കുടുംബ താമസ, സന്ദർശക വിസ; മാനദണ്ഡങ്ങൾ വ്യക്തമാക്കി ഖത്തർ
text_fieldsദോഹ: താമസ, സന്ദർശക വിസകളിൽ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള മാനദണ്ഡങ്ങൾ വ്യക്തമാക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഖത്തറിൽ താമസക്കാരായ പ്രവാസികൾക്ക് കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടികൾ എളുപ്പമാക്കികൊണ്ട് നിബന്ധനകൾ പ്രസിദ്ധീകരിച്ചത്. ഫാമിലി റെസിഡൻസി, സന്ദർശക വിസക്കായി മെട്രാഷ് രണ്ട് ആപ്ലിക്കേഷൻ വഴി അപേക്ഷ സമർപ്പിക്കണം.
കുടുംബ റെസിഡൻസി വിസക്കാർ
സ്വന്തം സ്പോൺസർഷിപ്പിൽ കുടുംബ റെസിഡൻസി വിസക്ക് അപേക്ഷിക്കുേമ്പാൾ ആൺ മക്കൾക്ക് 25ന് മുകളിൽ പ്രായമാവാൻ പാടില്ല. പെൺമക്കൾ അവിവാഹിതരായിരിക്കണം. ആറിനും 18നുമിടയിൽ പ്രായമുള്ള മക്കൾ ഖത്തറിലോ, രാജ്യത്തിന് പുറത്തോ വിദ്യഭ്യാസം നൽകുന്നതായി സാക്ഷ്യപ്പെടുത്തണം. കുടുംബത്തിന് ആരോഗ്യ ഇൻഷുറൻസും ഉറപ്പാക്കണം. സർക്കാർ, അർധസർക്കാർ ജീവനക്കാർക്ക് കുറഞ്ഞത് 10,000 റിയാൽ ശമ്പളക്കാരായിരിക്കണം.
സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ടെക്നികൽ, സ്പെഷ്യലൈസ്ഡ് വിഭാഗം (തൊഴിലാളികൾ അല്ലാത്തവർ)പ്രഫഷണലുകൾക്കാണ് കുടുംബ വിസക്ക് അപേക്ഷിക്കാൻ കഴിയുക. ചുരുങ്ങിയത് 10,000 റിയാൽ ശമ്പളക്കാരായിരിക്കണം. അല്ലാത്ത പക്ഷം, 6000 റിയാൽ ശമ്പളവും കമ്പനിയുടെ കീഴിൽ കുടുംബ താമസ സൗകര്യവുമുള്ളവർക്കും അപേക്ഷിക്കാം. ഇത് തൊഴിൽ കരാറിൽ വ്യക്തമാക്കിയിരിക്കണം.
കുടുംബ സന്ദർശക വിസ
തൊഴിലാളി ഇതര വിഭാഗക്കാരായ റെസിഡൻറിന് കുടുംബ സന്ദർശക വിസക്ക് അപേക്ഷിക്കാവുന്നതാണ്. കുറഞ്ഞത് 5000 റിയാൽ മാസ ശമ്പളക്കാരായിരിക്കണം. കുടുംബ താമസ സൗകര്യവും ഉറപ്പാക്കണം. സ്പോൺസർ ചെയ്യുന്ന വ്യക്തിയുമായി അടുത്ത ബന്ധമുള്ളവരായിരിക്കണം സന്ദർശക വിസയിൽ വരുന്നത്. മെട്രഷ് വഴി അപേക്ഷ സമർപ്പിക്കുേമ്പാൾ കാണുന്ന പട്ടികയിലെ ബന്ധുക്കൾക്കായിരിക്കും സന്ദർശക വിസ അനുവദിക്കുന്നത് (ഉദാ: പിതാവ്, മാതാവ്, ഭാര്യ, മക്കൾ, സഹോദരങ്ങൾ, പിതാമഹൻ, അമ്മാവൻ, ഭാര്യാ മാതാപിതാക്കൾ ഉൾപ്പെടെ അടുത്ത ബന്ധുക്കളെ സ്പോൺസർ ചെയ്യാം). സന്ദർശക വിസയിലെത്തുന്നവർക്ക് പ്രായ നിബന്ധനകൾ ഇല്ല. അതേസമയം, ഖത്തറിൽ നിൽക്കുന്നത് വരെ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. പുതിയ നിർദേശങ്ങൾ പ്രാബല്ല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.