മാനം തെളിഞ്ഞു; ആവേശച്ചിറകിൽ ഫാൽക്കൺ ഫെസ്റ്റിവൽ
text_fieldsദോഹ: മഴ മാറിയതോടെ ഖത്തർ ഇന്റർനാഷനൽ ഫാൽക്കൺ ആൻഡ് ഹണ്ടിങ് ഫെസ്റ്റിവലിൽ മത്സരങ്ങൾ ആവേശപൂർവം തിരിച്ചെത്തി. അൽ-തല ചാമ്പ്യൻഷിപ്പിനുള്ള യോഗ്യത റൗണ്ട് തിങ്കളാഴ്ച അവസാനിച്ചു. ഫാൽക്കണുകൾ പ്രാവുകളെ വേട്ടയാടി പിടിക്കുന്ന ഹദാദ് അൽ തഹാദി വിഭാഗം ചാമ്പ്യൻഷിപ്പിൽ യോഗ്യത തേടിയുള്ള പോരാട്ടങ്ങൾ തുടരുകയാണ്.
അൽ-തല ചാമ്പ്യൻഷിപ്പിൽ 21 മത്സരാർഥികൾ സെമി ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഹദാദ് അൽ തഹാദിയിൽ 30 ഫാൽക്കണറുകൾ ഫൈനലിലേക്ക് യോഗ്യത നേടി. അൽ ഖന്നാസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫാൽക്കൺ ഫെസ്റ്റിവൽ തിങ്കളാഴ്ച ശക്തമായ മത്സരങ്ങൾക്ക് സാക്ഷ്യംവഹിച്ചു. യോഗ്യത നേടിയ എല്ലാ ഫാൽക്കണുകളും മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്. ഇത് ഫൈനൽ റൗണ്ട് പോരാട്ടം കടുപ്പമേറിയതും ആവേശകരവുമാക്കി മാറ്റും. 14ാമത് ഫാൽക്കൺ ഫെസ്റ്റിവലിന്റെ അവസാന പോരാട്ടങ്ങൾക്ക് ഫാൽക്കണറുകൾ നല്ല മുന്നൊരുക്കം നടത്തേണ്ടിവരുമെന്നാണ് യോഗ്യത റൗണ്ടിലെ കടുത്ത മത്സരങ്ങൾ സൂചിപ്പിക്കുന്നതെന്ന് അൽ-തല കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബിൻ മുബാറക് അൽ അലി പറഞ്ഞു.
ശൈഖ് ജോവാൻ ബിൻ ഹമദ് അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ് ഈ മാസം 28 വരെ തുടരും. അൽ-തല ചാമ്പ്യൻഷിപ്പിന്റെ ആറ് മുതൽ 11 വരെയുള്ള ഗ്രൂപ്പുകളിലെ മത്സരങ്ങൾ മഴയെത്തുടർന്ന് മാറ്റിവെച്ചിരുന്നു. അവ പുനരാരംഭിച്ചപ്പോൾ രണ്ട് ഫാൽക്കണർമാർ യോഗ്യത നേടി.
‘പ്രൊഫഷനൽ ഫാൽക്കണറുകളെ സംബന്ധിച്ച് ഈ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതു തന്നെ വലിയ നാഴികക്കല്ലാണ്. പങ്കാളിയാകുന്നതുതന്നെ നേട്ടമായി കരുതുന്നതിനാൽ യോഗ്യത നേടിയില്ലെങ്കിലും സന്തോഷം തന്നെയാണ്. ആ നിലക്ക് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയപ്പോൾ ഇരട്ടി സന്തോഷമുണ്ട്. മികച്ച പോരാട്ടമാണ് ഫെസ്റ്റിവലിൽ നടക്കുന്നത്. അൽ-തല ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുകയാണ് ഇനി ഉന്നം’ -സെമി ഫൈനലിലേക്ക് യോഗ്യത നേടിയ സഅദ് അബ്ദുല്ല സഅദ് അൽ ബുനൈൻ പറഞ്ഞു.
ആവേശകരമായ അന്തരീക്ഷത്തിലും തെളിഞ്ഞ കാലാവസ്ഥയിലുമാണ് ചലഞ്ച് മത്സരങ്ങൾ നടന്നത്. ഫെസ്റ്റിവലിന്റെ അന്തരീക്ഷത്തെയും ശക്തമായ മത്സരങ്ങളെയും അൽ-തല ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഡോ. ഫഹദ് അബ്ദുല്ല അൽ ഖുറൈശി പ്രശംസിച്ചു. സംഘാടകരായ അൽ-ഖന്നാസ് അസോസിയേഷനെ അദ്ദേഹം അഭിനന്ദിച്ചു. ഹദാദ് അൽ തഹാദി ചാമ്പ്യൻഷിപ്പിന്റെ അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയതിൽ സന്തോഷമുണ്ടെന്ന് യുവ ഫാൽക്കണർ മുർഷിദ് അൽ-കാബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.