ഹയ്യ കാർഡ് കാലാവധി ദീർഘിപ്പിച്ചതിൽ ‘ത്രില്ലടിച്ച്’ ആരാധകർ
text_fieldsദോഹ: ഫിഫ ലോകകപ്പ് ഖത്തർ 2022ന്റെ ആരാധകർക്കും സംഘാടകർക്കും ഹയ്യ കാർഡ് കാലാവധി ദീർഘിപ്പിച്ച ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിൽ ‘ത്രില്ലടിച്ചി’രിക്കുകയാണ് പലരും. ഒരിക്കൽകൂടി തടസ്സങ്ങളില്ലാതെ ഖത്തർ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവരുടെ മുഖങ്ങളിൽ ഇപ്പോൾ പുഞ്ചിരി വിടർന്നിരിക്കുകയാണ്. ഖത്തറിലെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കാണാനും ഖത്തറിൽ ചുറ്റിക്കറങ്ങാനുമുള്ള അവസരമായി സന്ദർശകരും താമസക്കാരും ഈ തീരുമാനത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തു.
ആരാധകർക്കും സംഘാടകർക്കുമായി ഹയ്യ കാർഡിന്റെ കാലാവധി ദീർഘിപ്പിച്ച് തിങ്കളാഴ്ചയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അറിയിപ്പ് വന്നത്. പുതിയ തീരുമാനപ്രകാരം രാജ്യത്തിന് പുറത്തുള്ളവർക്ക് 2024 ജനുവരി 24 വരെ ഖത്തറിലേക്ക് പ്രവേശിക്കാൻ അവസരമൊരുക്കും.
അധികാരികളുടേത് മഹത്തായ തീരുമാനമാണെന്നും കുടുംബവുമായി വീണ്ടും ഒന്നിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും ഖത്തറിൽ താമസക്കാരനായ സുനിൽ ജെയ്സണെ ഉദ്ധരിച്ച് ദി പെനിൻസുല റിപ്പോർട്ട് ചെയ്തു. ഖത്തർ സന്ദർശിക്കുന്ന എല്ലാ ഹയ്യ കാർഡ് ഉടമകൾക്കും ‘ഹയ്യ വിത് മി’ ഫീച്ചറിലേക്ക് ആക്സസ് ഉണ്ടായിരിക്കും. ഇതുപ്രകാരം ഹയ്യ കാർഡുടമകൾക്ക് മൂന്നു കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ വരെ കൂടെ ഖത്തറിലേക്ക് ക്ഷണിക്കാൻ അനുവാദമുണ്ടാകും. രാജ്യത്തേക്ക് ഒന്നിലധികം തവണ പ്രവേശിക്കാവുന്ന എൻട്രി പെർമിറ്റ് (മൾട്ടിപ്പ്ൾ എൻട്രി) പ്രവേശനത്തിനും രാജ്യത്തിന് പുറത്തു കടക്കുന്നതിനുമായി പ്രത്യേക ഇ-ഗേറ്റ് സംവിധാനം എന്നിവയും ഇതിന്റെ സവിശേഷതയാണ്. തികച്ചും സൗജന്യമാണ് ഈ സേവനം.
സന്ദർശനവേളയിൽ ഹയ്യ കാർഡുടമകൾക്ക് സ്ഥിരീകരിച്ച ഹോട്ടൽ റിസർവേഷനോ അല്ലെങ്കിൽ കുടുംബവുമായോ സുഹൃത്തുക്കളുമായോ ഉള്ള താമസത്തിന്റെ രേഖകളോ ഉണ്ടായിരിക്കണം. കൂടാതെ, ബുധനാഴ്ച മുതൽ നിലവിൽവന്ന ആരോഗ്യ ഇൻഷുറൻസും എടുത്തിരിക്കണം.
വീണ്ടും ഖത്തർ സന്ദർശിക്കാനുള്ള അവസരമാണ് അധികൃതർ നൽകിയിരിക്കുന്നതെന്നും ഖത്തറിലെ സുഹൃത്തുക്കളുമായി ഭാവി പരിപാടികൾ പങ്കുവെച്ചതായും താൻ ഉടൻ മടങ്ങിയെത്തുമെന്നും ശ്രീലങ്കൻ ഫുട്ബാൾ ആരാധകനായ ഹംസ ഹനീഫ പറയുന്നു. ലോകകപ്പ് സമയത്ത് ഖത്തറിലെത്തിയ ഹനീഫ, നേരത്തേയുണ്ടായിരുന്ന ഹയ്യ കാർഡ് കാലാവധിയായ ജനുവരി 23 വരെ ഖത്തറിൽ ചെലവഴിച്ചാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.