കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ ഖത്തറിൽ
text_fieldsദോഹ: കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ ഖത്തർ സന്ദർശിച്ചു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ഉൾപ്പെടെ പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുക, വ്യാപാരം, നിക്ഷേപം, ഊർജം, സുരക്ഷ, സാംസ്കാരിക വിനിമയം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു സന്ദർശനം. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സമകാലിക സംഭവവികാസങ്ങളും പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങളും ചർച്ചയായി. ഇന്ത്യ -ഖത്തർ ബന്ധം ചരിത്രപരമാണെന്നും സഹകരണം പുതിയ ഉയരങ്ങളിലെത്തിക്കാൻ നേതാക്കളുടെ സന്ദർശനം ഉപകാരപ്പെടുമെന്നും ഡോ. എസ്. ജയ്ശങ്കർ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ സന്ദർശിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയത് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ അടുത്ത സുഹൃത്താണെന്നും ഇരു രാജ്യങ്ങൾക്കും സഹകരണത്തിനും ഒരുമിച്ച് വളരാനും ഒരുപാട് സാധ്യതകൾ ഉണ്ടെന്നും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി പറഞ്ഞു. ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വലിയ വളർച്ചയാണ് ഈയടുത്ത കാലങ്ങളിൽ രൂപപ്പെട്ടിട്ടുള്ളത്. സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ ഖത്തറും ഇന്ത്യയും തമ്മിൽ അടിയുറച്ച ബന്ധമാണ് തുടർന്നു പോരുന്നത്. വിവിധ മേഖലകളിലായി ഏഴ് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ഖത്തറിൽ നിലവിലുള്ളത്. ഖത്തറിൽ നിന്നും ഏറ്റവും കൂടുതൽ കയറ്റുമതി നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുന്നിലാണ്. ഖത്തറിന്റെ ഇന്ത്യയിലേക്കുള്ള പ്രധാന കയറ്റുമതി പെട്രോ കെമിക്കല്‍സ്, എൽ.എൻ.ജി, രാസവളങ്ങള്‍, സള്‍ഫര്‍, ഇരുമ്പ് പൈറൈറ്റുകള്‍ തുടങ്ങിയവയാണ്. ആക്സസറികള്‍, മനുഷ്യനിര്‍മിത നൂല്, തുണിത്തരങ്ങള്‍, കോട്ടണ്‍ നൂല്, ഗതാഗത ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ലോഹങ്ങള്‍, അയിരുകള്‍, ധാതുക്കള്‍ എന്നിവയാണ് ഖത്തര്‍ പ്രധാനമായും ഇന്ത്യയില്‍നിന്നും ഇറക്കുമതി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.