ആവേശം പറന്നുയർന്ന് ഫാൽക്കൺ ഫെസ്റ്റിവൽ
text_fieldsദോഹ: 14ാമത് ഖത്തർ ഇന്റർനാഷനൽ ഫാൽക്കൺ ആൻഡ് ഹണ്ടിങ് ഫെസ്റ്റിവൽ (മാർമി 2023) ആവേശകരമായി മുന്നേറുന്നു. വ്യാഴാഴ്ച വൈകീട്ട് അൽഹൂർ, ഖർനാസ് ഷഹീൻ എന്നീ വിഭാഗങ്ങൾക്കായുള്ള അന്താരാഷ്ട്ര ഇൻവിറ്റേ ചാമ്പ്യൻഷിപ്പിന്റെ മത്സരങ്ങളാണ് അരങ്ങേറിയത്. ഗൾഫ് മേഖല ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നെത്തിയ അന്താരാഷ്ട്ര ഫാൽക്കണർമാർ തമ്മിലുള്ള ശക്തമായ മത്സരത്തിനാണ് മാർമി സാക്ഷ്യംവഹിച്ചത്. ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനിയുടെ മേൽനോട്ടത്തിൽ അൽഖന്നാസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന് ജനുവരി ഒന്നിനാണ് തുടക്കമായത്. ഈ മാസം 28ന് സമാപിക്കും.
വ്യാഴാഴ്ച ഇൻവിറ്റേഷൻ ടെന്റിൽ മത്സരാർഥികൾ നിറഞ്ഞിരുന്നു. മത്സരിക്കുന്നവർക്കും ഊഴം കാത്തിരിക്കുന്നവർക്കും കാണികൾക്കും വീക്ഷിക്കാനായി വലിയ സ്ക്രീനിൽ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. അൽകാസ് ചാനലും ഫെസ്റ്റിവൽ സംപ്രേഷണം ചെയ്യുന്നു. പങ്കെടുക്കുന്നവരിൽ ഒരാളുടെ ഫാൽക്കൺ അദ്ദേഹത്തിന് മുമ്പുള്ള പങ്കാളികളുടെ സമയം തകർത്താലുടൻ, കൂടാരത്തിനുള്ളിൽ മണി മുഴങ്ങും. ലീഡ് നേടിയയാളെ മറ്റു മത്സരാർഥികൾ അഭിനന്ദിക്കുന്നതും കാണാം.
ഇന്റർനാഷനൽ ഇൻവിറ്റേഷനൽ ചാമ്പ്യൻഷിപ്, ഫ്രീ വിഭാഗത്തിൽ (ഖർനാസ്+ഫർഖ്) ഹമദ് മുഹമ്മദ് അൽഅംരി 23/1896 സെക്കൻഡിൽ ഒന്നാംസ്ഥാനം നേടി. 23/7307 സെക്കൻഡിൽ ഹമദ് അഹ്മദ് അൽ കിന്ദി രണ്ടാംസ്ഥാനം നേടി. മുഹമ്മദ് അലി അൽ ബലൂഷി (23/9250) മൂന്നാം സ്ഥാനത്തിനുടമയായി. ഇന്റർനാഷനൽ ഇൻവിറ്റേഷൻ ടൂർണമെന്റായ ‘ഖർനാസ് ഷഹീൻ’ വിഭാഗത്തിൽ, 22/4528 ഭാഗങ്ങളും സെക്കൻഡിൽ ഖാലിദ് ജുമാ അൽ ഹംലി ഒന്നാമനായി. നാസർ ജാബർ അൽമർരി (22/9430) രണ്ടാമതെത്തിയപ്പോൾ ഫഹദ് മുഹമ്മദ് അൽമൻസൂരിക്കാണ് (22/9451) മൂന്നാം സ്ഥാനം. ശനിയാഴ്ച നടക്കുന്ന എലീറ്റ് ചാമ്പ്യൻഷിപ്പിലേക്ക് ഇവർക്കു പുറമെ ഇരുവിഭാഗത്തിലെയും നാലും അഞ്ചും സ്ഥാനക്കാരും യോഗ്യത നേടിയിട്ടുണ്ട്.
ഖത്തർ ഇന്റർനാഷനൽ ഫാൽക്കൺ ആൻഡ് ഹണ്ടിങ് ഫെസ്റ്റിവലിന്റെ സുപ്രീം കമ്മിറ്റി ചെയർമാൻ അലി ബിൻ ഖാതിം അൽ മഹ്ഷദിയും ഡെപ്യൂട്ടി മുഹമ്മദ് ബിൻ അബ്ദുല്ലത്തീഫ് അൽ മിസ്നാദും ഗൾഫ് രാജ്യങ്ങൾ, ജോർഡൻ, ഇറാഖ് എന്നിവിടങ്ങളിൽനിന്ന് ഖത്തറിലെത്തിയ അതിഥികളെയും ഫെസ്റ്റിവലിലെ മത്സരാർഥികളെയും സ്വാഗതംചെയ്തു.
‘ഗൾഫിൽനിന്നുള്ള നിരവധിയാളുകളാണ് ഇത്തവണത്തെ ഫെസ്റ്റിവലിന് സാക്ഷ്യം വഹിച്ചത്. ഗൾഫ് ഫാൽക്കണർമാർ തമ്മിലുള്ള സാഹോദര്യബന്ധം ഊട്ടിയുറപ്പിക്കാനും ഈ മേഖലയിലെ വിവരങ്ങളും അനുഭവങ്ങളും കൈമാറാനും ഫെസ്റ്റിവലിന്റെ ഉന്നത സംഘാടക സമിതിയും അൽ ഖന്നാസ് അസോസിയേഷനും ആഗ്രഹിക്കുന്നു. ഈ ഒത്തുചേരൽ അതിന് വഴിയൊരുക്കുമെന്നും ലി ബിൻ ഖാതിം അൽ മഹ്ഷാദി പറഞ്ഞു.
അന്താരാഷ്ട്ര ഇൻവിറ്റേഷൻ ടൂർണമെന്റിൽ പങ്കെടുക്കാൻ വരുന്ന ഗൾഫ്, ജോർഡൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള ഫാൽക്കണർമാരെ ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് മുഹമ്മദ് ബിൻ അബ്ദുൽ ലത്തീഫ് അൽമിസ്നദ് പറഞ്ഞു. ‘ഖത്തർ ഇന്റർനാഷനൽ ഫാൽക്കൺ ആൻഡ് ഹണ്ടിങ് ഫെസ്റ്റിവലിൽ താൻ പങ്കെടുക്കുന്നത് ആദ്യമായാണെന്നും മനസ്സിന് ഏറെ സന്തോഷം നൽകുന്ന സാഹചര്യങ്ങളാണ് ഇവിടെയെന്നും കുവൈത്തിൽ നിന്നുള്ള ഫാൽക്കണറായ സഅദ് ഖാലിദ് അൽശാലിഹ് പറഞ്ഞു. ‘ഖത്തറിലോ മറ്റു ഗൾഫ് രാജ്യങ്ങളിലോ ആയാലും ഫാൽക്കണുകളെ പരിശീലിപ്പിക്കുന്നതും മത്സരങ്ങൾക്ക് തയാറെടുക്കുന്നതുമൊക്കെ ഒരുപോലെത്തന്നെയാണ്. പക്ഷിയോട് ചേർന്നിരിക്കുന്ന എല്ലാവർക്കും അതുതന്നെയാണ് അവസ്ഥ.
വേനൽക്കാലത്ത് പോലും വേർപിരിഞ്ഞിരിക്കുന്നത് ഫാൽക്കണുകൾ ഇഷ്ടപ്പെടില്ല. ‘ദിവാനിയ/മജ്ലിസ്’ യിൽ എയർ കണ്ടീഷൻ ചെയ്ത സ്ഥലത്ത് പ്രത്യേക പരിഗണനയോടെ അവനെ ഇരുത്തി, പ്രത്യേക ഭക്ഷണം നൽകി സംരക്ഷിക്കുകയും ശൈത്യകാലത്തേക്കുള്ള തയാറെടുപ്പും നടത്തുമ്പോൾ വേട്ടയാടാനും ആന്തരികമായും ബാഹ്യമായും അതിൽ പങ്കുകൊള്ളാനും ഫാൽക്കണുകൾക്ക് കഴിയും. ചില ഫാൽക്കണുകൾ വളരെ വിലപിടിപ്പുള്ളതാണ്. അതിനാൽ, ഈ പൈതൃക ഹോബി സാമ്പത്തികമായി ചെലവേറിയതാണെന്നും അൽ ശാലിഹ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.