ഏഷ്യൻ കപ്പിന് ആരവങ്ങളൊരുക്കാൻ ഫാൻ ലീഡർപട
text_fieldsദോഹ: ഏഷ്യൻ കപ്പിനുള്ള ഖത്തറിന്റെ തയാറെടുപ്പുകൾ വൻകരയിലെ വിവിധ രാജ്യങ്ങളിലേക്കെത്തിക്കാനുള്ള നിയോഗവുമായി മൂന്നു ദിവസ പര്യടനം പൂർത്തിയാക്കി ഫാൻ ലീഡർമാർ മടങ്ങി. ടൂർണമെന്റിൽ മാറ്റുരക്കുന്ന 20 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 27 ഫാൻ ലീഡർമാരാണ് വിവിധ പരിപാടികളിൽ പങ്കെടുത്തത്. ഇന്ത്യൻ ഫാൻ ലീഡറായി മലയാളി ഫ്രീസ്റ്റൈൽ താരം ഹാദിയ ഹകീമും സംഘത്തിലുണ്ടായിരുന്നു. ലോകകപ്പ് ഫുട്ബാൾ വേളയിലും സുപ്രീം കമ്മിറ്റിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഹാദിയ ഖത്തറിലെത്തി വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു.
ഖത്തറിൽതന്നെ പഠിച്ചുവളർന്ന കോഴിക്കോട് സ്വദേശിനിയായ ഹാദിയ ഹകീം ഫ്രീസ്റ്റൈൽ മികവുമായി ഇതിനകംതന്നെ ആഗോള ശ്രദ്ധനേടിയ താരമാണ്. ലോകകപ്പിനു മുമ്പേ, ഖത്തർ സംഘടിപ്പിച്ച ലെജൻഡ്സ് ഫുട്ബാളിൽ ഇതിഹാസ താരങ്ങൾക്കൊപ്പം കളിച്ചും ലോകകപ്പിനിടെ ഖത്തറിലെ വിവിധ കേന്ദ്രങ്ങളിൽ ഫുട്ബാൾ സ്കിൽ പ്രകടിപ്പിച്ചും ഇവർ താരമായി. ഒരു വർഷത്തിനുശേഷം, ഏഷ്യൻ കപ്പ് ഫുട്ബാളിന്റെയും ഭാഗമാവുന്ന സന്തോഷത്തിലാണ് ഹാദിയ.
ഇവിടെ വളർന്നപ്പോൾ അനുഭവിച്ചതുപോലെ ഖത്തറിന്റെ സൗന്ദര്യവും സംസ്കാരവും ആരാധകർ കണ്ടെത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്ന് എ.എഫ്.സി സംഘാടക സമിതിയുടെ ഫാൻ ലീഡേഴ്സ് സംഗമത്തിന്റെ ഭാഗമായെത്തിയ ഹാദിയ പറഞ്ഞു. ‘ഈ മണ്ണിൽ വീണ്ടും തിരിച്ചെത്തുന്നത് സന്തോഷം നൽകുന്നതാണ്. പ്രത്യേകിച്ചും ലോകമെമ്പാടുമുള്ള ആരാധകർ ഫുട്ബാളിനായി ഒത്തുചേരുന്നത് കാണുന്നത് ആവേശം വാനോളമുയർത്തും’ -ഹാദിയ പറഞ്ഞു. ഏഷ്യൻ കപ്പിൽ മാറ്റുരക്കുന്ന ഇന്ത്യൻ ടീമിനുവേണ്ടി ഗാലറിയിൽ നിൽക്കുന്നത് അഭിമാനകരമായ നേട്ടമാണെന്നും അവരുടെ കളി കാണുന്നത് സ്വപ്നസാക്ഷാത്കാരമായിരിക്കുമെന്നും ഹാദിയ പറഞ്ഞു.
വിവിധ രാജ്യങ്ങളിൽനിന്നുള്ള ഫാൻ ലീഡർമാരുടെ സംഘം ഖത്തറിന്റെ തനത് ആകർഷണങ്ങൾ അടുത്തറിഞ്ഞും, പരമ്പരാഗത പാചകരീതികളെയും രുചിവൈവിധ്യങ്ങൾ മനസ്സിലാക്കിയും പ്രാദേശിക സംസ്കാരത്തിന്റെ ഭാഗമായി. ഉദ്ഘാടനമത്സരവും കലാശപ്പോരും നടക്കുന്ന ലുസൈൽ ഐക്കണിക് സ്റ്റേഡിയത്തിൽ ഫാൻ ലീഡർമാർക്കായി സൗഹൃദ മത്സരവും അവരുടെ ഖത്തർ പര്യടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. 80,000ത്തിലധികം ആളുകളെ ഉൾക്കൊള്ളുന്ന മേഖലയിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നാണ് ലുസൈൽ സ്റ്റേഡിയം.
ഭൂഖണ്ഡത്തിലുടനീളമുള്ള ഫാൻസിന്റെ ശൃംഖല കെട്ടിപ്പടുക്കുകയെന്നത് ടൂർണമെന്റ് വിജയത്തിലെ നിർണായക ഘടകമാണെന്ന് എ.എഫ്.സി ഏഷ്യൻ കപ്പ് ഖത്തർ 2023 പ്രാദേശിക സംഘാടക സമിതി (എൽ.ഒ.സി) ഫാൻ എൻഗേജ്മെന്റ് സീനിയർ മാനേജർ ഫൈസൽ ഖാലിദ് പറഞ്ഞു.
മുൻ ചാമ്പ്യന്മാരായ കൊറിയ, ഇറാൻ, ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ, ജപ്പാൻ, ആസ്ട്രേലിയ, നിലവിലെ ചാമ്പ്യന്മാരായ ഖത്തർ എന്നിവരുൾപ്പെടെ ഏഷ്യയിലെ മികച്ച 24 ടീമുകളാണ് ഇത്തവണ ദോഹയിലെത്തുന്നത്. അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ ചൈനക്കെതിരായ മത്സരത്തോടെ താജികിസ്താന്റെ അരങ്ങേറ്റത്തിനും ഖത്തർ ഏഷ്യൻ കപ്പ് സാക്ഷ്യംവഹിക്കും. തന്റെ രാജ്യത്തെ ഒരു അന്താരാഷ്ട്ര വേദിയിൽ പ്രതിനിധീകരിക്കാനുള്ള അവസരമാണിതെന്നും ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന നിമിഷങ്ങളായിരിക്കും അതെന്നും താജിക് ഫാൻ ലീഡറായ ബെഹ്റൂസ് ഹാഫിസോവ് പറഞ്ഞു.
ദക്ഷിണ കൊറിയൻ ഫാൻ ലീഡറായ ഷിൻ പാർക്ക് തന്റെ ആദ്യ ഏഷ്യൻ കപ്പിനുള്ള തയാറെടുപ്പിലാണ്. മുമ്പ് ഫിഫ ലോകകപ്പ് ഖത്തർ 2022 നേരിട്ട് അനുഭവിച്ചതിനാൽ ടൂർണമെന്റിന്റെ ഒതുക്കമുള്ള സ്വഭാവം ആരാധകരെ തീർച്ചയായും ആകർഷിക്കുമെന്ന് വിശ്വസിക്കുന്നെന്ന് ഷിൻ പാർക്ക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.