കുടുംബ സൗഹൃദ ടൂറിസം വളരുന്നു
text_fieldsദോഹ: കുടുംബ വിനോദസഞ്ചാരികളുടെ സുപ്രധാന ലക്ഷ്യസ്ഥലമായി ഖത്തർ മാറുകയാണെന്ന് ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽഖർജി. അന്താരാഷ്ട്ര വിനോദസഞ്ചാര ദിനത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് സഞ്ചാരികളുടെ കുടുംബ സൗഹൃദ സന്ദർശന കേന്ദ്രമായി ഖത്തർ മാറുന്നതായി അദ്ദേഹം വ്യക്തമാക്കിയത്.
മേഖലയിലെത്തന്നെ അതിവേഗം വളരുന്ന വിനോദസഞ്ചാര കേന്ദ്രമായി മാറിയ ഖത്തർ 2030ഓടെ പ്രതിവർഷം 60 ലക്ഷം സന്ദർശകർ എന്ന നിലയിലേക്ക് വളരുകയാണ് ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രയോജനപ്പെടുത്തി ഖത്തറിന്റെ വിനോദസഞ്ചാര മേഖലയെ മെച്ചപ്പെടുത്തുകയാണ് ഖത്തർ ടൂറിസത്തിന്റെ ദൗത്യം. ഇതിന്റെ ഭാഗമായി പുതിയ കേന്ദ്രങ്ങൾ വികസിപ്പിക്കുകയും താമസക്കാർക്കും സന്ദർശകർക്കും അതുല്യമായ അനുഭവങ്ങൾ ഉറപ്പാക്കുമെന്നും സഅദ് അലി അൽഖർജി വ്യക്തമാക്കി.
വിനോദസഞ്ചാര മേഖലയിലെ വളർച്ചയുടെ യാത്രയിലെ അടുത്ത നാഴികക്കല്ലുകൾ അടയാളപ്പെടുത്തുന്നതിന് ടൂറിസം മേഖലയിലെ വിദഗ്ധരെ കൂടെ ചേർക്കുന്നതോടൊപ്പം കൂടുതൽ നയപരമായ ഭരണ ചട്ടക്കൂട് സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണെന്നും അൽഖർജി ചൂണ്ടിക്കാട്ടി.
ഖത്തറിന്റെ വിനോദസഞ്ചാര മേഖലയെ കൂടുതൽ പ്രചരിപ്പിക്കുന്നതിനും പരിചയപ്പെടുത്തുന്നതിനുമായി വിസിറ്റ് ഖത്തറിനെ അവതരിപ്പിച്ചത് അതിന്റെ ഭാഗമാണെന്നും, സമഗ്രത, കൂട്ടായ പ്രവർത്തനം, നൂതനാശയങ്ങൾ എന്നിവയിലൂടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രതിജ്ഞബദ്ധരാണെന്നും അദ്ദേഹം സൂചിപ്പിച്ചു. മുൻ വർഷങ്ങളേക്കാൾ സഞ്ചാരികളുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തി. ഈ വർഷം ആഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം 32 ലക്ഷം സന്ദർശകർ ഇതിനകം എത്തി.
2023ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 26 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. മികച്ച കുടുംബ സൗഹൃദ ലക്ഷ്യസ്ഥാനമായി മാറുന്നതിനൊപ്പം, ടൂറിസം മേഖലയിൽനിന്ന് ജി.ഡി.പിയിലേക്കുള്ള സംഭാവന ഏഴ് മുതൽ 12 വരെ ശതമാനമായി ഉയർത്തുകയും പ്രധാന ലക്ഷ്യമാണ്. ടൂറിസവും സമാധാനവും എന്ന പ്രമേയത്തിൽ ലോക വിനോദസഞ്ചാര ദിനം ആഘോഷിക്കുമ്പോൾ സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിലും കൂടുതൽ സമാധാനപരവും സഹിഷ്ണുതയുള്ളതുമായ ലോകത്തിന് സംഭാവന നൽകുന്നതിൽ വിനോദസഞ്ചാര മേഖലയുടെ പങ്ക് വലുതാണെന്ന് ക്യു.ടി ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.