30 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ കൂടി
text_fieldsദോഹ: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇലക്ട്രിക് വാഹനങ്ങൾക്കുള്ള 30 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളുടെ നിർമാണം കഹ്റമ (ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ) പൂർത്തിയാക്കി.
2021 ആദ്യ പകുതിയോടെ 30 ഫാസ്റ്റ് ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷനുകളുടെ നിർമാണം പൂർത്തിയാക്കിയതായും 2025ഓടെ ചാർജ് സ്റ്റേഷനുകളുടെ എണ്ണം 600 മുതൽ 1000 ആക്കുകയാണ് ലക്ഷ്യമെന്നും കഹ്റമ സസ്റ്റെയിനബിൾ ട്രാൻസ്പോർട്ടേഷൻ യൂനിറ്റ് തലവൻ മുഹമ്മദ് അൽ ശർഷാനി പറഞ്ഞു. ഫാസ്റ്റ് ചാർജിങ് സ്റ്റേഷനിലൂടെ ഒരു കാർ ചാർജ് ചെയ്യാൻ ഒരു മണിക്കൂറിലധികം വേണ്ടിവരില്ലെന്നും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ മുഹമ്മദ് അൽ ശർഷാനി വ്യക്തമാക്കി.
രണ്ട് തരം ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷനുകളാണ് രാജ്യത്തുള്ളത്. സ്വകാര്യ വാഹനങ്ങളുടെ ഉടമസ്ഥർക്കായി റെസിഡൻഷ്യൽ ഏരിയകളിൽ എ.സി സ്റ്റേഷനുകളാണുള്ളത്. ഒരു വാഹനം ചാർജ് ചെയ്യുന്നതിന് ഇവിടെ ആറ് മുതൽ ഏഴ് മണിക്കൂർ വരെയെടുക്കുന്നു.
മറ്റൊന്ന്, കഹ്റമ സ്ഥാപിച്ച ഡി.സി ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ. വാഹനത്തിന്‍റെ തരവും ബാറ്ററി ബാക്കപ്പും ചാർജിങ് ലെവലുമനുസരിച്ച് 30 മുതൽ 40 മിനിറ്റ് വരെ മാത്രമേ ഡി.സി സ്റ്റേഷനുകളിൽ ചാർജ് ചെയ്യാനെടുക്കുന്ന സമയം -അൽ ശർഷാനി വിശദീകരിച്ചു.
നാഷനൽ സ്ട്രാറ്റജി ഫോർ ചാർജിങ് സ്റ്റേഷൻസ് ഫോർ ഇലക്ട്രിക് ആൻഡ് ഹൈബ്രിഡ് വെഹിക്കിൾസ് സ്റ്റിയറിങ് കമ്മിറ്റിയുമായി സഹകരിച്ചാണ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. ഗതാഗത മന്ത്രാലയം, ട്രാഫിക് ജനറൽ ഡയറക്ടറേറ്റ്, പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ, കഹ്റമ തുടങ്ങിയവയിൽ നിന്നുള്ള അംഗങ്ങൾ ചേർന്നതാണ് സ്റ്റിയറിങ് കമ്മിറ്റിയെന്നും ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുകയും നയ രൂപവത്കരണവുമാണ് കമ്മിറ്റി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള സ്റ്റേഷനുകൾ സ്ഥാപിക്കാൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഇലക്ട്രിക് സേവനം കഹ്റമ ഈ വർഷം ഏപ്രിലിൽ ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.