കടുത്ത ചൂട്; പച്ചക്കറികൃഷിക്ക് വെല്ലുവിളിയെന്ന് കർഷകർ
text_fieldsദോഹ: അന്തരീക്ഷ താപനില ഉയർന്നതോടെ പ്രാദേശിക പച്ചക്കറി ഉൽപാദനത്തിൽ ഗണ്യമായ ഇടിവ് വന്നതായി റിപ്പോർട്ട്. അൽ സൈലിയ സെൻട്രൽ മാർക്കറ്റിൽ നിന്നുള്ള റിപ്പോർട്ടുകളെ ഉദ്ധരിച്ച് പ്രാദേശിക അറബി പത്രമായ 'അൽ റായ' ആണ് ഇക്കാര്യം പുറത്തുവിട്ടത്. പച്ചക്കറി ഉൽപാദിപ്പിക്കുന്നതിനുള്ള ഗ്രീൻ ഹൗസുകളിൽ താപനില ഏഴ് മുതൽ എട്ടുവരെ ഡിഗ്രി മാത്രമേ കുറക്കാൻ സാധിക്കുകയുള്ളൂവെന്നും കടുത്ത വേനലിൽ 30 ഡിഗ്രിക്ക് താഴെ താപനില കുറക്കാൻ സാധിക്കാറില്ലെന്നും പ്രാദേശിക ഫാം ഉടമകൾ പറഞ്ഞു. പച്ചക്കറി ഉൽപാദനത്തിന് ഇത് പ്രധാന വെല്ലുവിളിയായി മാറും.
മുനിസിപ്പാലിറ്റി മന്ത്രാലയം പുറത്തുവിട്ട 2021ലെ കാർഷിക കണക്കുകൾ പ്രകാരം രാജ്യത്ത് 352 ഫാമുകളിലായി 13,601 ശീതീകരിച്ച ഗ്രീൻ ഹൗസുകളാണുള്ളത്. ഇറക്കുമതി ചെയ്ത അധിക ഗ്രീൻ ഹൗസുകളും കടുത്ത വേനലിലേക്ക് അനുയോജ്യമല്ലെന്നും ഫാം ഉടമകൾ പറയുന്നു. കടുത്ത വേനലിൽ ഉൽപാദന മൂല്യത്തെക്കാൾ ഗ്രീൻ ഹൗസിനുള്ള വൈദ്യുതി ചാർജ് കൂടുന്നതായും വേനൽ സീസണിൽ പ്രാദേശിക പച്ചക്കറികളുടെ ലഭ്യത കുറക്കുന്നതിന് ഇത് കാരണമാകുന്നുവെന്നും ഫാം ഉടമയായ മുബാറക് റാഷിദ് അൽ നുഐമി പറഞ്ഞു. ഉയർന്ന ഉൽപാദനച്ചെലവ് മൂലം വേനൽക്കാലത്ത് പച്ചക്കറി ഉൽപാദനം നിർത്തിവെക്കാൻ അധിക ഫാം ഉടമകളും നിർബന്ധിതരാകുകയാണെന്നും അൽ നുഐമി കൂട്ടിച്ചേർത്തു.
സാധാരണ കാർഷിക സീസണിന് സമാനമായ അന്തരീക്ഷം ഒരുക്കുന്നതിനുള്ള ശീതീകൃത ഗ്രീൻ ഹൗസുകൾ വേനലിൽ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നില്ലെന്നും അതോടൊപ്പം മണ്ണിെൻറ താപനില വർധിക്കുന്നതും ഭൂഗർഭജല താപനില ഉയരുന്നതും കാർഷിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളിൽ പെട്ടതാണെന്നും ഫാം ഉടമയായ നാസർ അൽ ഖലഫ് പറഞ്ഞു. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ കൃഷി സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും ഇറക്കുമതി ചെയ്ത ശീതീകൃത ഗ്രീൻ ഹൗസുകൾ നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമല്ലെന്നും നാസർ അൽ കുവാരി വ്യക്തമാക്കി. സാങ്കേതികമായും സാമ്പത്തികമായും വേനൽക്കാലത്തെ കൃഷി പ്രയോജനം ചെയ്യുന്നില്ലെന്നും പൂർണമായും ശീതീകരിച്ച ഗ്രീൻ ഹൗസുകളാണ് വേണ്ടതെന്നും മറ്റൊരു ഫാം ഉടമ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.