ആരാധക പിന്തുണയാണ് ഊർജം: മലയാളി ഫാൻസിനെ പ്രശംസിച്ച് കോച്ച് സ്റ്റിമാക്
text_fieldsദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിൽ തങ്ങളുടെ രണ്ടാം അങ്കത്തിനിറങ്ങുന്ന ഇന്ത്യൻ ടീമിന്റെ ആരാധക പിന്തുണക്ക് അഭിനന്ദനവും നന്ദിയുമായി കോച്ച് ഇഗോർ സ്റ്റിമാക്. എവേ മാച്ചുകളിൽ എവിടെയും പിന്തുണയുമായി എത്തുന്ന കേരളത്തിൽനിന്നുള്ള ഫുട്ബാൾ ആരാധകരുടെ പിന്തുണയെയും കോച്ച് ഉസ്ബകിസ്താനെതിരായ മത്സരത്തിനു മുമ്പായി നടന്ന വാർത്തസമ്മേളനത്തിൽ പ്രശംസിച്ചു.
‘കുവൈത്തിൽ നടന്ന ലോകകപ്പ് യോഗ്യതമത്സരത്തിൽ ഗാലറിയിൽ ഇന്ത്യക്ക് പിന്തുണയുമായി വലിയ ആരാധകരെത്തിയിരുന്നു. ആ മത്സരം ജയിക്കാൻ ഗാലറിയിലെ ആരാധക പങ്കാളിത്തവും കാരണമായി. തോൽപിക്കാൻ സാധ്യമല്ലെന്ന് പ്രതീക്ഷിച്ച എതിരാളികൾക്കെതിരെ ആവേശത്തോടെ കളിക്കാൻ കളിയുടെ മുഴുസമയവും ആരാധകർ നൽകിയ പിന്തുണ ഊർജമായി.
ആ പിന്തുണ ഖത്തറിലുമുണ്ട്. കേരളത്തിൽ നിന്നുള്ള വലിയൊരു വിഭാഗം ആരാധകർ ഇവിടെയുണ്ട്. അവരുടെ ഫുട്ബാൾ ആവേശം ശ്രദ്ധേയമാണ്. ഈ പിന്തുണ വ്യാഴാഴ്ച ഉസ്ബകിസ്താനെതിരായ മത്സരത്തിലും പ്രതീക്ഷിക്കുന്നു. കാണികൾക്ക് ഏറ്റവും മികച്ച സമയം കൂടിയാണ് ഇന്നത്തെ കളി. കൂടുതൽ പേരെ സ്റ്റേഡിയത്തിൽ പ്രതീക്ഷിക്കുന്നു’ -ചോദ്യത്തിന് മറുപടിയായി സ്റ്റിമാക് പറഞ്ഞു.
എവേമാച്ചിൽ ഓരോ കളിക്കുമായി കാണികളുടെ വർധിച്ച സാന്നിധ്യം കളിക്കാർക്ക് ആത്മവിശ്വാസവും കരുത്തും പകരുമെന്ന് ഇന്ത്യൻ ഗോൾകീപ്പർ അമരീന്ദർ സിങ്ങും പറഞ്ഞു. ശനിയാഴ്ച ആസ്ട്രേലിയക്കെതിരെ ഉച്ചക്ക് നടന്ന മത്സരത്തിൽ 36,000ത്തിലേറെ കാണികളാണ് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം 5.30നാണ് ഉസ്ബകിസ്താനെതിരായ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.