വേഗപ്പോരിന്റെ ആവേശം; എഫ്-വൺ റോഡ്ഷോക്ക് തുടക്കം
text_fieldsദോഹ: ഒക്ടോബർ ആറുമുതൽ എട്ടുവരെ ലുസൈൽ അന്താരാഷ്ട്ര സർക്യൂട്ടിൽ നടക്കുന്ന ഫോർമുല-വൺ ഖത്തർ ഗ്രാൻഡ് പ്രിയുടെ പ്രചാരണാർഥം റോഡ്ഷോയുമായി സംഘാടകർ.
റോഡ്ഷോക്ക് പുറമേ ഫോർമുല-വൺ ഗ്രാൻഡ്പ്രിയുടെ തയാറെടുപ്പുകളുടെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമായി ഖത്തറിലെയും സൗദി അറേബ്യയിലെയും ജനപ്രിയ ഷോപ്പിങ് ലൊക്കേഷനുകളിൽ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഖത്തറിൽ മാൾ ഓഫ് ഖത്തർ, വില്ലാജിയോ മാൾ, ദോഹ ഫെസ്റ്റിവൽ സിറ്റി, പ്ലേസ് വെൻഡോം എന്നിവിടങ്ങളിലാണ് റോഡ് ഷോ സംഘടിപ്പിക്കുകയെന്ന് സംഘാടകരായ ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ട് അറിയിച്ചു. ഫോർമുല-വണ്ണുമായി ബന്ധപ്പെട്ട ആവേശകരമായ പരിപാടികളിൽ പങ്കെടുക്കാനും ജനപ്രിയ മോട്ടോർ സ്പോർട്സിനെക്കുറിച്ച് കൂടുതലറിയുന്നതിനും റോഡ് ഷോ ആരാധകർക്ക് അവസരം നൽകും.
വില്ലേജിയോ മാളിലെ റോഡ് ഷോ കഴിഞ്ഞ ദിവസം അവസാനിച്ചു. സെപ്റ്റംബർ ഏഴുമുതൽ 11 വരെ പ്ലേസ് വെൻഡോമിലും 14 മുതൽ 18 വരെ ദോഹ ഫെസ്റ്റിവൽ സിറ്റിയിലും സെപ്റ്റംബർ 21 മുതൽ ഒക്ടോബർ രണ്ടുവരെ മാൾ ഓഫ് ഖത്തറിലുമായി റോഡ് ഷോ നടക്കും.
സൗദി അറേബ്യയിൽ ദമ്മാമിലെ നഖീൽ മാളിൽ സെപ്റ്റംബർ ഏഴുമുതൽ 11 വരെയും ദമ്മാമിലെ ദഹ്റാൻ മാളിൽ 14 മുതൽ 17 വരെയുമാണ് റോഡ് ഷോ. സന്ദർശകർക്ക് കാണാനും ചിത്രങ്ങൾ പകർത്താനുമായി ഫോർമുല-വൺ കാറിന്റെ പകർപ്പ് ഇവിടെയെല്ലാം ഉണ്ടായിരിക്കും.
സന്ദർശകർക്ക് അവരുടെ പ്രിയപ്പെട്ട ഫോർമുല-വൺ ഡ്രൈവർമാരെക്കുറിച്ചും ഖത്തറിൽ നടക്കാനിരിക്കുന്ന റേസിനെക്കുറിച്ചും ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിനെക്കുറിച്ച വസ്തുതകൾ അറിയുന്നതിനുമായി ഹാൾ ഓഫ് ഫെയിം ഇന്ററാക്ടിവ് ഡിസ്പ്ലേകളുൾപ്പെടെയുള്ളവയും ഇവിടങ്ങളിൽ സ്ഥാപിക്കും.
ഓഗ്മെന്റ് റിയാലിറ്റിയിലൂടെ സന്ദർശകർക്ക് ഫോർമുല കാറിന്റെ ദൃശ്യങ്ങൾ കാണാനും സംഘാടകർ നൽകുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ചിത്രമെടുക്കാനും സാധിക്കും. ഹൈ ടെക്നോളജി ഗിയറുമായി ത്രില്ലിങ് ഫോർമുല-വൺ സിമുലേറ്ററുകളും റോഡ് ഷോക്കൊപ്പമുണ്ട്. എന്നാൽ, ഇവ ഖത്തറിൽ മാത്രമേ ലഭ്യമാകുകയുള്ളൂവെന്ന് സംഘാടകർ അറിയിച്ചു.
ഖത്തർ ഗ്രാൻഡ്പ്രിയുമായി ബന്ധപ്പെട്ട ടിക്കറ്റിങ്, ഹോസ്പിറ്റാലിറ്റി പാക്കേജുകളെക്കുറിച്ചറിയുന്നതിനും അന്വേഷിക്കുന്നതിനും ഇൻഫർമേഷൻ ഡെസ്ക്കുകളും സംഘാടകർ ഈ വേദികളിൽ സജ്ജമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.