കതാറയിലെ ഫാൽക്കൻ കഥകൾ
text_fieldsദോഹ: അഞ്ചു ദിവസങ്ങളിലായി നടന്നുവരുന്ന അഞ്ചാമത് കതാറ ഇൻറർനാഷനൽ ഹണ്ടിങ് ആൻഡ് ഫാൽക്കൻ പ്രദർശനം (സ്ഹൈൽ) ഇന്ന് അവസാനിക്കും. ഫാൽക്കൻ എന്ന പക്ഷി ഖത്തറിനും അറബ് ജീവിതത്തിനും എത്രമാത്രം വിലപ്പെട്ടതാണെന്ന് കാഴ്ചക്കാരന് ബോധ്യപ്പെടുത്തുന്നതാണ് രാജ്യാന്തര ഫെസ്റ്റ്. രാവിലെ 10ന് തുടങ്ങി രാത്രി 10 വരെ നീളുന്ന മേളയിൽ വന്നും പോയുമിരുന്നത് അതിപ്രഗത്ഭരുടെ നിര. രാജ്യത്തിൻെറ ഭരണാധികാരി അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനി, പിതൃ അമീർ ഹമദ് ബിൻ ഖലീഫ ആൽഥാനി എന്നിവർ മുതൽ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി, വിവിധ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാർ, സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസിസ് ബിൻ സൗദ് അൽ സൗദ്, രാജകുടുംബാംഗങ്ങൾ, ഖത്തറിലെ വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ, അവരുടെ കുടുംബാംഗങ്ങൾ എന്നിങ്ങനെ വി.ഐ.പി നിര നീണ്ടുകിടക്കുന്നതായിരുന്നു.
പ്രമുഖരായ സന്ദർശകർക്ക് പുറമെ, രാവിലെ തുടങ്ങി അർധരാത്രി വരെ നീളുന്ന പ്രദർശനത്തിലേക്ക് സാധാരണക്കാരും ഒഴുകിയെത്തി. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വലിയ കമ്പമില്ലെങ്കിലും വെള്ള കന്തൂറയണിഞ്ഞെത്തിയ തദ്ദേശീയരെ കൊണ്ട് രാവും പകലും കതാറയിലെ അൽ ഹികാമ സ്ക്വയറും ഹാൾ ഒാഫ് ദി കൾചറൽ വില്ലേജും നിറഞ്ഞു. ഖത്തരികൾ മാത്രമല്ല, ഫാൽക്കൻ ആരാധകരായ വിദേശികളുമുണ്ട്. സൗദി, യു.എ.ഇ, കുവൈത്ത് തുടങ്ങി ഗൾഫ് രാജ്യങ്ങളിൽ നിന്നും യൂറോപ്പിൽ നിന്നുമെല്ലാം മുന്തിയ ഫാൽക്കനുകളെ തേടി ആരാധകർ എത്തുന്നുണ്ട്. രണ്ടു തരത്തിൽ ആവേശം നൽകുന്നതായിരുന്നു അഞ്ചാമത് ഫാൽക്കൻ ഫെസ്റ്റ്. ഒന്നര വർഷത്തിലേെറ നീണ്ട കോവിഡിൻെറ ഭയപ്പാടിൽ നിന്നും രാജ്യവും ജനങ്ങളും പതുക്കെ മോചനം നേടുന്നതിൻെറ സന്തോഷ കാഴ്ചകൾ. പിന്നെ, അറബ് കപ്പ് ഫുട്ബാളിനും ലോകകപ്പിനുമെല്ലാം വേദിയാവാനൊരുങ്ങുന്ന മണ്ണിൽ രാജ്യാന്തര മേളയുടെ തിരിച്ചുവരവ്. കർശന ആരോഗ്യ സുരക്ഷയിലാണ് പ്രദർശനം തുടരുന്നത്. ഓൺലൈൻ വഴി നേരത്തെ രജിസ്റ്റർ ചെയ്ത് ടിക്കറ്റ് എടുത്തവർക്ക് മാത്രം പ്രവേശനം. 18 വയസ്സിന് മുകളിലുള്ളവരും രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവരുമായിരിക്കണം എന്ന നിർദേശവുമുണ്ട്. ഇന്ത്യക്കാർക്ക് ഫാൽക്കൻ വളർത്തലും വേട്ടയുമെല്ലാം അപരിചിതമാണെങ്കിലും യൂറോപ്, ആഫ്രിക്ക, ഗൾഫ് നാടുകൾ എന്നിവിടങ്ങളിൽ നിന്നായി 19 രാജ്യങ്ങളിലെ 160ഓളം കമ്പനികൾ പ്രദർശനത്തിനെത്തിയിട്ടുണ്ട്. വേട്ടയുമായി ബന്ധപ്പെട്ട സകലതും ഒരു കുടക്കീഴിൽ ഒരുക്കിയാണ് കതാറയിലെ പ്രദർശന വേദി കാഴ്ചക്കാരെ ക്ഷണിക്കുന്നത്.
ലക്ഷം റിയാൽ ലേല വിലവരുന്ന മുന്തിയ ഇനം ഫാൽക്കൻ മുതൽ, വിവിധ സ്റ്റാളുകളിൽ വിൽപനക്കുവെച്ച പക്ഷികൾ വരെ അണിനിരക്കുന്ന പ്രദർശന നഗരി. ഫാൽക്കനുമായി ബന്ധപ്പെട്ട സകല വസ്തുക്കളും വിൽപനക്കുള്ള വിവിധ സ്റ്റാളുകൾ, മരുഭൂമിയിലെയും കാട്ടിലെയും വേട്ടക്കാവശ്യമായ തോക്കുകൾ മുതൽ സഞ്ചരിക്കാനുള്ള അത്യാഢംബര വാഹനങ്ങളും രാപ്പാർക്കാനുള്ള ടെൻറുകളും വരെ ഒരുക്കിയ പ്രദർശന വേദി. വിൽപനയും പ്രദർശനവും മാത്രമല്ല, ഫാൽക്കനുമായി ബന്ധപ്പെട്ടതെല്ലാം ഇവിടെയുണ്ട്. അതിൽ ശ്രദ്ധേയമാണ് വിവിധ രാജ്യങ്ങളിൽനിന്നുള്ള ചിത്രകാരന്മാരുടെ തത്സമയ പെയിൻറിങ് പ്രദർശനം. തീർന്നില്ല വിശേഷങ്ങൾ. ഇനി വിദൂരങ്ങളിൽ നിന്നുവന്ന് പൊന്നും വിലക്ക് ഫാൽക്കനുകളെ സ്വന്തമാക്കി മടങ്ങുന്നവർക്ക് അവയുടെ ആരോഗ്യാവസ്ഥ ഉറപ്പിക്കാൻ പ്രത്യേക ഫാൽക്കൻ ആശുപത്രികളുമുണ്ടായിരുന്നു പവലിയനിൽ. പ്രത്യേകം തയാറാക്കിയ ആശുപത്രിയിൽ എൻഡോസ്കോപ്പി പരിശോധന മുതൽ, അത്യാവശ്യ സർജറികൾക്ക് വരെ ഡോക്ടർമാരുടെ സംഘം റെഡി.
എൻെറ പൊന്നേ... ഫാൽക്കനേ
മൂന്നാം ദിനത്തിലെ ഏറ്റവും ഉയർന്ന ലേല വില 6.66 ലക്ഷം റിയാൽ
കതാറ ഫാൽക്കൻ എക്സിബിഷൻെറ മൂന്നാം ദിനമായ വ്യാഴാഴ്ച ലേലത്തിൽ പോയ ഫാൽക്കൻെറ വിലയെത്രയെന്ന് അറിയാമോ...? അതുകേട്ടാലറിയാം അറബികൾക്ക് എത്രമാത്രം പ്രിയമാണ് ഈ പക്ഷിയെന്ന്. മംേഗാളിയൻ ഫ്രീ ചിക് എന്ന ഇനത്തിൽപെട്ട മുന്തിയ ഇനം ഫാൽക്കനെ 6,66,000 ലക്ഷം റിയാലിനാണ് ലേലത്തിൽ പിടിച്ചത്. എന്നുവെച്ചാൽ, 1.34 കോടി ഇന്ത്യൻ രൂപ. അബ്ദുല്ല മുർഷിദ് അൽ കാബിയാണ് പൊന്നും വിലക്ക് ലേലമുറപ്പിച്ചത്. മറ്റൊരു മംഗോളിയൻ ഇനമായ ഫ്രീ ഗ്രാനസിനെ 3.66 ലക്ഷം റിയാലിനാണ് (73.81 ലക്ഷം രൂപ) അബ്ദുല്ല റെയ്സാൻ അൽ ദോസരിയെന്ന സൗദി പൗരൻ സ്വന്തമാക്കിയത്. ലേലത്തിൽ 40,000 റിയാൽ മുതലാണ് വിളി തുടങ്ങുന്നത്. ഓരോ ഫാൽക്കണിൻെറയും പ്രത്യേകത അനുസരിച്ചാവും വിലകയറുന്നത്. മികവനുസരിച്ച് വിലയും കൂടും. അതേസമയം, സ്റ്റാളുകളിൽ 10,000 മുതൽ ഒരു ലക്ഷം റിയാൽ വരെ വിലയുള്ള ഫാൽക്കനുകൾ വിൽപനക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.