ആരാധകർ ഒഴുകിയെത്തി; റെക്കോഡായി ഏഷ്യൻ കപ്പ് ഉദ്ഘാടന മത്സരം
text_fieldsദോഹ: ഏഷ്യൻ കപ്പ് ഫുട്ബാൾ ചരിത്രത്തിൽ കാണികളുടെ എണ്ണത്തിൽ പുതിയ റെക്കോഡ് കുറിച്ച് വെള്ളിയാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഖത്തർ -ലബനാൻ മത്സരം.
18ാമത് ഏഷ്യൻ കപ്പിന്റെ ഉദ്ഘാടനം കൂടിയായ മത്സരത്തിന് 82,490 കാണികൾ ഒഴുകിയെത്തിയപ്പോൾ 68 വർഷത്തെ ചരിത്രമുള്ള ടൂർണമെന്റിന്റെ ഉദ്ഘാടനദിനത്തിലെ ഏറ്റവും ഉയർന്ന കാണികളുടെ പങ്കാളിത്തമായി. 2004ൽ ചൈന വേദിയായ ഏഷ്യൻ കപ്പിൽ ആതിഥേയരും ബഹ്റൈനും തമ്മിൽ ബെയ്ജിങ്ങിലെ വർകേഴ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനെത്തിയ 40,000 കാണികൾ എന്ന റെക്കോഡാണ് ഖത്തർ തിരുത്തിക്കുറിച്ചത്.
2019 യു.എ.ഇയിൽ നടന്ന ഏഷ്യൻ കപ്പിന്റെ ഉദ്ഘാടന മത്സരത്തിന് 33,000 കാണികളും, 2015 ആസ്ട്രേലിയ ഏഷ്യൻ കപ്പിൽ ഓസീസ്-കുവൈത്ത് മത്സരത്തിന് 25,000 പേരും, 2011ൽ ഖത്തർ വേദിയായ ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിന് 37,000 പേരുമാണ് എത്തിയത്. ലോകകപ്പ് ഫുട്ബാൾ ഫൈനലിന്റെ വേദിയെന്ന നിലയിൽ ശ്രദ്ധേയമായ ലുസൈൽ സ്റ്റേഡിയത്തിൽ ഒരു മണിക്കൂർ നീണ്ട കലാപരിപാടികളോടെയായിരുന്നു വെള്ളിയാഴ്ച ഏഷ്യൻ കപ്പിന് തുടക്കം കുറിച്ചത്. മത്സരത്തിൽ ആതിഥേയരായ ഖത്തർ മറുപടിയില്ലാത്ത മൂന്ന് ഗോളിന് ലബനാനെ തോൽപിച്ചു.
സ്വദേശികളും, ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികളും, വിവിധ അറബ് വംശജരുമായി തിങ്ങിനിറഞ്ഞ ആരാധക സാന്നിധ്യത്തിലായിരുന്നു ടൂർണമെന്റിന് തുടക്കം കുറിച്ചത്. ശനിയാഴ്ച നടന്ന ഇന്ത്യ - ആസ്ട്രേലിയ മത്സരത്തിലും ആരാധക സാന്നിധ്യം പ്രശംസ നേടി. മലയാളികളടങ്ങിയ ഇന്ത്യൻ ആരാധകരാൽ നിറഞ്ഞ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ 36,000ത്തിലേറെ പേരാണ് കളി കാണാനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.