദേശികളും പ്രവാസികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സന്ദർശകരും നെഞ്ചേറ്റിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യമായി മരുഭൂ മണ്ണിൽ നടക്കുന്ന ഹോർട്ടി കൾചറൽ എക്സ്പോ എന്ന സവിശേഷതയും ദോഹ എക്സ്പോക്കുണ്ട്. ‘ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി’ പ്രമേയത്തിൽ തുടരുന്ന ദോഹ എക്സ്പോയിലേക്ക് സ്കൂൾ വിദ്യാർഥികൾ, വിദേശ സന്ദർശകർ, പരിസ്ഥിതി പ്രവർത്തകർ, പഠിതാക്കൾ ഉൾപ്പെടെ നിരവധി പേരാണ് സന്ദർശകരായി എത്തുന്നത്. വിവിധ രാജ്യങ്ങളുടെ കാർഷിക, പരിസ്ഥിതി സംരക്ഷണ പദ്ധതികൾ അറിയാനും സാംസ്കാരിക പൈതൃകങ്ങൾ മനസ്സിലാക്കാനുമായി നിരവധി പേർ എത്തുന്നുണ്ട്.
മാർച്ച് 28 വരെ നീളുന്ന എക്സ്പോയുടെ ഭാഗമായുള്ള പവിലിയനുകളിൽ 80 ശതമാനത്തിലേറെയും ഇതിനകം തുറന്നതായി മുഹമ്മദ് അലി അൽഖൗറി പറഞ്ഞു. വരും മാസങ്ങളിലായി മറ്റു രാജ്യങ്ങളുടെ കൂടി പവിലിയനുകളും തുറക്കും.
ഏഷ്യ, ആഫ്രിക്ക, തെക്കൻ അമേരിക്ക, യൂറോപ് തുടങ്ങിയ വൻകരകളിൽ നിന്ന് വൈവിധ്യമാർന്ന സംസ്കാരവും പൈതൃകവും അവതരിപ്പിക്കുന്ന പവിലിയനുകൾ സന്ദർശകരെ ഏറെ ആകർഷിക്കുന്നതാണ്. വിവിധ പവിലിയനുകൾ ഉൾക്കൊള്ളുന്ന ഇൻറർനാഷനൽ സോണും കലാപരിപാടികളും ചർച്ചകളും സെമിനാറുകളും അടങ്ങുന്ന കൾച്ചറൽ, ഫാമിലി സോണുകളുമാണ് എക്സ്പോയിൽ സന്ദർശകരെ വരവേൽക്കുന്നത്. ഖത്തറിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ, പ്രഭാഷണങ്ങൾ എന്നിവയും എക്സ്പോയുടെ ഭാഗമായി നടക്കുന്നതായി അൽ ഖൗറി പറഞ്ഞു.
കാർഷിക, ജലസേചന മേഖലകളിലെ നൂതന സംവിധാനങ്ങളും സുസ്ഥിര സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുന്നതാണ് ഗൾഫ് എൻജിനീയറിങ് യൂനിയൻ പവിലിയനുകൾ. എൻജിനീയർമാർ മുതൽ അവരുടെ അനുഭവസമ്പത്ത് വരെ വിശദീകരിക്കുന്ന നാല് വിഭാഗങ്ങളാണ് എൻജിനീയറിങ് യൂനിയൻ പവിലിയന്റെ സവിശേഷത.
കാർഷിക വികസനത്തിലെ എൻജിനീയറിങ് ടെക്നിക്സ്, സ്മാർട്ട് ഇറിഗേഷൻ വിദ്യകൾ, ഫാം മാനേജ്മെന്റിലെ റോബോട്ടിക് ഉപയോഗം എന്നിവയും ഇതിന്റെ ഭാഗമാവുന്നു. സ്പോർട്സ് ഉൾപ്പെടെ വിനോദ പരിപാടികളും പവിലിയനോട് അനുബന്ധമായി സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.